ഇഅ്തികാഫ് ഇരിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം എത്രയാണ് എന്നതിൽ പണ്ഡിതന്മാർക്ക് വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഒരു ദിവസമാണെന്നും, ഒരു പകലും ഒരു രാത്രിയുമാണെന്നും, പത്തു ദിവസമാണെന്നും പറഞ്ഞവരുണ്ട്. ഒരു ദിവസത്തിന്റെ കുറച്ച് സമയം വരെ ഇഅ്തികാഫ് ഇരിക്കാം എന്ന് അഭിപ്രായപ്പെട്ടവരാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും.

പത്ത് ദിവസമെങ്കിലും ചുരുങ്ങിയത് ഇഅ്തികാഫ് ഇരിക്കണമെന്ന് പറഞ്ഞവർ നബി -ﷺ- അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്ന ഹദീഥുകളാണ് തെളിവാക്കിയത്. എന്നാൽ അതിൽ നിന്ന് പത്തു ദിവസം ചുരുങ്ങിയത് ഇരിക്കണമെന്ന് മനസ്സിലാക്കാൻ കഴിയില്ല. കാരണം നബി -ﷺ- ഇരുപത് ദിവസം ഇഅ്തികാഫ് ഇരുന്ന സംഭവവും സ്ഥിരപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് ഇഅ്തികാഫിന്റെ ചുരുങ്ങിയ സമയം ഇരുപതാണെന്ന് മനസ്സിലാക്കാൻ കഴിയില്ലെന്ന പോലെ, പത്തു ദിവസം ഇഅ്തികാഫ് ഇരുന്ന സംഭവത്തിൽ നിന്ന് അതാണ് ചുരുങ്ങിയ സമയമെന്നും മനസ്സിലാക്കാൻ കഴിയില്ല.

ഇഅ്തികാഫിന് ഒരു നിശ്ചിത സമയം നിശ്ചയിക്കുക എന്നതിന് പ്രത്യേകം തെളിവ് ഇല്ല. വലിയൊരു വിഭാഗം പണ്ഡിതന്മാർ അതു കൊണ്ട് എത്ര ചെറിയ സമയം മസ്ജിദിൽ കഴിച്ചു കൂട്ടിയാലും അപ്പോഴെല്ലാം ഇഅ്തികാഫ് നിയ്യത്ത് വെക്കാം എന്ന് അഭിപ്രായപ്പെട്ടതായി കാണാം. ഇമാം അബൂ ഹനീഫ, ശാഫിഈ, അഹ്മദ് തുടങ്ങിയവരുടെ മദ്‌ഹബിലെ അഭിപ്രായം അപ്രകാരമാണ്. ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഫൗസാൻ തുടങ്ങിയവരുടെ അഭിപ്രായം അപ്രകാരമാണ്.

ഈ പറഞ്ഞ അഭിപ്രായങ്ങളിൽ ശരിയോട് അടുത്തു നിൽക്കുന്നതായി മനസ്സിലാകുന്നത് ചുരുങ്ങിയത് ഒരു പകലോ ഒരു രാത്രിയോ, അതല്ലെങ്കിൽ അവയുടെ ബഹുഭൂരിപക്ഷം നേരമോ മസ്ജിദിൽ കഴിച്ചു കൂട്ടണമെന്നാണ്. കാരണം നബി -ﷺ- യും സ്വഹാബികളും മിക്ക ദിവസങ്ങളിലും കുറച്ചു നേരം മസ്ജിദിൽ കഴിച്ചു കൂട്ടുകയും, നിസ്കാരങ്ങൾക്കായി മസ്ജിദിൽ പ്രവേശിക്കുകയും നിസ്കാരം കാത്തിരിക്കുകയും നിസ്കാര ശേഷം ദിക്റുകളുമായി മാറിയിരിക്കുകയും ചെയ്യാറുണ്ടായിരുന്നെങ്കിലും അവരാരും ഈ ചെറിയ ഇടവേളകളിൽ എല്ലാം ഇഅ്തികാഫ് ഉദ്ദേശിച്ചിരുന്നതായി സ്ഥിരപ്പെട്ടു കാണുന്നില്ല. സ്വഹാബികളാകട്ടെ ഖുതുബ കേൾക്കുന്നതിനും ഇല്മ് പഠിക്കുന്നതിനും നിസ്കാരം കാത്തിരിക്കുന്ന വേളയിലുമെല്ലാം മസ്ജിദിൽ കഴിച്ചു കൂട്ടാറുണ്ടായിരുന്നു താനും. അപ്പോൾ അവർ ഇഅ്തികാഫ് ഉദ്ദേശിക്കാറുണ്ടായിരുന്നു എന്നും സ്ഥിരപ്പെട്ടു കാണുന്നില്ല. അതിനാൽ തീർത്തും ചെറിയ ഇടവേളകൾക്ക് ഇഅ്തികാഫ് നിയ്യത്ത് വെക്കുന്നത് ശരിയല്ല എന്നാണ് മനസ്സിലാകുന്നത്. ശൈഖ് ഇബ്‌നു ഉസൈമീൻ -رَحِمَهُ اللَّهُ- യുടെ അഭിപ്രായമായി മനസ്സിലാകുന്നത് അതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment