റമദാനിന്റെ പകലിൽ ഒന്നിലധികം തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുക എന്നത് രണ്ട് വിധത്തിൽ വേർതിരിക്കാം.
ഒന്ന്: റമദാനിലെ ഒരൊറ്റ പകലിൽ ഒന്നിലധികം തവണ ലൈംഗികബന്ധത്തിൽ ഏർപ്പെടുക. ഇത് രണ്ട് തരത്തിൽ സംഭവിക്കാം.
1- റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും, അതിനുള്ള കഫാറത് നൽകുന്നതിന് മുൻപ് വീണ്ടും ബന്ധപ്പെടുകയും ചെയ്യുക. ഇങ്ങനെയാണ് സംഭവിച്ചതെങ്കിൽ അയാൾ ഒരടിമയെ മോചിപ്പിക്കുകയോ, അതിന് കഴിയില്ലെങ്കിൽ രണ്ട് മാസം തുടർച്ചയായി നോമ്പ് അനുഷ്ഠിക്കുകയോ, അതിനും കഴിയില്ലെങ്കിൽ അറുപത് ദരിദ്രർക്ക് ഭക്ഷണം നൽകുകയോ ചെയ്യുക.
2- റമദാനിന്റെ പകലിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും, അതിനുള്ള കഫാറത് -ഉദാഹരണത്തിന് അടിമയെ മോചിപ്പിക്കൽ- നൽകുകയും ചെയ്തതിന് ശേഷം അന്നേ ദിവസം പകൽ അവസാനിക്കുന്നതിന് മുൻപ് വീണ്ടും ലൈംഗികബന്ധത്തിൽ ഏർപ്പെടുക. ഇങ്ങനെ ചെയ്താൽ അയാൾ വീണ്ടും കഫാറത് നൽകണം. (ഫതാവല്ലജ്ന: 10/221)
രണ്ട്: റമദാനിലെ വ്യത്യസ്ത പകലുകളിൽ ലൈംഗികബന്ധത്തിൽ ഏർപ്പെടുക. ഉദാഹരണത്തിന് റമദാൻ ഒന്നിനും രണ്ടിനും അപ്രകാരം ഒരാൾക്ക് സംഭവിച്ചു എന്ന് കരുതുക. എങ്കിൽ -ശരിയായ അഭിപ്രായപ്രകാരം- രണ്ട് കഫാറത്തുകൾ അയാൾ നൽകേണ്ടതാണ്. നഷ്ടപ്പെട്ട ഈ രണ്ട് നോമ്പുകൾക്ക് പകരമായി രണ്ട് അടിമയെ മോചിപ്പിക്കുകയോ, അതിന് സാധിക്കില്ലെങ്കിൽ രണ്ട് തവണകളിലായി അറുപത് ദിവസം നോമ്പെടുക്കുകയോ -മൊത്തം 120 നോമ്പുകൾ വരുന്ന തരത്തിൽ-, അതിനും കഴിയില്ലെങ്കിൽ 120 ദരിദ്രർക്ക് ഭക്ഷണം നൽകുകയോ ചെയ്യുക. കാരണം ഇവിടെ അയാൾ നശിപ്പിച്ചത് രണ്ട് വ്യത്യസ്ത ഇബാദതുകളാണ്. അവയ്ക്കോരോന്നിനും പകരമായി അയാൾ കഫാറത് നൽകേണ്ടതുണ്ട്.