യാത്രക്കിടെ നോമ്പ് എടുക്കുന്നത് കഠിനമായ പ്രയാസം സൃഷ്ടിക്കുകയും, സഹിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയും ചെയ്യുമെങ്കില്‍ നോമ്പ് ഉപേക്ഷിക്കല്‍ നിര്‍ബന്ധമാണ്‌. അത്തരം വേളകളില്‍ നോമ്പ് നോല്‍ക്കുക എന്നത് നിഷിദ്ധവുമാണ്. കാരണം സ്വന്തം ശരീരത്തെ നശിപ്പിക്കുക എന്നത് അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ ശക്തമായി വിലക്കിയിട്ടുണ്ട്.

അല്ലാഹു -تَعَالَى- പറഞ്ഞിരിക്കുന്നു:

وَلَا تَقْتُلُوا أَنفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا ﴿٢٩﴾

“നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്‌. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു.” (നിസാഅ്: 29)

അല്ലാഹു നോമ്പ് തുറക്കാന്‍ അനുവാദം നല്‍കിയിട്ടും അത് സ്വീകരിക്കാതെ നോമ്പെടുക്കുകയും, സ്വന്തം ശരീരത്തെ ഉപദ്രവിക്കുകയും ചെയ്യുക എന്നത് തെറ്റാണ്.

أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ

“എണ്ണപ്പെട്ട ഏതാനും ദിവസങ്ങളില്‍ മാത്രം. നിങ്ങളിലാരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ മറ്റു ദിവസങ്ങളില്‍ നിന്ന് അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.)” (ബഖറ: 184)

അല്ലാഹു -تَعَالَى- പറഞ്ഞു:

فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ

“അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്‌. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്‌.) നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല.” (ബഖറ: 185)

നബി -ﷺ- പറഞ്ഞു:

«إِنَّ اللَّهَ يُحِبُّ أَنْ تُؤْتَى رُخَصُهُ كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ»

“തീര്‍ച്ചയായും അല്ലാഹു -تَعَالَى- അവന്റെ നിരോധങ്ങള്‍ (ഹറാമുകള്‍) പ്രവര്‍ത്തിക്കപ്പെടുന്നത് വെറുക്കുന്നത് പോലെ, അവന്റെ ഇളവുകള്‍ സ്വീകരിക്കപ്പെടുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു.” (അഹമദ്: 2/108)

നോമ്പ് അവന് പ്രയാസമുണ്ടാക്കുമെങ്കിലും അത് സഹിക്കാന്‍ കഴിയുന്ന തരം ബുദ്ധിമുട്ടുകളാണ്. നോമ്പ് ഒഴിവാക്കിയിരുന്നെങ്കില്‍ അവന് യാത്ര കുറച്ചു കൂടെ സുഖകരമാകുമായിരുന്നു. ഈ അവസ്ഥയില്‍ നോമ്പ് ഒഴിവാക്കല്‍ അവന് മുസ്തഹബ്ബാണ് (നല്ലത്). നോമ്പ് എടുക്കുക എന്നതാകട്ടെ; മക്റൂഹും (വെറുക്കപ്പെട്ടത്). നബി -ﷺ- ഇത്തരം അവസ്ഥയില്‍ നോമ്പെടുക്കുന്നത് ഒരു പുണ്യമല്ലെന്ന് അവിടുത്തെ ഹദീസില്‍ വിശദമാക്കിയിട്ടുണ്ട്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment