നോമ്പ് തുറക്കുക എന്നതും അതിന് ധൃതി കൂട്ടുക എന്നതും സുന്നത്താണ്. നോമ്പ് തുറയുടെ ശ്രേഷ്ഠത വ്യക്തമാക്കുന്നതും, അത് ഒഴിവാക്കുന്നതില്‍ നിന്ന് തടഞ്ഞു കൊണ്ടുമുള്ള അനേകം ഹദീഥുകള്‍ കാണാന്‍ സാധിക്കും. രണ്ടും മൂന്നും ദിവസം തുടര്‍ച്ചയായി നോമ്പ് മുറിക്കാതെ അനുഷ്ഠിക്കുന്ന ഈ സമ്പ്രദായത്തിന് വിസ്വാല്‍ എന്നാണ് പറയുക.

عَنْ عَبْدِ اللَّهِ -ؓ-: أَنَّ النَّبِيَّ -ﷺ- وَاصَلَ، فَوَاصَلَ النَّاسُ، فَشَقَّ عَلَيْهِمْ فَنَهَاهُمْ، قَالُوا: إِنَّكَ تُوَاصِلُ، قَالَ: «لَسْتُ كَهَيْئَتِكُمْ إِنِّي أَظَلُّ أُطْعَمُ وَأُسْقَى»

അബ്ദുല്ലാഹിബ്നു മസ്ഊദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഒരിക്കല്‍ വിസ്വാല്‍ ആരംഭിച്ചു. അപ്പോള്‍ ജനങ്ങളും അപ്രകാരം ചെയ്തു. എന്നാല്‍ ജനങ്ങള്‍ക്ക് അത് പ്രയാസമായി അനുഭവപ്പെട്ടപ്പോള്‍ നബി -ﷺ- അവരോട് അത് വിരോധിച്ചു. അപ്പോള്‍ അവര്‍ ചോദിച്ചു: ” റസൂലേ! അങ്ങ് വിസ്വാല്‍ ചെയ്യുന്നുണ്ടല്ലോ” അപ്പോള്‍ നബി -ﷺ- പറഞ്ഞു: “ഞാന്‍ നിങ്ങളെ പോലെയല്ല. എനിക്ക് ഭക്ഷണവും പാനീയങ്ങളും നല്‍കപ്പെടുന്നുണ്ട്.” (ബുഖാരി:1964, മുസ്‌ലിം:1105)

നബി -ﷺ- ഇവിടെ സൂചിപ്പിച്ച ഭക്ഷണ-പാനീയങ്ങള്‍ കൊണ്ടുള്ള ഉദ്ദേശം എന്താണെന്നതില്‍ പണ്ഡിതന്മാര്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങളുണ്ട്.

1- ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ടി കഴിക്കുന്ന ശരിയായ ഭക്ഷണ-പാനീയങ്ങള്‍ തന്നെയാണ് ഉദ്ദേശം.

2- നബി-ﷺ-ക്ക് അല്ലാഹുവിനോടുള്ള അവിടുത്തെ സാമീപ്യത്തില്‍ നിന്നും, അല്ലാഹുവിനോടുള്ള രഹസ്യസംഭാഷണത്തിലൂടെ (നമസ്കാരം) ലഭിക്കുന്ന അനുഭൂതിയും കണ്‍കുളിര്‍മയുമെല്ലാമാണ് ഉദ്ദേശം. അത് ഒരാള്‍ക്ക് ലഭിച്ചു കഴിഞ്ഞാല്‍ ശരീരത്തെ നിലനിര്‍ത്തുന്ന ഭക്ഷണം വരെ കുറച്ച് ദിവസങ്ങള്‍ക്ക് അയാളെ അലട്ടുകയില്ല. ഈ അഭിപ്രായത്തിനാണ് ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- മുന്‍ഗണന നല്‍കിയിട്ടുള്ളത്. (സാദുല്‍ മആദ്:2/33-44)

عَنْ أَنَسٍ -رَضِيَ اللَّهُ عَنْهُ-، قَالَ: وَاصَلَ رَسُولُ اللهِ -ﷺ- فِي أَوَّلِ شَهْرِ رَمَضَانَ، فَوَاصَلَ نَاسٌ مِنَ الْمُسْلِمِينَ، فَبَلَغَهُ ذَلِكَ، فَقَالَ: «لَوْ مُدَّ لَنَا الشَّهْرُ لَوَاصَلْنَا وِصَالًا، يَدَعُ الْمُتَعَمِّقُونَ تَعَمُّقَهُمْ، إِنَّكُمْ لَسْتُمْ مِثْلِي، – أَوْ قَالَ – إِنِّي لَسْتُ مِثْلَكُمْ، إِنِّي أَظَلُّ يُطْعِمُنِي رَبِّي وَيَسْقِينِي»

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- റമദാനിന്റെ ആദ്യത്തില്‍ ‘വിസ്വാല്‍’ ആരംഭിച്ചു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട ചിലരും അപ്രകാരം ചെയ്തു. ഇക്കാര്യം അറിഞ്ഞപ്പോള്‍ അവിടുന്ന് പറഞ്ഞു: “ഈ മാസം നമുക്ക് നീട്ടിക്കിട്ടുകയായിരുന്നെങ്കില്‍ മതത്തില്‍ അതിര് കവിയുന്നവര്‍ ഇപ്രകാരം ചെയ്യുന്നത് ഒഴിവാക്കുന്നത് വരെ നാം ‘വിസ്വാല്‍’ ചെയ്യുമായിരുന്നു. നിങ്ങള്‍ എന്നെപ്പോലെയല്ല. എന്റെ രക്ഷിതാവ് എനിക്ക് ഭക്ഷണ-പാനീയങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.” (മുസ്‌ലിം: 1104)

عَنْ أَبِي هُرَيْرَةَ قَالَ: نَهَى رَسُولُ اللهِ -ﷺ- عَنِ الْوِصَالِ، فَقَالَ رَجُلٌ مِنَ الْمُسْلِمِينَ: فَإِنَّكَ يَا رَسُولَ اللهِ تُوَاصِلُ، قَالَ رَسُولُ اللهِ -ﷺ- : «وَأَيُّكُمْ مِثْلِي؟ إِنِّي أَبِيتُ يُطْعِمُنِي رَبِّي وَيَسْقِينِي» فَلَمَّا أَبَوْا أَنْ يَنْتَهُوا عَنِ الْوِصَالِ وَاصَلَ بِهِمْ يَوْمًا، ثُمَّ يَوْمًا، ثُمَّ رَأَوُا الْهِلَالَ، فَقَالَ: «لَوْ تَأَخَّرَ الْهِلَالُ لَزِدْتُكُمْ» كَالْمُنَكِّلِ لَهُمْ حِينَ أَبَوْا أَنْ يَنْتَهُوا.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ‘വിസ്വാല്‍’ നിരോധിച്ചു. അപ്പോള്‍ മുസ്‌ലിംകളില്‍ പെട്ട ഒരു വ്യക്തി പറഞ്ഞു: ” നബിയേ! അങ്ങ് വിസ്വാല്‍ ചെയ്യുന്നുണ്ടല്ലോ?” അവിടുന്ന് -ﷺ- പറഞ്ഞു: “നിങ്ങളിലാരാണ് എന്നെപ്പോലെയുള്ളത്? എന്റെ റബ്ബ് എന്നെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തിട്ടല്ലാതെ ഞാന്‍ രാത്രി പിന്നിടുന്നില്ല.”

എന്നാല്‍ പിന്നീടും വിസ്വാല്‍ നടത്തുന്നതില്‍ നിന്ന് പിന്മാറാന്‍ അവര്‍ വിസമ്മതിച്ചപ്പോള്‍ നബി -ﷺ- രണ്ട് ദിവസത്തോളം അവര്‍ക്കൊപ്പം വിസ്വാല്‍ നടത്തി. പിന്നീട് (പെരുന്നാളിന്റെ) മാസം കണ്ടപ്പോള്‍ അവിടുന്ന് പറഞ്ഞു: “മാസം കാണുന്നത് ഇനിയും വൈകിയിരുന്നെങ്കില്‍ നാം ഇനിയും വര്‍ദ്ധിപ്പിച്ചേനേ.” അവര്‍ (വിസ്വാല്‍) അവസാനിപ്പിക്കുന്നതിന് വിസമ്മതം പ്രകടിപ്പിച്ചതിന് നബി -ﷺ- താക്കീത് നല്‍കുകയായിരുന്നു ഇതിലൂടെ. (ബുഖാരി:1965, മുസ്‌ലിം:1103)

ഈ ഹദീഥുകളും, നോമ്പ് തുറയുടെ വിഷയത്തില്‍ വന്ന മറ്റു ധാരാളം ഹദീഥുകളും വിസ്വാലിനോടുള്ള നബി-ﷺ-യുടെ വെറുപ്പും, നോമ്പ് തുറക്കാനുള്ള അവിടുത്തെ ശക്തമായ പ്രേരണകളും വ്യക്തമാക്കി നല്‍കുന്നുണ്ട്. ചുരുക്കത്തില്‍ നോമ്പ് തുറക്കാതെ നീട്ടി കൊണ്ടു പോകുന്നത് നബി -ﷺ- വിലക്കിയ കാര്യങ്ങളില്‍ ഒന്നാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment