വ്യത്യസ്ത അഭിപ്രായങ്ങള്‍ ഈ വിഷയത്തില്‍ പണ്ഡിതന്മാര്‍ക്കുണ്ട്. അവ ഓരോന്നായി ചര്‍ച്ച ചെയ്യുക എന്നത് ഈ സന്ദര്‍ഭത്തില്‍ അനുയോജ്യമല്ല. എങ്കിലും ശൈഖ് ഇബ്‌നു ബാസ് -رَحِمَهُ اللَّهُ- പറഞ്ഞ അഭിപ്രായം കൂടുതല്‍ ശരിയോട് അടുത്തു നില്‍ക്കുന്നതായി മനസ്സിലാക്കുന്നു.

അദ്ദേഹം പറഞ്ഞു: “യാത്രയെന്നു പൊതുവേ കണക്കാക്കപ്പെടുന്നവ യാത്രയാണ്… കാരണം അവക്ക് യാത്രാ വിഭവങ്ങള്‍ ഒരുക്കേണ്ടി വരും. പൊതുവേ യാത്രയായി (ജനങ്ങള്‍ക്കിടയില്‍) പരിഗണിക്കപ്പെടാത്തവ യാത്രയുമല്ല. എന്നാല്‍ ബഹുഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായ പ്രകാരം യാത്രയെന്നാല്‍ ഏതാണ്ട് എഴുപതോ എണ്‍പതോ കിലോമീറ്റര്‍ ദൂരമുള്ള യാത്രകളാണ്. ഈ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുകയാണെങ്കില്‍ അതാണ്‌ കൂടുതല്‍ നല്ലത്. കാരണം ജനങ്ങള്‍ ഈ വിഷയത്തില്‍ തീര്‍ത്തും അലസത കാണിക്കാതിരിക്കാന്‍ നല്ലത് അതാണ്‌.” (അസ്സ്വിയാമു ഫില്‍ ഇസ്‌ലാം എന്ന ഗ്രന്ഥത്തില്‍ സഈദ് അല്‍-ഖഹ്ത്വാനി നല്‍കിയത്: 131 – ആശയവിവര്‍ത്തനം)

ചുരുക്കത്തില്‍, നീ നിന്റെ നാട്ടില്‍ നിന്ന് എങ്ങോട്ടെങ്കിലും പോകുന്നെങ്കില്‍ അത്രയും ദൂരത്തേക്കുള്ള നിന്റെ ഈ സഞ്ചാരം പൊതുവെ ജനങ്ങള്‍ യാത്രയെന്ന് വിശേഷിപ്പിക്കുമോ എന്ന് ചിന്തിക്കുക. അങ്ങനെയാണെങ്കില്‍ നിനക്ക് അത് യാത്രയായി പരിഗണിക്കാം. ഇല്ലെങ്കില്‍ അത് യാത്രയില്‍ പെടുകയില്ല. ഇനി ഈ വിഷയത്തില്‍ നിനക്ക് വല്ല സംശയമോ ആശയക്കുഴപ്പമോ ഉണ്ടാകുന്നെങ്കില്‍ -മേലെ പറഞ്ഞ പോലെ- വലിയൊരു വിഭാഗം പണ്ഡിതന്മാര്‍ സ്വീകരിച്ച അഭിപ്രായം -എണ്‍പത് കിലോമീറ്ററില്‍ കൂടുതല്‍- ഉള്ള സഞ്ചാരം നിന്റെ യാത്രക്ക് ഉണ്ടെങ്കില്‍ അത് യാത്രയായി പരിഗണിക്കുക. അതില്‍ താഴെയുള്ളത് യാത്രയല്ലാതെയും.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment