ചിലര്‍ക്ക് നിലവില്‍ രോഗമില്ലെങ്കിലും നോമ്പ് എടുത്താല്‍ രോഗം ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞേക്കാം. വിശ്വസ്തനായ ഒരു ഡോക്ടര്‍ നോമ്പ് എടുത്താല്‍ രോഗം ഉണ്ടാകും എന്ന് സാക്ഷ്യപ്പെടുത്തിയാല്‍ അയാള്‍ക്ക് നോമ്പ് ഒഴിവാക്കാന്‍ അനുവാദമുണ്ട്. കാരണം നോമ്പെടുക്കുന്നത് രോഗം വര്‍ദ്ധിപ്പിക്കുമെങ്കില്‍ അത് ഒഴിവാക്കാന്‍ അനുവാദമുണ്ട് എന്നത് പോലെ തന്നെയാണ് നോമ്പ് എടുക്കുന്നത് രോഗം വരുത്തുമെന്നതിനാല്‍ ഒഴിവാക്കുന്നതും. പിന്നീട് ഈ അവസ്ഥ മാറുമെന്ന് പ്രതീക്ഷയുണ്ടെങ്കില്‍, അപ്പോള്‍ നഷ്ടപ്പെട്ട നോമ്പുകള്‍ അയാള്‍ നോറ്റ് വീട്ടണം. ഒരിക്കലും ഈ അവസ്ഥയില്‍ നിന്ന് മാറുമെന്ന പ്രതീക്ഷയില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെങ്കില്‍ അയാള്‍ നഷ്ടപ്പെട്ട ഓരോ നോമ്പുകള്‍ക്കും പകരമായി ഫിദ്–യ നല്‍കണം.