നോമ്പ് നോല്ക്കുക എന്നത് പ്രയാസമുണ്ടാക്കുന്ന, എങ്കിലും ശരീരത്തിന് ഉപദ്രവമുണ്ടാക്കാത്ത രോഗങ്ങള്‍ ബാധിച്ചവര്‍ നോമ്പ് മുറിക്കുകയാണ് വേണ്ടത്. ഉദാഹരണത്തിന്; ചെറിയ പനി, വയറിന് ബാധിക്കുന്ന ചില അസുഖങ്ങള്‍. ഇത്തരം സന്ദര്‍ഭത്തില്‍ പ്രയാസത്തോട് കൂടിയേ അവന് നോമ്പ് അനുഷ്ഠിക്കാന്‍ കഴിയൂ. എങ്കിലും ശരീരത്തിന് അത് ഉപദ്രവമുണ്ടാക്കുകയില്ല. നോമ്പ് എടുത്തു എന്നത് കൊണ്ട് അവന്റെ ആരോഗ്യ സ്ഥിതി വഷളാവുകയോ, രോഗശമനം വൈകുകയോ ഒന്നുമില്ല.
ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രയാസത്തോട് കൂടി നോമ്പ് അനുഷ്ഠിക്കല്‍ അവനെ സംബന്ധിച്ചിടത്തോളം മക്റൂഹ് (വെറുക്കപ്പെട്ടത്) ആണ്. കാരണം അല്ലാഹു -تَعَالَى- നല്കിയ ഇളവിനെ അവഗണിക്കലാണ് അത്. സ്വന്തം ശരീരത്തെ ആവശ്യമില്ലാതെ പ്രയാസപ്പെടുത്തുക എന്നതും അതിലൂടെ സംഭവിക്കുന്നു. നബി -ﷺ- പറഞ്ഞു:
«إِنَّ اللَّهَ يُحِبُّ أَنْ تُؤْتَى رُخَصُهُ كَمَا يَكْرَهُ أَنْ تُؤْتَى مَعْصِيَتُهُ»
“തീര്‍ച്ചയായും അല്ലാഹു -تَعَالَى- അവന്റെ നിരോധങ്ങള്‍ (ഹറാമുകള്‍) പ്രവര്‍ത്തിക്കപ്പെടുന്നത് വെറുക്കുന്നത് പോലെ, അവന്റെ ഇളവുകള്‍ സ്വീകരിക്കപ്പെടുന്നത് ഇഷ്ടപ്പെടുകയും ചെയ്യുന്നു.” (അഹമദ്: 2/108)