സമയാമായാല്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുക എന്നത് നബി -ﷺ- യുടെ സുന്നത്തില്‍ പെട്ട കാര്യമാണ്. ഈ വിഷയത്തില്‍ ധാരാളം ഹദീസുകള്‍ വന്നിട്ടുമുണ്ട്.
عَنْ سَهْلِ بْنِ سَعْدٍ، أَنَّ رَسُولَ اللَّهِ -ﷺ- قَالَ : «لَا يَزَالُ النَّاسُ بِخَيْرٍ مَا عَجَّلُوا الفِطْرَ»
സഹ്ല് ബ്ന് സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം ജനങ്ങള്‍ നന്മയിലായിരിക്കും.” (ബുഖാരി:1957, മുസ്ലിം:1098)
عَنْ أَبِى هُرَيْرَةَ عَنِ النَّبِىِّ -ﷺ- قَالَ « لاَ يَزَالُ الدِّينُ ظَاهِرًا مَا عَجَّلَ النَّاسُ الْفِطْرَ لأَنَّ الْيَهُودَ وَالنَّصَارَى يُؤَخِّرُونَ »
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “ജനങ്ങള്‍ നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നിടത്തോളം കാലം മതം (ഇസ്ലാം) വിജയിച്ചു കൊണ്ടേയിരിക്കും. കാരണം യഹൂദ നസ്വാറാക്കള്‍ നോമ്പ് തുറ വൈകിപ്പിക്കുന്നവരാണ്.” (അബൂദാവൂദ്:2353, അല്‍ബാനി ഹസന് എന്ന് വിലയിരുത്തി.)
عَنْ أَبِي عَطِيَّةَ، قَالَ: دَخَلْتُ أَنَا وَمَسْرُوقٌ، عَلَى عَائِشَةَ فَقُلْنَا: يَا أُمَّ الْمُؤْمِنِينَ، رَجُلَانِ مِنْ أَصْحَابِ مُحَمَّدٍ -ﷺ-، أَحَدُهُمَا يُعَجِّلُ الْإِفْطَارَ وَيُعَجِّلُ الصَّلَاةَ، وَالْآخَرُ يُؤَخِّرُ الْإِفْطَارَ وَيُؤَخِّرُ الصَّلَاةَ، قَالَتْ: أَيُّهُمَا الَّذِي يُعَجِّلُ الْإِفْطَارَ وَيُعَجِّلُ الصَّلَاةَ؟ قَالَ: قُلْنَا عَبْدُ اللهِ يَعْنِي ابْنَ مَسْعُودٍ قَالَتْ: «كَذَلِكَ كَانَ يَصْنَعُ رَسُولُ اللهِ -ﷺ-»
അബൂ അത്വിയ്യ പറയുന്നു: ഞാനും മസ്റൂഖും ആയിശ-رَضِيَ اللَّهُ عَنهَا-യുടെ അടുക്കല്‍ ചെന്നു. ഞങ്ങള്‍ ചോദിച്ചു: “സത്യവിശ്വാസികളുടെ മാതാവേ! നബി-ﷺ-യുടെ സ്വഹാബികളില്‍ പെട്ട ഒരാള്‍ നോമ്പ് തുറക്കാനും, നമസ്കാരം നിര്‍വ്വഹിക്കാനും ധൃതി കൂട്ടുന്നു. മറ്റൊരാളാകട്ടെ നോമ്പ് തുറയും, നമസ്കാരവും വൈകിപ്പിക്കുന്നു.
(മറ്റൊരു നിവേദനത്തില്‍: നബി-ﷺ-യുടെ സ്വഹാബിമാരില്‍ പെട്ട രണ്ടു പേര്. രണ്ടു പേരും നന്മകളില് കുറവ് വരുത്തുന്നവരല്ല. ഒരാള്‍ മഗ്രിബ് നമസ്കാരത്തിനും, നോമ്പ് തുറക്കും ധൃതി കൂട്ടുന്നു. മറ്റൊരാള്‍ മഗ്രിബ് നമസ്കാരവും നോമ്പ് തുറയും വൈകിപ്പിക്കുന്നു.)”
ആയിശ -رَضِيَ اللَّهُ عَنهَا- പറഞ്ഞു: “രണ്ടു പേരില്‍ ആരാണ് നോമ്പ് തുറക്കും, നിസ്കാരത്തിനും ധൃതി കൂട്ടുന്നത്?” ഞങ്ങള്‍ പറഞ്ഞു: “അബ്ദുല്ലാഹിബ്നു മസ്ഈദാണ്.” ആയിശ -رَضِيَ اللَّهُ عَنْهَا- പറഞ്ഞു: “അങ്ങനെയായിരുന്നു നബി -ﷺ- ചെയ്തിരുന്നത്.” (മുസ്ലിം:1099)
മേലെ നല്കിയ ഹദീസുകളില്‍ നിന്ന് നോമ്പ് തുറയുടെ ശ്രേഷ്ഠതയും, നോമ്പ് തുറ സമയമായാല്‍ പെട്ടെന്ന് തന്നെ നിര്വ്വഹിക്കേണ്ടതിന്റെയും പ്രാധാന്യം അറിയിക്കുന്നു. അല്ല! ഇസ്ലാമിന്റെയും മുസ്ലിമീങ്ങളുടെയും വിജയത്തിന് അത് കാരണമാക്കുമെന്ന നബി -ﷺ- യുടെ വാക്ക് വളരെ ഗൗരവത്തില്‍ നാം ശ്രദ്ധിക്കേണ്ടതാണ്. ബാങ്ക് വിളി കേട്ടാലും നോമ്പ് തുറ വൈകിപ്പിക്കുന്നവരും, ഇന്ന പള്ളിയിലെ ബാങ്ക് കേട്ടാല്‍ മാത്രമേ നോമ്പ് തുറക്കൂ എന്ന് പറയുന്നവരും, ബാങ്കിന്റെ സമയമായാലും ഉറപ്പാകട്ടെ എന്ന് പറഞ്ഞ് വൈകിക്കുന്ന മുഅദ്ദിന്മാരും, നോമ്പ് തുറക്കാന്‍ ധൃതി കൂട്ടുന്നവരെ കളിയാക്കുന്നവരും ഇത്തരം ഹദീഥുകളിലേക്കും, നബി -ﷺ- ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വീകരിച്ച നിലപാടുകളെ സംബന്ധിച്ചും വിലയിരുത്തേണ്ടത് അനിവാര്യമാണ്.