ചോദ്യം: എനിക്ക് 19 വയസ്സുണ്ട്. ലൈംഗികതയെ കുറിച്ചുള്ള ചിന്തകള്‍ എപ്പോഴും എന്റെ മനസ്സിനെ അലട്ടി കൊണ്ടിരിക്കുന്നു. അതിനാല്‍ തന്നെ മാനസികമായി വളരെ പ്രയാസത്തിലാണ് ഞാന്‍. എന്റെ പഠനത്തിലും മറ്റും ശ്രദ്ധിക്കാനും കഴിയുന്നില്ല. വ്യഭിചാരത്തിലേക്ക് ചാഞ്ഞു പോകാന്‍ ശൈത്വാന്‍ എപ്പോഴും എന്നെ പ്രേരിപ്പിച്ചു കൊണ്ടിരിക്കുന്നു.

ഈ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കല്ല്യാണം കഴിക്കാമെന്നു വിചാരിച്ചാല്‍ അതിന് സാധിക്കുന്ന ഒരു സന്ദര്‍ഭത്തിലല്ല ഞാന്‍ ഇപ്പോള്‍ ഉള്ളത്. കാരണം എന്റെ സ്കൂള്‍ പഠനം നടന്നു കൊണ്ടിരിക്കുകയാണ്. ഒന്നോ രണ്ടോ ദിവസം എനിക്ക് ക്ഷമയോടെ നിലകൊള്ളാന്‍ കഴിഞ്ഞേക്കും. എന്നാല്‍ മൂന്നാമതൊരു ദിവസം വരെ ക്ഷമിക്കാന്‍ എനിക്ക് സാധിക്കുന്നില്ല.

ഈ വിഷയത്തില്‍ നിങ്ങള്‍ എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നേരത്തെ പറഞ്ഞതു പോലെ, കല്ല്യാണം കഴിക്കാന്‍ എനിക്ക് കഴിയില്ല. ഈ പ്രശ്നം എന്റെ ശരീരത്തിന്റെ ആരോഗ്യത്തെ വരെ ബാധിച്ചിരിക്കുന്നു. നിസ്കാരത്തിനു നിന്നാല്‍ എത്ര നിസ്കരിച്ചു, എന്താണ് നിസ്കരിച്ചത് എന്നീ കാര്യങ്ങള്‍ വരെ മനസ്സില്‍ നില്‍ക്കുന്നില്ല. കാരണം എപ്പോഴും മനസ്സില്‍ മോശം ചിന്തകളാണ്.


ഉത്തരം: ചോദ്യത്തില്‍ പറഞ്ഞതാണ് താങ്കളുടെ അവസ്ഥയെങ്കില്‍ (നമുക്ക് നിങ്ങളോട് ഉപദേശിക്കാനുള്ളത്) താങ്കള്‍ സാധിക്കാവുന്നത്ര നോമ്പ് നോല്‍ക്കുന്നത് വര്‍ദ്ധിപ്പിക്കണം എന്നാണ്. കാരണം നോമ്പ് നോല്‍ക്കുന്നത് താങ്കളുടെ ശരീരത്തെ പിടിച്ചു നിര്‍ത്താനും, ദേഹേഛയുടെ കാഠിന്യം കുറയ്ക്കാനും, വിശുദ്ധി കാത്തു സൂക്ഷിക്കാനും സഹായിക്കും.

നബി -ﷺ- ഇപ്രകാരം പറഞ്ഞതായി സ്ഥിരപ്പെട്ടിരിക്കുന്നു:

«يَا مَعْشَرَ الشَّبَابِ مَنِ اسْتَطَاعَ مِنْكُمُ البَاءَةَ فَلْيَتَزَوَّجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَنْ لَمْ يَسْتَطِعْ فَعَلَيْهِ بِالصَّوْمِ، فَإِنَّهُ لَهُ وِجَاءٌ»

“അല്ലയോ യുവ സമൂഹമേ! നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവര്‍ വിവാഹം കഴിക്കട്ടെ. തീര്‍ച്ചയായും അത് കണ്ണുകളെ താഴ്ത്തുന്നതും, ഗുഹ്യാവയവങ്ങളെ സൂക്ഷിക്കുന്നതുമാണ്. വിവാഹം സാധിക്കാത്തവരുണ്ടെങ്കില്‍ അവര്‍ നോമ്പ് എടുക്കട്ടെ. അത് അവന് ഒരു പരിചയാണ്,” (ബുഖാരി: 1905, മുസ്‌ലിം: 1400)

ദീന്‍ നിലനിര്‍ത്തുന്നതിന് ഭാവിയില്‍ സാധിക്കുമെങ്കില്‍ വിവാഹം കഴിക്കുകയും ചെയ്യുക. അത് താങ്കളുടെ ഗുഹ്യാവയവങ്ങള്‍ സൂക്ഷിക്കാന്‍ സഹായിക്കും. അല്ലാഹു താങ്കളെ സഹായിക്കുമെന്ന പ്രതീക്ഷയോടെ മുന്നോട്ടു പോവുക.

ലൈംഗിക താല്പര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ശ്രദ്ധിക്കുക. കണ്ണുകള്‍ താഴ്ത്തുകയും, സ്ത്രീകളുമായി കൂടിക്കലരുന്നതില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്യുക. അവരോടൊപ്പം കൂടിയിരിക്കുന്നതും, സംസാരിക്കുന്നതും സാധിക്കാവുന്നത്ര ഒഴിവാക്കുക.

അല്ലാഹു താങ്കള്‍ക്ക് ജീവിത വിശുദ്ധി പ്രധാനം ചെയ്യട്ടെ. ദേഹേഛകളില്‍ നിന്നും, ഫിത്‌നകളില്‍ വഴി തെറ്റി പോകുന്നതില്‍ നിന്നും താങ്കളെ അകറ്റി നിര്‍ത്തുകയും ചെയ്യട്ടെ.

(ലജ്നതുദ്ദാഇമ: 2/7034)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment