ചോദ്യം: എന്റെ പിതാവ് തൃപ്തികരമായ ഒരു കാരണവുമില്ലാതെ വിവാഹത്തിന് തടസ്സം നില്‍ക്കുന്നു. ഭാവിയില്‍ ചിലവു വര്‍ദ്ധിക്കും, ജീവിത ഭാരം വര്‍ദ്ധിക്കും, കുട്ടികള്‍ ധാരാളം ഉണ്ടാകും എന്നിങ്ങനെയുള്ള കാരണങ്ങളാണ് പിതാവ് പറഞ്ഞു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ ഈ വിഷയത്തില്‍ ധിക്കരിക്കുന്നത് അനുവദനീയമാകുമോ?


ഉത്തരം: അതെ! ഒരാള്‍ വിവാഹം ആവശ്യമുള്ള അവസ്ഥയിലായിട്ടും പിതാവ് അതിന് സമ്മതിക്കുന്നില്ലെങ്കില്‍ ആ വിഷയത്തില്‍ അദ്ദേഹത്തെ അനുസരിക്കേണ്ടതില്ല. കാരണം ഒരു മനുഷ്യന്റെ അടിസ്ഥാന ജീവിതാവശ്യങ്ങളില്‍ പെട്ടതാണ് വിവാഹം. അതിലൂടെ അവന് തന്റെ ജീവിത വിശുദ്ധി കാത്തു സൂക്ഷിക്കാനും, (ഹറാമില്‍ നിന്ന്) കണ്ണുകളെ നിയന്ത്രിക്കാനും കഴിയുന്നു.

എന്നാല്‍ ചിലവു വര്‍ദ്ധിക്കും, ഭാര്യയെ നോക്കാന്‍ സമയം ചിലവഴിക്കേണ്ടി വരും എന്നിങ്ങനെയുള്ള ന്യായങ്ങള്‍ പറഞ്ഞു കൊണ്ട് മാതാപിതാക്കള്‍ മക്കളെ വിവാഹത്തില്‍ നിന്ന് തടയുന്നുണ്ടെങ്കില്‍ അതില്‍ അവരെ അനുസരിക്കേണ്ടതില്ല.

മാത്രമല്ല, മക്കളെ വിവാഹത്തില്‍ നിന്ന് തടയാന്‍ പിതാവിനും അനുവാദമില്ല. ഈ വിഷയത്തില്‍ അദ്ദേഹം അല്ലാഹുവിനെ ഭയപ്പെടട്ടെ. താന്‍ യുവാവായിരുന്നപ്പോള്‍ കടന്നു പോയ അവസ്ഥകളെ കുറിച്ചും അദ്ദേഹം ചിന്തിക്കട്ടെ. അയാള്‍ക്ക് വിവാഹം ആവശ്യമായ സന്ദര്‍ഭത്തില്‍ ആരെങ്കിലും അതില്‍ നിന്ന് അദ്ദേഹത്തെ തടഞ്ഞിരുന്നെങ്കിലോ?! അത് ഒരിക്കലും അദ്ദേഹത്തിന് തൃപ്തിപ്പെടാന്‍ കഴിയില്ല. (അതു പോലെ തന്നെയാണ് അദ്ദേഹത്തിന്റെ മക്കളും.)

(ഫതാവാ നൂറുന്‍ അലദ്ദര്‍ബ്: 10/17)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment