മനിയ്യ് നജസല്ല. ശാഫിഈ ഹമ്പലീ മദ്‌ഹബുകളുടെ അഭിപ്രായം ഇപ്രകാരമാണ്. [1] മുൻഗാമികളായ സലഫുകളിൽ പെട്ട അനേകം പേർ ഈ അഭിപ്രായക്കാരാണ്. [2] ഇബ്‌നുൽ മുൻദിർ, ഇബ്‌നു ഹസ്മ്, ഇബ്‌നു തൈമിയ്യ, ഇബ്‌നു ബാസ്, ഇബ്‌നു ഉഥൈമീൻ തുടങ്ങി അനേകം പണ്ഡിതന്മാർ [3] ഈ അഭിപ്രായമാണ് ശരിയായി സ്വീകരിച്ചിട്ടുള്ളത്.

عَنْ عَبْدِ اللهِ بْنِ شِهَابٍ الْخَوْلَانِيِّ قَالَ: كُنْتُ نَازِلًا عَلَى عَائِشَةَ فَاحْتَلَمْتُ فِي ثَوْبَيَّ فَغَمَسْتُهُمَا فِي الْمَاءِ، فَرَأَتْنِي جَارِيَةٌ لِعَائِشَةَ فَأَخْبَرَتْهَا فَبَعَثَتْ إِلَيَّ عَائِشَةُ فَقَالَتْ: مَا حَمَلَكَ عَلَى مَا صَنَعْتَ بِثَوْبَيْكَ؟ قَالَ قُلْتُ: رَأَيْتُ مَا يَرَى النَّائِمُ فِي مَنَامِهِ، قَالَتْ: هَلْ رَأَيْتَ فِيهِمَا شَيْئًا؟ قُلْتُ: لَا، قَالَتْ: فَلَوْ رَأَيْتَ شَيْئًا غَسَلْتَهُ؟ لَقَدْ رَأَيْتُنِي وَإِنِّي لَأَحُكُّهُ مِنْ ثَوْبِ رَسُولِ اللَّهِ -ﷺ- يَابِسًا بِظُفُرِي.

അബ്ദുല്ലാഹി ബ്നു ശിഹാബ് അൽ ഖവ്‌ലാനീ -رَحِمَهُ اللَّهُ- നിവേദനം: ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ അതിഥിയായിരുന്ന വേളയിൽ എനിക്ക് ഉറക്കത്തിൽ -എന്റെ വസ്ത്രത്തിൽ- സ്വപ്നസ്ഖലനം സംഭവിച്ചു. അങ്ങനെ എന്റെ വസ്ത്രങ്ങൾ ഞാൻ വെള്ളത്തിൽ മുക്കിവെച്ചു. ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ കീഴിലുണ്ടായിരുന്ന അടിമസ്ത്രീ ഇത് കണ്ടപ്പോൾ അവരെ ഇക്കാര്യം അറിയിച്ചു.

‘എന്തിനാണ് നിന്റെ വസ്ത്രം നീ ഇപ്രകാരം ചെയ്തിരിക്കുന്നത്’ എന്ന് ചോദിച്ചു കൊണ്ട് ഒരാളെ ആഇശ -رَضِيَ اللَّهُ عَنْهَا- എന്റെയരികിലേക്ക് അയച്ചു. ഞാൻ പറഞ്ഞു: “ഉറക്കത്തിൽ ഒരാൾക്ക് സംഭവിക്കാവുന്നത് എനിക്കും സംഭവിച്ചു.”

അവർ ചോദിച്ചു: “വസ്ത്രങ്ങളിൽ വല്ലതും -അതായത് മനിയ്യ്- നീ കണ്ടുവോ?” ഞാൻ പറഞ്ഞു: “ഇല്ല.” അവർ പറഞ്ഞു: “വസ്ത്രത്തിൽ അങ്ങനെ വല്ലതും കണ്ടിരുന്നെങ്കിൽ നീ അത് കഴുകുമായിരുന്നല്ലേ?” (എങ്കിൽ) നബി -ﷺ- യുടെ വസ്ത്രത്തിൽ നിന്ന് എന്റെ നഖം കൊണ്ട് (മനിയ്യിന്റെ) ഉണങ്ങിയ പാട് ഞാൻ ചുരണ്ടിക്കളയാറുണ്ടായിരുന്നു.” (മുസ്‌ലിം: 290)

മനിയ്യ് നജസല്ല എന്ന് ഈ ഹദീഥിൽ നിന്ന് വ്യക്തമാകുന്നുണ്ട്. കാരണം അത് നജസായിരുന്നെങ്കിൽ വസ്ത്രം കഴുകുന്നത് ആഇശ -رَضِيَ اللَّهُ عَنْهَا- തടയില്ലായിരുന്നു. നബി -ﷺ- യുടെ വസ്ത്രത്തിൽ മനിയ്യിന്റെ അടയാളം കണ്ടപ്പോൾ അവർ അത് ചുരണ്ടിക്കളയുക മാത്രമാണ് ചെയ്തിരുന്നത്; നജസായിരുന്നെങ്കിൽ വെള്ളമൊഴിച്ച് കഴുകുക തന്നെ വേണമായിരുന്നു. (മജ്മൂഉൽ ഫതാവാ: 21/589-590)

عَنْ ابْنِ عَبَّاسٍ أَنَّهُ قَالَ فِي الْمَنِيِّ يُصِيبُ الثَّوْبَ: «أَمِطْهُ عَنْكَ بِعُودٍ، أَوْ إذْخِرَةٍ، وَإِنَّمَا هُوَ بِمَنْزِلَةِ الْبُصَاقِ، أَوْ الْمُخَاطِ»

ഇബ്‌നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- മനിയ്യിനെ കുറിച്ച് പറഞ്ഞതും ഈ വിഷയത്തിലെ തെളിവാണ്. അദ്ദേഹം പറഞ്ഞു: “അത് നിന്റെ മേൽ നിന്ന് തുടച്ചു നീക്കുക. അത് ഉമിനീരിന്റെയും കഫത്തിന്റെയും പോലെയാണ്.” (അൽ ഉമ്മ്/ ഇമാം ശാഫിഈ: 1/73, ബയ്ഹഖി: 4345, ഈ അഥറിന്റെ സനദ് സ്വഹീഹാണെന്ന് ഇബ്‌നു ഹജർ -رَحِمَهُ اللَّهُ- വിലയിരുത്തിയിട്ടുണ്ട്.)

ഇതോടൊപ്പം മനിയ്യ് ശരീരത്തിലോ വസ്ത്രത്തിലോ ആയാൽ കഴുകിക്കളയണമെന്നുള്ള കൽപ്പന നബി -ﷺ- യിൽ നിന്നോ സ്വഹാബത്തിൽ നിന്നോ സ്ഥിരപ്പെട്ടതായി കാണുന്നില്ല. പൊതുവെ എല്ലാവരെയും ബാധിക്കുന്ന ഒരു വിഷയമായിട്ടും ഇപ്രകാരമൊരു കൽപ്പന വന്നിട്ടില്ല എന്നത് മനിയ്യ് നജസല്ല എന്നതിനുള്ള മറ്റൊരു തെളിവാണ് എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. (മജ്മൂഉൽ ഫതാവാ: 21/605)

[1]  الشافعية: ((المجموع)) للنووي (2/553)، وينظر: ((الأم)) للشافعي (1/72).

الحنابلة: ((الفروع)) لابن مفلح (1/335)، وينظر: ((المغني)) لابن قدامة (2/68).

[2]  انظر: الاستذكار لابن عبد البر (1/287)، شرح صحيح مسلم للنووي (3/198)

[3]  ابن المنذر: الإشراف (1/332)

ابن حزم: المحلى (1/134)

ابن تيمية: مجموع الفتاوى (21/588)

ابن باز: مجموع فتاوى ابن باز: (29/104)

ابن عثيمين: الشرح الممتع (1/140)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: