കഴുത്ത് ഞെരിച്ചു കൊല്ലപ്പെട്ട ജീവികൾ ഇസ്‌ലാമിൽ ശവമായാണ് (മയ്തത്) പരിഗണിക്കപ്പെടുക. രക്തസഞ്ചാരമില്ലാത്ത, കരയിൽ ജീവിക്കുന്ന മൃഗങ്ങൾ ഇസ്‌ലാമികമായ രൂപത്തിൽ അറുക്കപ്പെടാതെയാണ് കൊല്ലപ്പെട്ടതെങ്കിൽ അവയെല്ലാം ശവത്തിലാണ് ഉൾപ്പെടുക. ശവമാകട്ടെ, നജസാണ്. നജസ് ഭക്ഷിക്കുക എന്നത് അനുവദനീയവുമല്ല.

അല്ലാഹു പറയുന്നു:

قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ 

“(നബിയേ,) പറയുക: എനിക്ക് ബോധനം നല്‍കപ്പെട്ടിട്ടുള്ളതില്‍ ഒരു ഭക്ഷിക്കുന്നവന്ന് ഭക്ഷിക്കുവാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത് ശവമോ, ഒഴുക്കപ്പെട്ട രക്തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം അത് മ്ലേച്ഛമത്രെ.” (അൻആം: 145)

ഈ വിഷയത്തിൽ ഇജ്മാഉള്ളതായി അനേകം പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇബ്‌നു ഖുദാമഃ, ഇബ്‌നു ഹസ്മ്, ഇബ്‌നു റുശ്ദ്, നവവി തുടങ്ങിയ ഇമാമീങ്ങൾ ഇക്കാര്യം രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. [1]

കഴുത്തു ഞെരിച്ചും, തലക്കടിച്ചും, കറൻ്റടിപ്പിച്ചുമെല്ലാം മൃഗങ്ങളെ കൊന്നാൽ അവയുടെ രക്തം ശരീരത്തിൽ തന്നെ കെട്ടിക്കിടക്കുകയും, അതിലൂടെ ശരീരം ചീയുകയും മാംസം കേടുവരികയും ചെയ്യും. ഇത് ഭക്ഷിക്കുന്നത് ശരീരത്തിന് ആരോഗ്യപരമായ പ്രയാസങ്ങളും സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

قَالَ ابْنُ حَزْمٍ: «اتَّفَقُوا أنَّ لحم الميتةِ وشَحمَها ووَدَكَها وغُضروفَها ومُخَّها … حرامٌ كلُّه، وكلُّ ذلك نجِسٌ» [مراتب الإجماع: ص: 23]

ഇമാം ഇബ്‌നു ഹസ്മ് -رَحِمَهُ اللَّهُ- പറയുന്നു: “ശവത്തിന്റെ മാംസം, കൊഴുപ്പ്, നെയ്യ്, കൊഴുപ്പ്, അസ്ഥി, തലച്ചോർ എന്നിവയെല്ലാം നിഷിദ്ധമാണ് എന്നതിൽ പൊതുവെ പണ്ഡിതന്മാർ യോജിച്ചിരിക്കുന്നു. അവയെല്ലാം നജസുമാണ്.” (മറാതിബുൽ ഇജ്മാഅ്: 23)

قال النوويُّ: «أَمَّا بَاقِي المَيْتَاتِ- أَيْ: مَا سِوَى مَيْتَةِ الآدَمِيِّ وَالسَّمَكِ وَالجَرَادِ- فَنَجِسَةٌ، وَدَلِيلُهَا الإِجْمَاعُ» [المجموع: 2/562]

ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “-മനുഷ്യൻ, മത്സ്യം, വെട്ടുകിളി എന്നിവയുടേത് ഒഴികെ മറ്റുള്ളവയുടെ ശവങ്ങളെല്ലാം നജസാണ്. ഇക്കാര്യത്തിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു എന്നതാണ് അതിനുള്ള തെളിവ്.” (മജ്മൂഅ്: 2/562)

[1] ابن حزم: مراتب الإجماع (ص: 23).

ابن رشد: بداية المجتهد (1/76).

ابن قدامة: المغني (1/49).

النووي: المجموع (2/562).

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: