സ്ത്രീകളുടെ ഗുഹ്യസ്ഥാനത്ത് കാണപ്പെടുന്ന നനവ് -മല മൂത്ര വിസർജനത്തിന്റെ അവിശിഷ്ടമായി ഉള്ളതല്ല എങ്കിൽ- നജസല്ല. വിയർപ്പ് പോലെ പ്രത്യേകിച്ച് നിറമില്ലാത്ത അവസ്ഥയിലോ, വദ്യിനോട് സമാനമായ രൂപത്തിൽ വെള്ള നിറത്തിലോ ഈ നനവ് കാണപ്പെടാറുണ്ട്. ഇത് നജസല്ല എന്ന മേൽ പറഞ്ഞ അഭിപ്രായമാണ് ബഹുഭൂരിപക്ഷം പണ്ഡിതന്മാരും സ്വീകരിച്ചിട്ടുള്ളത്. ഹനഫീ ഹമ്പലീ മദ്ഹബുകളിലെ സ്വീകാര്യമായ അഭിപ്രായവും, ശാഫിഈ മദ്ഹബിലെ പ്രബലമായ വീക്ഷണവും ഇപ്രകാരമാണ്. [1] ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ ഹദീഥ് ഈ വിഷയത്തിലുള്ള തെളിവായി പരിഗണിക്കപ്പെട്ടിട്ടുണ്ട്.
عَنْ عَبْدِ اللهِ بْنِ شِهَابٍ الْخَوْلَانِيِّ قَالَ: كُنْتُ نَازِلًا عَلَى عَائِشَةَ فَاحْتَلَمْتُ فِي ثَوْبَيَّ فَغَمَسْتُهُمَا فِي الْمَاءِ، فَرَأَتْنِي جَارِيَةٌ لِعَائِشَةَ فَأَخْبَرَتْهَا فَبَعَثَتْ إِلَيَّ عَائِشَةُ فَقَالَتْ: مَا حَمَلَكَ عَلَى مَا صَنَعْتَ بِثَوْبَيْكَ؟ قَالَ قُلْتُ: رَأَيْتُ مَا يَرَى النَّائِمُ فِي مَنَامِهِ، قَالَتْ: هَلْ رَأَيْتَ فِيهِمَا شَيْئًا؟ قُلْتُ: لَا، قَالَتْ: فَلَوْ رَأَيْتَ شَيْئًا غَسَلْتَهُ؟ لَقَدْ رَأَيْتُنِي وَإِنِّي لَأَحُكُّهُ مِنْ ثَوْبِ رَسُولِ اللَّهِ -ﷺ- يَابِسًا بِظُفُرِي.
അബ്ദുല്ലാഹി ബ്നു ശിഹാബ് അൽ ഖവ്ലാനീ -رَحِمَهُ اللَّهُ- നിവേദനം: ഞാൻ ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ അതിഥിയായിരുന്ന വേളയിൽ എനിക്ക് ഉറക്കത്തിൽ -എന്റെ വസ്ത്രത്തിൽ- സ്വപ്നസ്ഖലനം സംഭവിച്ചു. അങ്ങനെ എന്റെ വസ്ത്രങ്ങൾ ഞാൻ വെള്ളത്തിൽ മുക്കിവെച്ചു. ആഇശ -رَضِيَ اللَّهُ عَنْهَا- യുടെ കീഴിലുണ്ടായിരുന്ന അടിമസ്ത്രീ ഇത് കണ്ടപ്പോൾ അവരെ ഇക്കാര്യം അറിയിച്ചു.
‘എന്തിനാണ് നിന്റെ വസ്ത്രം നീ ഇപ്രകാരം ചെയ്തിരിക്കുന്നത്’ എന്ന് ചോദിച്ചു കൊണ്ട് ഒരാളെ ആഇശ -رَضِيَ اللَّهُ عَنْهَا- എന്റെയരികിലേക്ക് അയച്ചു. ഞാൻ പറഞ്ഞു: “ഉറക്കത്തിൽ ഒരാൾക്ക് സംഭവിക്കാവുന്നത് എനിക്കും സംഭവിച്ചു.”
അവർ ചോദിച്ചു: “വസ്ത്രങ്ങളിൽ വല്ലതും -അതായത് മനിയ്യ്- നീ കണ്ടുവോ?” ഞാൻ പറഞ്ഞു: “ഇല്ല.” അവർ പറഞ്ഞു: “വസ്ത്രത്തിൽ അങ്ങനെ വല്ലതും കണ്ടിരുന്നെങ്കിൽ നീ അത് കഴുകുമായിരുന്നല്ലേ?” (എങ്കിൽ) നബി -ﷺ- യുടെ വസ്ത്രത്തിൽ നിന്ന് എന്റെ നഖം കൊണ്ട് (മനിയ്യിന്റെ) ഉണങ്ങിയ പാട് ഞാൻ ചുരണ്ടിക്കളയാറുണ്ടായിരുന്നു.” (മുസ്ലിം: 290)
മേലെ നൽകിയ ഹദീഥിൽ നബി -ﷺ- യുടെ വസ്ത്രത്തിൽ നിന്ന് മനിയ്യിന്റെ (ശുക്ലം) അടയാളം താൻ ഉരച്ചു കളയാറുണ്ടായിരുന്നു എന്നാണ് ആഇശ -رَضِيَ اللَّهُ عَنْهَا- അറിയിച്ചത്. മനിയ്യ് ലൈംഗികബന്ധത്തിലൂടെയാണ് പുറപ്പെടുന്നത്. സ്ത്രീകളുടെ ഗുഹ്യസ്ഥാനത്തുള്ള നനവുമായി മനിയ്യ് കൂടിക്കലരുമെന്നതിൽ സംശയമില്ല. ഈ നനവ് നജസായിരുന്നെങ്കിൽ അതുമായി കൂടിക്കലർന്ന മനിയ്യും നജസാണെന്ന് പറയേണ്ടി വരുമായിരുന്നു. സ്ത്രീകളുടെ ഗുഹ്യസ്ഥാനത്തുള്ള നനവ് നജസല്ലെന്നതിനുള്ള തെളിവുകളിലൊന്നാണിത്. [2]
ഇതോടൊപ്പം സ്ത്രീകളുടെ ഗുഹ്യസ്ഥാനത്തുള്ള നനവ് നജസായിരുന്നെങ്കിൽ അത് നീക്കം ചെയ്തു കൊണ്ടേയിരിക്കുക എന്നത് കടുത്ത പ്രയാസം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല. അതിനാൽ -ഇസ്ലാമിലെ നിയമങ്ങളിൽ പൊതുവെ കാണപ്പെടുന്ന എളുപ്പത്തിന്റെയും ലഘൂകരണത്തിന്റെയും ഭാഗമായി- ഇത്തരം വിഷയങ്ങളിൽ വിട്ടുവീഴ്ച്ച പ്രതീക്ഷിക്കപ്പെടാവുന്നതാണ്. കാരണം പൊതുവെ മനുഷ്യർക്ക് ഒഴിവാക്കി നിർത്താൻ സാധ്യമല്ലാത്ത കാര്യങ്ങളിൽ ഇസ്ലാമിക നിയമങ്ങൾ ഇളവുകൾ നൽകാറുണ്ട്. [3]
[1] الحنفية: حاشية الطَّحطاوي (ص: 64)، حاشية ابن عابدين (1/349).
الشافعية: المجموع للنووي (2/570)، مغني المحتاج للشربيني (1/81)، حاشية الشرواني على تحفة المحتاج (1/301).
الحنابلة: الإنصاف للمرداوي (1/341)، وينظر: المغني لابن قدامة (2/65)
[2] المغني لابن قدامة (2/65)، الشرح الممتع (1/457).
[3] مجموع الفتاوى لابن تيميَّة (21/592).