ലൈംഗികതയെ കുറിച്ച് ചിന്തിക്കുകയോ, ലൈംഗികബന്ധം ഉദ്ദേശിക്കുകയോ ചെയ്യുമ്പോൾ ഗുഹ്യസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന, പശിമയുള്ള, വെള്ള നിറത്തിലുള്ള ദ്രാവകമാണ് മദ്‌യ്. മനിയ്യ് (ശുക്ളം) പുറപ്പെടുമ്പോൾ ഉണ്ടാകാറുള്ളതു പോലെ ആസ്വാദനമോ രതിമൂർച്ചയോ മദ്‌യ് പുറപ്പെടുമ്പോൾ ഉണ്ടായിക്കൊള്ളണമെന്നില്ല. മനിയ്യ് പുറപ്പെട്ടാൽ ശേഷം ക്ഷീണവും തളർച്ചയും ഉണ്ടാകാറുണ്ടെങ്കിൽ മദ്‌യ് പുറപ്പെട്ട ശേഷം അതുണ്ടാകുന്നതല്ല. ചിലപ്പോൾ മദ്‌യ് പുറത്തു പോകുന്നത് അറിഞ്ഞു കൊള്ളണമെന്ന് തന്നെയില്ല. പുരുഷനും സ്ത്രീക്കും മദ്‌യ് ഉണ്ടാകാമെങ്കിലും സ്ത്രീകളിലാണ് മദ്‌യ് കൂടുതലായി ഉണ്ടാവുക. [1]
മദ്‌യ് നജസാണ്. നാല് മദ്‌ഹബുകളും ഇക്കാര്യത്തിൽ പൊതുവെ യോജിച്ചിരിക്കുന്നു. ഈ വിഷയത്തിൽ ഇജ്മാഉണ്ട് എന്നും ചില പണ്ഡിതന്മാർ രേഖപ്പെടുത്തിയതായി കാണാം.
عَنْ عَلِيٍّ قَالَ: كُنْتُ رَجُلًا مَذَّاءً فَأَمَرْتُ رَجُلًا أَنْ يَسْأَلَ النَّبِيَّ -ﷺ- لِمَكَانِ ابْنَتِهِ، فَسَأَلَ فَقَالَ: «تَوَضَّأْ وَاغْسِلْ ذَكَرَكَ»
അലി -رَضِيَ اللَّهُ عَنْهُ- പറയുന്നു: ഞാൻ ധാരാളമായി മദ്‌യ് വന്നിരുന്ന വ്യക്തിയായിരുന്നു. നബി -ﷺ- യുടെ മകളുടെ സ്ഥാനം കാരണത്താൽ അവിടുത്തോട് ഇക്കാര്യത്തെ കുറിച്ച് ചോദിക്കാൻ ഞാനൊരാളെ ഏൽപ്പിച്ചു. അദ്ദേഹം ചോദിച്ചപ്പോൾ നബി -ﷺ- പറഞ്ഞു: “നീ വുദു എടുക്കുകയും, നിന്റെ ലൈംഗികാവയവം കഴുകുകയും ചെയ്യുക.” (ബുഖാരി: 269, മുസ്‌ലിം: 303)
ഈ ഹദീഥിൽ ലൈംഗികാവയവം കഴുകാൻ നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. മദ്‌യ് പുറത്തു വന്ന ഭാഗവും, അവിടെ നിന്ന് മദ്‌യ് പരന്നിട്ടുള്ള ഭാഗങ്ങളും നിർബന്ധമായും കഴുകണം എന്നും, മദ്‌യ് നജസാണെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
മദ്‌യ് ശുദ്ധീകരിക്കേണ്ട രൂപത്തെ കുറിച്ച് മുൻപ് വിശദീകരിച്ചത് വായിക്കുക.
[1] شرح مسلم للنووي: 3/213.