അറബി ഭാഷയിൽ നജസ് എന്നാൽ മാലിന്യം എന്നാണർത്ഥം. ‘മതപരമായി മാലിന്യമെന്ന് വിവക്ഷിക്കപ്പെടുന്ന വസ്തുക്കളെയാണ്’ സാങ്കേതികമായി നജസ് എന്ന് പറയുന്നത്.
‘മതപരം’ എന്ന് പ്രത്യേകം എടുത്തു പറഞ്ഞതിന് പിന്നിൽ വ്യക്തമായ ഒരു ഉദ്ദേശമുണ്ട്. കാരണം പൊതുവെ മനുഷ്യർ മാലിന്യമായി കാണുന്ന വസ്തുക്കളെല്ലാം മതത്തിന്റെ ഭാഷയിൽ നജസ് ആയിക്കൊള്ളണമെന്നില്ല. ഉദാഹരണത്തിന് വായിലെ ഉമിനീരും, ജലദോഷത്തിന്റെ ഭാഗമായി മൂക്കിൽ അടിഞ്ഞു കൂടുന്ന നീരും, തൊണ്ടയിൽ അടിഞ്ഞു കൂടുന്ന കഫവും മനുഷ്യരുടെ കണ്ണിൽ മാലിന്യമാണ്. എന്നാൽ മതപരമായ അർത്ഥത്തിൽ അവ നജസുകളിൽ ഉൾപ്പെടുകയില്ല. ഒരാളുടെ വസ്ത്രത്തിലോ ശരീരത്തിലോ ഉമിനീര് തെറിച്ചു എന്നതു കൊണ്ട് നിസ്കരിക്കുന്നതിനോ മറ്റോ അയാൾക്ക് തടസ്സമില്ല.
മതത്തിന്റെ ഭാഷയിൽ ഒരു കാര്യം നജസാണോ എന്ന് തീരുമാനിക്കുന്നതിന്റെ അടിസ്ഥാനം ഖുർആനിലെയും ഹദീഥിലെയും തെളിവുകളും, പണ്ഡിതന്മാർക്കിടയിലെ ഇജ്മാഉമാണെന്ന് കൂടി ഇതിൽ നിന്ന് മനസ്സിലാക്കാം. ആരുടെയെങ്കിലും ബുദ്ധിപരമായ ചിന്തകളോ അനുമാനങ്ങളോ അല്ല എന്തെങ്കിലും കാര്യം നജസാണെന്ന് നിശ്ചയിക്കാനുള്ള അടിത്തറ എന്ന് ചുരുക്കം.