7. ഖുഫ്ഫയിന്മേൽ തടവൽ

സോക്സുകൾക്ക് (കാലുറകൾക്ക്) മീതെ വുദൂവിൽ തടവുന്നതിന്റെ (മസ്ഹ്) വിധി എന്താണ്?

വുദൂഅ് ചെയ്യുമ്പോൾ തോൽ കൊണ്ടുള്ള ഖുഫ്ഫകൾക്ക് മീതെയെന്ന പോലെത്തന്നെ സാധാരണ കാലുറകൾക്ക് (സോക്സുകൾക്ക്) മീതെ തടവുന്നതും അനുവദനീയമാണ്. ശാഫിഈ, ഹമ്പലീ, ദ്വാഹിരീ മദ്‌ഹബുകളുടെ അഭിപ്രായമാണിത്. ഹനഫീ മദ്‌ഹബിലെ പ്രമുഖ പണ്ഡിതന്മാരായ അബൂയൂസുഫ്, മുഹമ്മദ് ബ്നുൽ ഹസൻ എന്നിവരുടെ അഭിപ്രായവും ഇതാണ്. ഇമാം അബൂഹനീഫ -رَحِمَهُ اللَّهُ- തന്റെ രോഗശയ്യയിൽ ഈ അഭിപ്രായത്തിലേക്ക് മടങ്ങിയതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. മുൻഗാമികളായ സ്വഹാബികളും താബിഉകളും ശൈഖ് ഇബ്‌നു ബാസ്, ശൈഖ് ഇബ്‌നു ഉഥൈമീൻ തുടങ്ങിയ സമകാലിക പണ്ഡിതന്മാരും ഇതേ അഭിപ്രായമാണ് സ്വീകരിച്ചിട്ടുള്ളത്.

ഖുഫ്ഫയിന്മേൽ തടവുന്നതു പോലെത്തന്നെ സോക്സുകൾക്ക് മീതെ തടവാമെന്ന കാര്യത്തിൽ സ്വഹാബികൾക്കിടയിൽ ഇജ്മാഅ് ഉണ്ടെന്ന് ഇമാം ഇബ്‌നു ഹസ്മും ഇമാം ഇബ്‌നു ഖുദാമയും വ്യക്തമാക്കിയിട്ടുണ്ട്. ഉമർ, അലി, ഇബ്‌നു മസ്ഊദ്, അനസ് ബ്നു മാലിക്, അമ്മാർ ബ്നു യാസിർ, ബറാഅ് ബ്നു ആസിബ്, സഅ്ദ് ബ്നു അബീ വഖാസ് -رَضِيَ اللَّهُ عَنْهُمْ- തുടങ്ങിയ നിരവധി സ്വഹാബികളിൽ നിന്ന് സോക്സുകൾക്ക് മീതെ തടവൽ സ്ഥിരപ്പെട്ടു വന്നിട്ടുണ്ട്. സ്വഹാബികളിൽ ഒരാളിൽ നിന്നും ഇതിനെതിരായ അഭിപ്രായം വന്നിട്ടില്ല.

عَنِ المُغِيرَةِ بْنِ شُعْبَةَ -رَضِيَ اللَّهُ عَنْهُ- قَالَ: «تَوَضَّأَ النَّبِيُّ -ﷺ- وَمَسَحَ عَلَى الجَوْرَبَيْنِ وَالنَّعْلَيْنِ»

മുഗീറത് ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- നിവേദനം: “നബി -ﷺ- വുദൂഅ് എടുക്കുകയും, തന്റെ രണ്ട് സോക്സുകൾക്ക് (ജൗറബുകൾക്ക്) മീതെയും ചെരുപ്പുകൾക്ക് മീതെയും തടവുകയും ചെയ്തു.” (തിർമിദി: 99, അബൂദാവൂദ്: 159, അഹ്മദ്: 18193, അൽബാനി സ്വഹീഹ് എന്ന് വിലയിരുത്തി.)

കാലുകൾക്ക് സംരക്ഷണവും ശുദ്ധിയും നൽകുന്നതിൽ തോൽ ഖുഫ്ഫകളുടെ അതേ സ്ഥാനമാണ് സാധാരണ സോക്സുകൾക്കുമുള്ളത്. അതിനാൽ ഖുഫ്ഫയിന്മേൽ തടവുന്നതുമായി ബന്ധപ്പെട്ട എല്ലാ ഇളവുകളും നിബന്ധനകളും സോക്സുകൾക്കും ഒരുപോലെ ബാധകമാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: