വുദൂഇൽ കാലുകൾ കഴുകുന്നതിന് പകരം ഖുഫ്ഫയുടെ മേൽ തടവുക എന്നത് അനുവദനീയമാണ്. യാത്രയിലാകുമ്പോഴും അല്ലാത്തപ്പോഴും, പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരുപോലെ ഇത് അനുവദനീയമാണെന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. ഈ പറഞ്ഞതിനുള്ള ചില തെളിവുകൾ താഴെ നൽകാം.
അല്ലാഹു പറയുന്നു:
فَاغْسِلُوا وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُؤُوسِكُمْ وَأَرْجُلَكُمْ إِلَى الْكَعْبَيْنِ
“നിങ്ങൾ നിങ്ങളുടെ മുഖങ്ങളും, മുട്ടുവരെ ഇരുൈകകളും കഴുകുകയും, തല തടവുകയും, നെരിയാണിവരെ ഇരുപാദങ്ങൾ കഴുകുകയും ചെയ്യുക.” (സൂറതുൽ മാഇദ: 6)
ഈ ആയത്തിലെ {وَأَرْجُلَكُمْ} എന്ന പദം {وَأَرْجُلِكُمْ} എന്ന (അർജുലകും എന്ന പദം അർജുലികും എന്ന്; ലാമിന് കസ്ർ നൽകിക്കൊണ്ട് പാരായണം ചെയ്യുന്ന) ഖിറാഅത്ത് സ്ഥിരപ്പെട്ടിട്ടുണ്ട്. ഈ പാരായണപ്രകാരം തല തടവുക എന്നതിലേക്ക് ചേർത്തപ്പെട്ടു കൊണ്ട് കാലും തടവാം എന്ന അർത്ഥം ലഭിക്കും. നബി -ﷺ- യുടെ ഹദീഥുകളിൽ വന്നത് പോലെ, കാലുകളിൽ ഖുഫ്ഫയോ അതുപോലുള്ളവയോ ധരിച്ചിരിക്കുമ്പോൾ അവ തടവുക എന്നതാണ് അതിന്റെ വിശദീകരണം വരുക.
മുഗീറത് ബ്നു ശുഅ്ബ -رَضِيَ اللَّهُ عَنْهُ- നിവേദനം:
كُنْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فِي سَفَرٍ، فَأَهْوَيْتُ لِأَنْزِعَ خُفَّيْهِ، فَقَالَ: «دَعْهُمَا؛ فَإِنِّي أَدْخَلْتُهُمَا طَاهِرَتَيْنِ»، فَمَسَحَ عَلَيْهِمَا
“ഞാൻ നബി -ﷺ- യോടൊപ്പം ഒരു യാത്രയിലായിരുന്നു. അവിടുത്തെ ഖുഫ്ഫകൾ ഊരിമാറ്റാനായി ഞാൻ കുനിഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു: ‘അവ രണ്ടും വിട്ടേക്കുക; കാരണം ശുദ്ധിയുള്ള അവസ്ഥയിലാണ് (വുദൂഇലായിരിക്കെയാണ്) ഞാൻ അവ ധരിച്ചത്.’ തുടർന്ന് നബി -ﷺ- അവ രണ്ടിന്മേലും തടവുകയുണ്ടായി.” (ബുഖാരി: 206, മുസ്ലിം: 274)
ഹമ്മാം ബ്നുൽ ഹാരിഥ് -رَحِمَهُ اللَّهُ- നിവേദനം: ജരീർ ബ്നു അബ്ദില്ലാഹ് -رَضِيَ اللَّهُ عَنْهُ- മൂത്രമൊഴിച്ച ശേഷം വുദൂഅ് എടുക്കുകയും തന്റെ ഖുഫ്ഫയിന്മേൽ തടവുകയും ചെയ്യുന്നത് ഞാൻ കണ്ടു. പിന്നീട് അദ്ദേഹം നിസ്കരിക്കാനായി നിന്നു. ഇതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു:
رَأَيْتُ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ صَنَعَ مِثْلَ هَذَا
“നബി -ﷺ- ഇപ്രകാരം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.” താബിഈ പണ്ഡിതനായ ഇബ്രാഹീം അന്നഖഇ -رَحِمَهُ اللَّهُ- പറയുന്നു: “ഈ ഹദീഥ് പണ്ഡിതന്മാർക്ക് ഏറെ പ്രിയങ്കരമായിരുന്നു. കാരണം ജരീർ -رَضِيَ اللَّهُ عَنْهُ- ഏറ്റവും ഒടുവിൽ ഇസ്ലാം സ്വീകരിച്ചവരിൽ ഒരാളായിരുന്നു.” (ബുഖാരി: 387, മുസ്ലിം: 272)
ജരീർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- എന്ന സ്വഹാബി അവസാനം ഇസ്ലാം സ്വീകരിച്ച സ്വഹാബിമാരിൽ പെട്ട വ്യക്തിയായിരുന്നു; അദ്ദേഹം നബി -ﷺ- തന്റെ ഖുഫ്ഫകളുടെ മേൽ തടവുന്നത് കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ അർത്ഥം നബി -ﷺ- തന്റെ അവസാനകാലഘട്ടത്തിലും ഇപ്രകാരം പ്രവർത്തിച്ചിട്ടുണ്ട് എന്നാണ്. സൂറ. മാഇദയിൽ വുദ്വൂഇന്റെ രൂപം പറയുന്ന ആയത്തുകൾ അവതരിച്ച ശേഷവും നബി -ﷺ- ഖുഫ്ഫയിൽ തടവിയിട്ടുണ്ട് എന്ന് അതിൽ നിന്ന് മനസ്സിലാക്കാം. അതാണ്, പണ്ഡിതന്മാർക്ക് ഈ ഹദീഥ് കൂടുതൽ പ്രിയങ്കരമാകാനുള്ള കാരണം.
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം:
<
p style=”direction: rtl; text-align: center;”>كُنْتُ مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ فَانْتَهَى إِلَى سُبَاطَةِ قَوْمٍ، فَبَالَ قَائِمًا، فَتَنَحَّيْتُ فَقَالَ: ادْنُهْ، فَدَنَوْتُ، حَتَّى قُمْتُ عِنْدَ عَقِبَيْهِ، فَتَوَضَّأَ فَمَسَحَ عَلَى خُفَّيْهِ
“ഞാൻ നബി -ﷺ- യോടൊപ്പമായിരുന്നു. അപ്പോൾ അവിടുന്ന് ഒരു കൂട്ടർ തങ്ങളുടെ ചവറുകൾ നിക്ഷേപിച്ചിരുന്ന ഒരു ഭാഗത്തേക്ക് മാറിപ്പോവുകയും, അവിടെ വെച്ച് നിന്നു കൊണ്ട് മൂത്രമൊഴിക്കുകയും ചെയ്തു. ഞാൻ അവിടെ നിന്ന് നീങ്ങിനിന്നപ്പോൾ അവിടുന്ന് എന്നോട് അടുത്തേക്ക് വരാൻ പറഞ്ഞു. നബി -ﷺ- യുടെ തൊട്ടുപിറകിലായാണ് ഞാൻ നിന്നത്. അങ്ങനെ അവിടുന്ന് വുദൂഅ് ചെയ്യുകയും തന്റെ ഖുഫ്ഫയുടെ മേൽ തടവുകയും ചെയ്തു.” (ബുഖാരി: 224, മുസ്ലിം: 273)
ഖുഫ്ഫയിന്മേൽ തടവുന്നത് അനുവദനീയമാണെന്നതിൽ സ്വഹാബികളും ശേഷമുള്ള പണ്ഡിതന്മാരും ഏകോപിച്ചിരിക്കുന്നു. ഇബ്നുൽ മുബാറക്, ഇബ്നുൽ മുൻദിർ, ഇബ്നു അബ്ദിൽ ബർറ്, ഇമാം ബഗവി, ഇബ്നു ഖുദാമ, ഇമാം നവവി തുടങ്ങിയ നിരവധി പണ്ഡിതന്മാർ ഈ ഇജ്മാഅ് ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “യാത്രയിലാകുമ്പോഴും നാട്ടിലായിരിക്കുമ്പോഴും, (ഖുഫ്ഫയുടെ മേൽ തടവേണ്ട) ആവശ്യമുണ്ടെങ്കിലും ഇല്ലെങ്കിലും, ഖുഫ്ഫയുടെ മേൽ തടവൽ അനുവദനീയമാണെന്നതിൽ പരിഗണനീയരായ സർവ്വ പണ്ഡിതന്മാരും ഏകോപിച്ചിരിക്കുന്നു. വീട്ടിൽ തന്നെ കഴിഞ്ഞു കൂടുന്ന സ്ത്രീകൾക്കും നടക്കാൻ സാധിക്കാത്ത രോഗികൾക്കും വരെ ഖുഫ്ഫയുടെ മേൽ തടവുന്നത് അനുവദനീയമാണ്. ശിയാക്കളും ഖവാരിജുകളുമല്ലാതെ മറ്റാരും ഇതിനെ നിഷേധിച്ചിട്ടില്ല; അവരുടെ എതിർപ്പ് പരിഗണനാർഹവുമല്ല.” (മജ്മൂഅ്: 1/476)
ഇമാം അൽബഗവി -رَحِمَهُ اللَّهُ- പറയുന്നു: “ഖുഫ്ഫയിന്മേൽ തടവൽ സ്വഹാബികളും അവർക്ക് ശേഷമുള്ളവരുമായ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അടുക്കലും അനുവദനീയമാണ്.” (ശർഹുസ്സുന്നഃ: 1/454) സ്വഹാബികളിൽ ചിലരിൽ നിന്ന് ഈ പറഞ്ഞതിന് വിരുദ്ധമായ അഭിപ്രായങ്ങൾ വന്നതായി പറയപ്പെട്ടിട്ടുണ്ടെങ്കിലും അവ ഒന്നല്ലെങ്കിൽ സ്ഥിരപ്പെട്ടിട്ടില്ലാത്തതോ, പിന്നീട് അവർ തന്നെ തടവൽ അനുവദനീയമാണെന്ന് വ്യക്തമാക്കിയതോ ആണ്. (ഇസ്തിദ്കാർ: 1/217)
