അല്ലാഹു മനുഷ്യർക്ക് എളുപ്പവും സൗകര്യവുമാണ് ഇസ്ലാമിക ശരീഅത്തിലൂടെ നൽകിയിട്ടുള്ളത്. അതിൽ പെട്ടതാണ് ഖുഫ്ഫയുടെ മേൽ തടവുക എന്ന നിയമം. ‘അൽ മസ്ഹു അലൽ ഖുഫ്ഫൈൻ’ (المَسْحُ عَلَى الخُفَّيْنِ) എന്നാണ് ഖുഫ്ഫകളുടെ മേൽ തടവുക എന്നതിന് പറയുക. മസ്ഹ് (المَسح): എന്നാൽ ഈറനണിഞ്ഞ കൈ കൊണ്ട്, വെള്ളം ഒഴുക്കാതെ ഒരു അവയവത്തിന് മീതെ തടവുക എന്നതാണ് അർത്ഥം. ഖുഫ്ഫ് (الخُفّ): എന്നാൽ കട്ടി കുറഞ്ഞ മൃദുവായ തുകൽ (തോൽ) കൊണ്ട് നിർമ്മിക്കപ്പെട്ട, പാദങ്ങളിൽ ധരിക്കുന്ന പ്രത്യേക കാലുറകളാണ്. ഇക്കാലത്ത് നാം ധരിക്കുന്ന ഷൂസുകളും സോക്സുകളും മറ്റ് കാലുറകളും -നിബന്ധനകളോടെ- ഈ പറഞ്ഞതിൽ ഉൾപ്പെടുന്നതാണ്.
ഖുഫ്ഫയിന്മേൽ തടവുന്നതിന്റെ മഹത്തായ യുക്തി (حِكمةُ مشروعيَّته):
ഖുഫ്ഫയിന്മേൽ തടവൽ അനുവദിച്ചതിന് പിന്നിലെ അടിസ്ഥാനപരമായ യുക്തി ജനങ്ങൾക്ക് കാര്യങ്ങൾ എളുപ്പമാക്കലും പ്രയാസങ്ങൾ ലഘൂകരിച്ചു കൊടുക്കലുമാണ് (തയ്സീറും തഖ്ഫീഫും). പ്രത്യേകിച്ചും അതിശൈത്യമുള്ള തണുപ്പുകാലത്തും, ദീർഘദൂര യാത്രകളിലും, ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുമ്പോഴും കാലുകളിൽ നിന്ന് കാലുറകൾ ഓരോ തവണയും ഊരിമാറ്റി കഴുകുന്നത് വലിയ ക്ലേശമുണ്ടാക്കും. ഇത്തരം സന്ദർഭങ്ങളിൽ ജനങ്ങൾക്ക് ശുദ്ധി വരുത്തുന്നത് പ്രയാസരഹിതമാക്കാൻ വേണ്ടിയാണ് കാരുണ്യവാനായ റബ്ബ് ഈ ഇളവ് നൽകിയിട്ടുള്ളത്.
ഇമാം നവവി -رَحِمَهُ اللَّهُ- പറയുന്നു: “ഖുഫ്ഫയിന്മേൽ തടവുന്നതിന്റെ യുക്തി ജനങ്ങൾക്ക് എളുപ്പം നൽകലും അവരുടെ മേലുള്ള ഭാരം ലഘൂകരിക്കലുമാണ്; കാരണം കാലുറകൾ നിരന്തരം അഴിച്ചുമാറ്റുക എന്നത് ക്ലേശകരമായ കാര്യമാണ്.” (മജ്മൂഅ്: 1/474)
