അടിസ്ഥാനപരമായി തന്നെ നജസായ വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ഖുഫ്ഫയിന്മേൽ തടവൽ സാധുവാകുകയില്ല. മാലികീ മദ്‌ഹബിലെയും, ശാഫിഈ മദ്‌ഹബിലെയും, ഹമ്പലീ മദ്‌ഹബിലെയും പണ്ഡിതന്മാർ ഇക്കാര്യം ഖണ്ഡിതമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാൽ നായയുടെയോ പന്നിയുടെയോ തുകൽ കൊണ്ടോ, അല്ലെങ്കിൽ ഊറക്കിടാത്ത ചത്ത മൃഗത്തിന്റെ തോൽ കൊണ്ടോ ഉണ്ടാക്കിയ ഖുഫ്ഫകളുടെ മേൽ തടവാൻ പാടില്ല.
വുദൂഇൽ കാലുകൾക്ക് പകരമായാണ് ഖുഫ്ഫയിന്മേൽ തടവുന്നത്. എന്നാൽ ഒരാളുടെ കാലിന്മേൽ നജസുണ്ടെങ്കിൽ ആ നജസ് കഴുകി ശുദ്ധിയാക്കാതെ ആ കാല് കഴുകിയാൽ വുദു ശരിയാവുകയില്ല. എന്നിരിക്കെ, കാലിന് പകരമായി വെക്കപ്പെടുന്ന ഖുഫ്ഫ തന്നെ അടിസ്ഥാനപരമായി നജസാണെങ്കിൽ, അതിന്റെ മേൽ തടവുന്നത് എങ്ങിനെ സാധുവാകും! (ഫത്ഹുൽ അസീസ് / റാഫിഈ: 2/377)
