7. ഖുഫ്ഫയിന്മേൽ തടവൽ

മോഷ്ടിച്ച ഖുഫ്ഫയുടെ മേൽ തടവുന്നത് അനുവദനീയമാണോ?

മോഷണം നിഷിദ്ധമാണ്; ഖുഫ്ഫയോ മറ്റെന്തെങ്കിലുമോ മോഷ്ടിക്കുന്നത് അനുവദനീയമാണ് എന്ന് ഈ ചോദ്യത്തിന് അർത്ഥമില്ല. ഒരാൾ തനിക്ക് ഉപയോഗിക്കാൻ അനുവാദമില്ലാത്ത ഖുഫ്ഫയുടെ മേൽ തടവാൻ പാടുണ്ടോ എന്ന വിഷയം ചർച്ച ചെയ്യുമ്പോൾ ഉദാഹരണമായി മോഷ്ടിച്ച ഖുഫ്ഫ എന്ന് ഫിഖ്ഹിന്റെ ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യാറുണ്ട്. അതാണ് മേൽ പറഞ്ഞ ചോദ്യത്തിന്റെ അടിസ്ഥാനം.

എന്തായാലും ഉപയോഗിക്കാൻ അനുവാദമുള്ള ഖുഫ്ഫയുടെ മേൽ മാത്രമേ തടവാൻ പാടുള്ളൂ എന്ന നിബന്ധനയില്ല; മോഷ്ടിച്ചതോ അപഹരിച്ചതോ ആയ ഖുഫ്ഫയിന്മേൽ തടവിയാലും തടവൽ (മസ്ഹ്) സാധുവാകുന്നതാണ്; മോഷ്ടിച്ച ഖുഫ്ഫ ഉപയോഗിക്കുന്നു എന്നത് നിഷിദ്ധമാണെങ്കിലും. ഭൂരിപക്ഷം പണ്ഡിതന്മാരുടെയും നിലപാട് ഇതാണ്. ഹനഫീ മാലികീ മദ്ഹബുകളുടെ വീക്ഷണവും, ശാഫിഈ മദ്‌ഹബിലെ ശരിയായ അഭിപ്രായവും, ഇമാം അഹ്മദ് -رَحِمَهُ اللَّهُ- യിൽ നിന്നുള്ള ഒരു നിവേദനവും ഇപ്രകാരമാണ്.

ഈ പറഞ്ഞതിനുള്ള ന്യായങ്ങൾ താഴെ പറയുന്നവയാണ്:

ഒന്നാമതായി: അപഹരിക്കുകയോ മോഷ്ടിക്കുകയോ ചെയ്തതിലുള്ള തെറ്റ് ഖുഫ്ഫ ധരിക്കുക എന്നതുമായി മാത്രം ബന്ധപ്പെട്ടതല്ല. അതിനാൽ അത് ഖുഫ്ഫയുമായി ബന്ധപ്പെട്ട ഒരു ഇബാദത്തിന്റെ സാധുതയെ തടയുന്നില്ല; ഒരാൾ മോഷ്ടിച്ച സ്ഥലത്ത് നിസ്കരിക്കുന്നത് നിസ്കാരം അസാധുവാക്കില്ല എന്ന് പറയുന്നത് പോലെയാണിത്.

രണ്ടാമതായി: കുറ്റകരമായ കാര്യം ഒരു ആരാധനയോട് അനുബന്ധിച്ച് വന്നു എന്നത് ആ ആരാധനയെ ബാധിക്കുന്നില്ല; അപഹരിക്കപ്പെട്ട സ്ഥലത്തോ അപഹരിക്കപ്പെട്ട വസ്ത്രം ധരിച്ചോ നിസ്കരിക്കുന്നത് ഈ പറഞ്ഞതിനുള്ള ഉദാഹരണമാണ്. (ഹാവീൽ കബീർ: 1/366)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: