കീറലുള്ള ഖുഫ്ഫയിന്മേൽ തടവുന്നതിന്റെ വിധിയിൽ പണ്ഡിതന്മാർക്കിടയിൽ പല അഭിപ്രായങ്ങളുണ്ട്; അവയിൽ ഏറ്റവും പ്രബലമായത് രണ്ട് അഭിപ്രായങ്ങളാണ്:
ഒന്നാമത്തെ അഭിപ്രായം: കീറൽ ചെറുതാണെങ്കിൽ (നിസ്സാരമാണെങ്കിൽ) അതിന്മേൽ തടവൽ അനുവദനീയമാണ്. ഹനഫീ, മാലികീ മദ്ഹബുകളുടെ നിലപാട് ഇതാണ്. കാരണം, ഖുഫ്ഫുകളിൽ ചെറിയ കീറലുകൾ ഇല്ലാതിരിക്കുക എന്നത് വിരളമാണ്. അത്തരം ചെറിയ കുറവുകൾ പൊതുവെ വിട്ടുവീഴ്ച്ച നൽകപ്പെടാറുള്ളവയാണ്. ശൈഖ് ഇബ്നു ബാസ് -رَحِمَهُ اللَّهُ- ഈ അഭിപ്രായമാണ് തിരഞ്ഞെടുത്തിട്ടുള്ളത്.
രണ്ടാമത്തെ അഭിപ്രായം: കീറലുള്ള ഖുഫ്ഫ ധരിച്ച് നടക്കാൻ സാധിക്കുന്നിടത്തോളം കാലം, കീറൽ എത്രയായാലും (നിരുപാധികം) അതിന്മേൽ തടവൽ അനുവദനീയമാണ്. ദ്വാഹിരീ മദ്ഹബിന്റെ നിലപാടും, ഇമാം ശാഫിഈ -رَحِمَهُ اللَّهُ- യുടെ പഴയ അഭിപ്രായവും ഇപ്രകാരമാണ്. മുൻഗാമികളായ ചില പണ്ഡിതന്മാരും ഇപ്രകാരം അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്നുൽ മുൻദിർ, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യഃ, ഇമാം ശിൻഖീത്വി, ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُمُ اللَّهُ- എന്നിവർ തെരഞ്ഞെടുത്തതും ഈ അഭിപ്രായമാണ്.
ഈ പറഞ്ഞതിനുള്ള ചില ന്യായങ്ങൾ ഇപ്രകാരമാണ്:
1- ഇസ്ലാമിക പ്രമാണങ്ങളിൽ ഖുഫ്ഫയിന്മേൽ തടവാൻ അനുവാദം നൽകുന്ന തെളിവുകളെല്ലാം പൊതുവായ രീതിയിലാണുള്ളത്. അതിലെവിടെയും തടവണമെങ്കിൽ കീറലില്ലാത്ത ഖുഫ്ഫായിരിക്കണമെന്ന് നിബന്ധന വെച്ചിട്ടില്ല. (മജ്മൂഉ ഫതാവാ / ഇബ്നു തൈമിയ്യഃ: 21/183)
2- ഖുഫ്ഫുകളിലും സോക്സുകളിലും (ജവാരിബ്) കാലുകളിൽ ധരിക്കുന്ന മറ്റു വസ്തുക്കളിലും വലുതും ചെറുതുമായ കീറലുള്ളവയും തീരെ കീറലില്ലാത്തവയും ഉണ്ടാകുമെന്ന് റസൂൽ -ﷺ- ക്ക് അറിയാമായിരുന്നു. എന്നിട്ടും അവിടുന്ന് ഇതിൽ ഏതെങ്കിലുമൊരു വിധത്തിലുള്ളതിന്റെ മേൽ മാത്രമേ തടവാൻ പാടുള്ളൂ എന്ന് പറഞ്ഞിട്ടില്ല. (മുഹല്ലാ / ഇബ്നു ഹസ്മ്: 1/335)
3- സ്വഹാബികളിൽ ഭൂരിഭാഗവും ദരിദ്രരായിരുന്നു; അവരുടെ ഖുഫ്ഫകൾ കീറലുകളിൽ നിന്നോ വിള്ളലുകളിൽ നിന്നോ മുക്തമായിരുന്നില്ല. മുഹാജിറുകളുടെയും അൻസ്വാറുകളുടെയും ഖുഫ്ഫകൾ കീറിയതും തുളവീണതും പഴകിയതുമായിരുന്നില്ലേ?! കീറലോ വിള്ളലോ തടവലിനെ ബാധിക്കുന്ന കാര്യമായിരുന്നെങ്കിൽ നബി -ﷺ- അത് വ്യക്തമാക്കുമായിരുന്നു. (മുഹല്ലാ / ഇബ്നു ഹസ്മ്: 1/336)
4- ഖുഫ്ഫകൾ കീറലുകളിൽ നിന്ന് മുക്തമായിരിക്കണമെന്ന് നിബന്ധന വെക്കുന്നത്, ജനങ്ങൾക്ക് പ്രയാസം ലഘൂകരിക്കുക എന്ന ഈ ഇളവിന്റെ ഉദ്ദേശ്യത്തിന് വിരുദ്ധമാണ്. (ശർഹുൽ മുംതിഅ്: 1/233)
5- ഖുഫ്ഫയിന്മേൽ തടവൽ നിയമമാക്കപ്പെട്ടതിന്റെ കാരണം ‘അവ അഴിച്ചുമാറ്റുന്നതിൽ പ്രയാസമുണ്ട്’ എന്നതാണ്; ഇത് കീറലുള്ള ഖുഫ്ഫുകൾക്കും ബാധകമാണ്. (മജ്മൂഉ ഫതാവാ / ഇബ്നു ഉഥൈമീൻ: 11/167)
