വുളൂഇന്റെ വേളയിൽ കഴുകൽ നിർബന്ധമായ കാലിന്റെ ഭാഗങ്ങൾ (നെരിയാണി ഉൾപ്പെടെയുള്ളവ) പൂർണ്ണമായി മറയ്ക്കാത്ത ഖുഫ്ഫുകൾ, സോക്സുകൾ എന്നിവയ്ക്ക് മേൽ തടവുന്നതിന്റെ വിധിയിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് വീക്ഷണങ്ങളുണ്ട്:
ഒന്നാമത്തെ വീക്ഷണം:
വുളൂഇൽ കഴുകൽ നിർബന്ധമായ കാലിന്റെ ഭാഗങ്ങൾ പൂർണ്ണമായി മറയ്ക്കുന്ന ഖുഫ്ഫയുടെ മേൽ മാത്രമേ തടവാൻ പാടുള്ളൂ. അതിനാൽ നെരിയാണിക്ക് താഴെയുള്ളതോ കഴുകൽ നിർബന്ധമായ ഭാഗം വെളിവാക്കുന്നതോ ആയ ഖുഫ്ഫുകൾക്കോ സോക്സുകൾക്കോ മേൽ തടവുന്നത് അനുവദനീയമല്ല. നാല് മദ്ഹബുകളിലെയും ഏകോപിത അഭിപ്രായം ഇതാണ്.
ഈ അഭിപ്രായത്തിനുള്ള ന്യായങ്ങൾ താഴെ പറയുന്നവയാണ്:
- ഇളവ് നൽകപ്പെട്ടതിന്റെ പരിധി: കാൽ കഴുകേണ്ട ഭാഗം പൂർണ്ണമായി മറയ്ക്കുന്ന ഖുഫ്ഫുകളുടെ മേൽ തടവാനുള്ള അനുവാദം മാത്രമാണ് പ്രമാണങ്ങളിൽ വന്നിട്ടുള്ളത്. അതിനാൽ ഈ രൂപത്തിലുള്ള ഖുഫ്ഫകളിൽ മാത്രമായി അതിന്റെ വിധി പരിമിതപ്പെടുത്തൽ നിർബന്ധമാണ്.
- കഴുകലും തടവലും ഒന്നിച്ചു ചേർക്കാൻ കഴിയില്ലെന്നത്: കാൽ കഴുകേണ്ട ഭാഗം പൂർണ്ണമായി മറയ്ക്കാത്ത ഖുഫ്ഫാണെങ്കിൽ, കാലിന്റെ വെളിവായിക്കിടക്കുന്ന ഭാഗം കഴുകുകയും മറഞ്ഞിരിക്കുന്ന ഭാഗത്തിന്റെ മേൽ തടവുകയും ചെയ്യണമെന്ന വിധി നൽകേണ്ടി വരും. ഒരേ അവയവത്തിന്റെ മേൽ -യാതൊരു അനിവാര്യതയുമില്ലാതെ- കഴുകലും തടവലും ഒന്നിച്ചു കൊണ്ടുവരാൻ മാർഗ്ഗമില്ല. കാലുകൾ കഴുകുക എന്നതാണ് അടിസ്ഥാനനിയമം എന്നത് പരിഗണിച്ചു കൊണ്ട് അതിൽ ഒതുങ്ങി നിൽക്കലാണ് സൂക്ഷ്മം; രണ്ട് കാലുകളിൽ ഒന്നിന്റെ മേൽ മാത്രമേ ഖുഫ്ഫ ഉള്ളൂ എങ്കിൽ രണ്ടു കാലും കഴുകൽ നിർബന്ധമാകുന്നതു പോലെയാണിത്.
- ചെരിപ്പുകളോടുള്ള സാദൃശ്യം: കഴുകൽ നിർബന്ധമായ ഭാഗം പൂർണ്ണമായി മറയ്ക്കാത്ത വിധത്തിലുള്ള ഖുഫ്ഫകൾ പാദരക്ഷകൾക്ക് (ചെരിപ്പുകൾക്ക്) തുല്യമാണ്; ഖുഫ്ഫിന്റെ ഇളവ് ലഭിക്കാൻ ചെരുപ്പുകൾക്ക് അർഹതയില്ല.
രണ്ടാമത്തെ വീക്ഷണം:
വുളൂഇൽ കഴുകൽ നിർബന്ധമായ കാലിന്റെ ഭാഗങ്ങൾ പൂർണ്ണമായി മറയ്ക്കുന്ന ഖുഫ്ഫകളുടെ മേലേ തടവാൻ പാടുള്ളൂ എന്ന നിർബന്ധമില്ല. മറിച്ച്, നെരിയാണിക്ക് താഴെയുള്ള ഖുഫ്ഫുകൾക്കും സോക്സുകൾക്കും മേൽ തടവുന്നത് അനുവദനീയമാണ്. ഇബ്നു ഹസ്മ്, ഇബ്നു തൈമിയ്യ, ശൈഖ് ഇബ്നു ഉഥൈമീൻ തുടങ്ങിയവർ സ്വീകരിച്ചത് ഈ അഭിപ്രായമാണ്.
അവരുടെ തെളിവുകൾ താഴെ പറയുന്നവയാണ്:
- ഖുഫ്ഫുകൾക്ക് മേൽ തടവാമെന്ന് വ്യക്തമാക്കുന്ന ഹദീഥുകളിലെ ഇളവ് പൊതുവായി വന്നതാണ്. അതിൽ വുളൂഇൽ കഴുകൽ നിർബന്ധമായ കാലിന്റെ ഭാഗം പൂർണ്ണമായി മറയ്ക്കുന്ന ഖുഫ്ഫകളായിരിക്കണം എന്ന നിബന്ധന പ്രത്യേകം സ്ഥിരപ്പെട്ടിട്ടില്ല.
- ഖുഫ്ഫകൾക്ക് പ്രത്യേകമായൊരു പരിധി നിശ്ചയിക്കപ്പെടേണ്ടതുണ്ടായിരുന്നെങ്കിൽ നബി ﷺ അത് വിശദീകരിക്കാതെ വിട്ടുകളയുമായിരുന്നില്ല. അതിനാൽ ‘ഖുഫ്ഫ്’ എന്നോ ‘ജൗറബ്’ (സോക്സ്) എന്നോ പേര് പറയപ്പെടുന്നതോ, കാലിൽ ധരിക്കപ്പെടുന്നതോ (ഖുഫ്ഫകൾക്ക് സമാനം) ആയ ഏതിന്റെ മേലും തടവൽ അനുവദനീയമാണ്.
ശൈഖ് ഇബ്നു ഉഥൈമീൻ -رَحِمَهُ اللَّهُ- പറയുന്നു: “ചില പണ്ഡിതന്മാർ നിബന്ധന വെച്ചതുപോലെ, തുന്നലിന്റെ ഭാഗം പോലും വെളിവാകാത്ത വിധം -വുദൂഇൽ നിർബന്ധമായ മുഴുവൻ സ്ഥാനത്തെയും- മറയ്ക്കുന്ന ഖുഫ്ഫകൾക്ക് മേൽ മാത്രമേ തടവാൻ പാടുള്ളൂ എന്നത്, നിർബന്ധമില്ല. ഭാഷയിൽ ഖുഫ്ഫ് എന്ന് വിളിക്കപ്പെടാവുന്നവയെല്ലാം ഖുഫ്ഫാണ്; അത് അല്പം കീറിയതോ, കനം കുറഞ്ഞതോ, കട്ടിയുള്ളതോ, കേടുപാടുകളില്ലാത്തതോ ആകട്ടെ.” (ശർഹുൽ മുംതിഅ്: 4/379)
അഭിപ്രായവ്യത്യാസങ്ങളിൽ പാലിക്കേണ്ട സൂക്ഷ്മത എന്ന നിലക്ക്, നെരിയാണി ഉൾപ്പെടെ പൂർണ്ണമായി മറയ്ക്കുന്ന ഖുഫ്ഫുകളോ സോക്സുകളോ ആണെങ്കിൽ മാത്രം ഒരാൾ കാലിന്മേൽ തടവുന്നൂവെങ്കിൽ അത് സൂക്ഷ്മതയുള്ള സമീപനമാണെന്നതിൽ തർക്കമില്ല.
