കെട്ടിവെക്കുകയോ പ്രത്യേകമായി ബന്ധിക്കുകയോ ചെയ്യാതെ തന്നെ, സ്വയം കാലിൽ ഉറച്ചുനിൽക്കുന്ന ഖുഫ്ഫിന്റെ മേൽ മാത്രമേ തടവാൻ പാടുള്ളോ എന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ രണ്ട് അഭിപ്രായങ്ങളുണ്ട്:
ഒന്നാമത്തെ അഭിപ്രായം: സ്വയം കാലിൽ ഉറച്ചുനിൽക്കുന്ന ഖുഫ്ഫയുടെ മേൽ മാത്രമേ തടവാൻ പാടുള്ളൂ. മറ്റൊന്ന് കൊണ്ട് കെട്ടിവെക്കേണ്ടി വരുന്ന ഖുഫ്ഫകളുടെ മേൽ തടവാൻ പാടില്ല. നാല് മദ്ഹബുകളുടെയും അഭിപ്രായം ഇതാണ്.
അവർ ഇതിന് നിരത്തുന്ന ന്യായങ്ങൾ താഴെ പറയുന്നവയാണ്:
- ഇസ്ലാമിക പ്രമാണങ്ങളിൽ തടവാനുള്ള ഇളവ് അനുവദിക്കപ്പെട്ടിട്ടുള്ളത് സാധാരണ നിലയിലുള്ള ഖുഫ്ഫുകൾക്കാണ്. ധരിച്ചുകൊണ്ട് തുടർച്ചയായി നടക്കാൻ സാധിക്കുന്ന ഖുഫ്ഫകളാണവ. എന്നാൽ സ്വയം കാലിൽ ഉറച്ചുനിൽക്കാതെ, നടക്കുമ്പോൾ അഴിഞ്ഞുവീഴുന്ന വിധത്തിലുള്ളവ ഇത്തരം ഖുഫ്ഫകളുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല.
- തുടർച്ചയായി നടക്കാൻ സാധിക്കുന്ന തരത്തിലുള്ള ഖുഫ്ഫുകൾ ധരിക്കുമ്പോഴാണ് മനുഷ്യർക്ക് സ്വാഭാവികമായും അത് അഴിച്ചുമാറ്റാൻ പ്രയാസം നേരിടുന്നതും ഇളവിന്റെ ആവശ്യകത വരുന്നതും. എന്നാൽ നടക്കുമ്പോൾ തന്നെ താനേ ഊരിവീഴുന്നവ അഴിച്ചുമാറ്റുന്നതിൽ യാതൊരു പ്രയാസവുമില്ല; അതിനാൽ അതിന്മേൽ തടവേണ്ട ആവശ്യവുമില്ല.
രണ്ടാമത്തെ അഭിപ്രായം: സ്വയം കാലിൽ ഉറച്ചുനിൽക്കുന്ന ഖുഫ്ഫകളിൽ മാത്രമേ തടവാൻ പാടുള്ളൂ എന്ന നിബന്ധന ശരിയല്ല. മറിച്ച്, ചരടോ മറ്റോ ഉപയോഗിച്ച് കെട്ടിവെച്ചു കൊണ്ട് കാലിൽ ഉറപ്പിച്ചുനിർത്തിയവ ആയാലും അതിന്മേൽ മസ്ഹ് ചെയ്യാവുന്നതാണ്. ഇത് ശാഫിഈ മദ്ഹബിലെ ഒരു അഭിപ്രായവും, ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ, ശൈഖ് ഇബ്നു ഉഥൈമീൻ എന്നിവർ തെരഞ്ഞെടുത്തതുമായ അഭിപ്രായവുമാണ്.
ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ -رَحِمَهُ اللَّهُ- പറയുന്നു: “നബി -ﷺ- തന്റെ സമുദായത്തോട് ഖുഫ്ഫുകൾക്ക് മേൽ തടവാൻ കൽപിച്ചിട്ടുണ്ട്. എന്നാൽ ആ ഖുഫ്ഫ് സ്വയം കാലിൽ നിൽക്കുന്നതാണോ അല്ലയോ എന്നോ, കീറലോ വിടവുകളോ ഇല്ലാത്തതാണോ അതോ ഉള്ളതാണോ എന്നോ ഒന്നും അവിടുന്ന് പരിമിതപ്പെടുത്തിയിട്ടില്ല. അതിനാൽ ഖുഫ്ഫ് എന്ന് പേര് പറയപ്പെടുന്നതും ജനങ്ങൾ ധരിച്ച് നടക്കുന്നതുമായ ഏതിലാണോ, അതിന്മേൽ അല്ലാഹുവും അവന്റെ റസൂലും അനുവദിച്ച പ്രകാരം അവർക്ക് തടവാവുന്നതാണ്.” (മജ്മൂഉൽ ഫതാവാ: 19/242)
