ഇഅ്തികാഫിരിക്കുന്ന ആൾ ആവശ്യത്തിന് വേണ്ടി പുറത്തു പോയതാണെങ്കിൽ അത് പിന്നീട് ഖദ്വാഅ് വീട്ടേണ്ടതില്ല.
عَنْ عَائِشَةَ، قَالَتْ: «كَانَ النَّبِيُّ -ﷺ- إِذَا اعْتَكَفَ، يُدْنِي إِلَيَّ رَأْسَهُ فَأُرَجِّلُهُ، وَكَانَ لَا يَدْخُلُ الْبَيْتَ إِلَّا لِحَاجَةِ الْإِنْسَانِ»
“നബി -ﷺ- ഇഅ്തികാഫ് ഇരുന്നാൽ എന്റെ അടുക്കലേക്ക് അവിടുത്തെ ശിരസ്സ് നീട്ടിത്തരുമായിരുന്നു. അങ്ങനെ ഞാൻ അവിടുത്തേക്ക് മുടിവാരിക്കൊടുക്കും. അവിടുന്ന് പ്രാഥമിക ആവശ്യങ്ങൾക്ക് വേണ്ടിയല്ലാതെ വീട്ടിൽ പ്രവേശിക്കാറില്ലായിരുന്നു.” (ബുഖാരി: 2029, മുസ്ലിം: 297)
നബി -ﷺ- തന്റെ ആവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ പ്രവേശിക്കാറുണ്ടായിരുന്നു എന്നാണ് ഈ ഹദീഥിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ അവിടുന്ന് പിന്നീട് ഈ നഷ്ടപ്പെട്ട സമയങ്ങൾക്ക് പകരമായി ഇഅ്തികാഫ് ഖദ്വാഅ് വീട്ടിയതായി എവിടെയും സ്ഥിരപ്പെട്ടിട്ടില്ല. ഇനി സുന്നത്തായ ഇഅ്തികാഫിനിടയിൽ ആവശ്യങ്ങൾക്കല്ലാതെ പുറത്തു പോവുക എന്നത് ഇഅ്തികാഫിന്റെ പൂർണ്ണതക്ക് എതിരാണെങ്കിലും അതും ഖദ്വാഅ് വീട്ടേണ്ടതില്ല. സുന്നത്തായ നിസ്കാരം ഉപേക്ഷിക്കുകയോ, സുന്നത്തായ ഏതെങ്കിലും സ്വദഖ വേണ്ടെന്നു വെക്കുകയോ ചെയ്തവരെ പോലെയാണ് അവന്റെ അവസ്ഥ.
ഇനി ആരെങ്കിലും ഇത്രയിത്ര ദിവസം ഇഅ്തികാഫ് ഇരിക്കാം -ഉദാഹരണത്തിന് പത്തു ദിവസം- എന്ന് നേർച്ച നേർന്നിട്ടുണ്ടെങ്കിലോ? ഈ സാഹചര്യത്തിൽ പത്തു ദിവസം ഇഅ്തികാഫ് ഇരിക്കുക എന്നത് അവന്റെ മേൽ നിർബന്ധമായതിനാൽ എത്ര ദിവസങ്ങളിലാണോ ആവശ്യത്തിനല്ലാതെ പുറത്തു പോയത്, അത്രയും ദിവസം പിന്നീട് അവൻ ഇഅ്തികാഫ് ഖദ്വാഅ് വീട്ടേണ്ടതുണ്ട്. ഇനി പത്തു ദിവസം തുടർച്ചയായി ഇഅ്തികാഫ് ഇരിക്കാമെന്നാണ് അവന്റെ നേർച്ചയെങ്കിൽ ഒന്നല്ലെങ്കിൽ അവൻ ശപഥം ലംഘിച്ചതിനുള്ള കഫാറത് നൽകുകയോ, അല്ലെങ്കിൽ ആദ്യം മുതൽ ഇഅ്തികാഫ് പുനരാരംഭിക്കുകയോ വേണം. പുനരാരംഭിക്കുകയാണ് ചെയ്തതെങ്കിൽ ശപഥം ലംഘിച്ചതിനുള്ള കഫാറത് നൽകേണ്ടതില്ല. ഇനി ഏതെങ്കിലും പ്രത്യേക ദിവസങ്ങൾ ഇഅ്തികാഫ് ഇരിക്കാമെന്നാണ് -ഉദാഹരണത്തിന് റമദാനിലെ അവസാനത്തെ പത്ത്- നേർച്ച നേർന്നതെങ്കിൽ അവന് നഷ്ടപ്പെട്ട ദിവസങ്ങൾ പിന്നീടെപ്പോഴെങ്കിലും ഖദ്വാഅ് വീട്ടുകയും, റമദാനിലെ സമയം നഷ്ടപ്പെട്ടതിന് പകരമായി ശപഥം ലംഘിച്ചതിന്റെ കഫാറത് നൽകുകയും വേണം.
സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; ഇത്തരം നേർച്ചകൾ ഉപേക്ഷിക്കുന്നതാണ് നല്ലത്. കാരണം അല്ലാഹു നമ്മുടെ മേൽ സുന്നത്താക്കിയ കാര്യങ്ങൾ നാം സ്വയം നിർബന്ധമാക്കുകയും, പിന്നീട് അത് നമുക്ക് പ്രയാസമായി തീരുകയോ, അതിൽ അലസത കാണിച്ചു കൊണ്ട് നാം മരണപ്പെട്ടു പോവുകയോ ചെയ്യുന്നത് കൂടുതൽ അപകടകരമാണ്. വല്ലാഹു അഅ്ലം.