ഇഅ്തികാഫിന് ഇടയിൽ രോഗിയെ സന്ദർശിക്കുക, ജനാസയിൽ പങ്കെടുക്കുക പോലുള്ള കാര്യങ്ങൾക്ക് നിബന്ധന വെച്ചു കൊണ്ടാണ് ഇഅ്തികാഫിൽ പ്രവേശിച്ചിട്ടുള്ളത് എങ്കിൽ പോകാവുന്നതാണ്. കാരണം നബി -ﷺ- ഇഅ്തികാഫിൽ പ്രവേശിച്ചാൽ വളരെ അത്യാവശ്യമായ കാര്യങ്ങൾക്കല്ലാതെ പുറത്തു പോയിരുന്നില്ല. അവിടുന്ന് ഇഅ്തികാഫിന് ഇടയിൽ രോഗിയെ സന്ദർശിക്കാനോ ജനാസയിൽ പങ്കെടുക്കാനോ പോയത് സ്ഥിരപ്പെട്ടിട്ടില്ല. ഇതിൽ നിന്ന് ഇഅ്തികാഫിൽ പാലിക്കേണ്ട സുന്നത്തുകളിൽ പെട്ടതാണ് മറ്റെല്ലാ കാര്യങ്ങളിൽ നിന്നും മാറിനിന്നു കൊണ്ട് ഇഅ്തികാഫിൽ തന്നെ വ്യാപൃതനാകൽ എന്ന് മനസ്സിലാക്കാൻ കഴിയും.
عَنْ عَائِشَةَ زَوْجِ النَّبِيِّ -ﷺ- قَالَتْ: «إِنْ كُنْتُ لَأَدْخُلُ الْبَيْتَ لِلْحَاجَةِ، وَالْمَرِيضُ فِيهِ، فَمَا أَسْأَلُ عَنْهُ إِلَّا وَأَنَا مَارَّةٌ»
ആഇശ -رَضِيَ اللَّهُ عَنْهَا- പറയുന്നു: “(ഇഅ്തികാഫിലായിരിക്കെ) ഞാൻ ചിലപ്പോൾ പ്രാഥമികാവശ്യങ്ങൾക്ക് വേണ്ടി വീട്ടിൽ പ്രവേശിക്കും. അപ്പോൾ അവിടെ ചിലപ്പോൾ രോഗിയായ ആരെങ്കിലും ഉണ്ടായിരിക്കും. നടന്നു കൊണ്ട് ചോദിക്കുക എന്നല്ലാതെ (അവരെ സന്ദർശിക്കുന്നതിനായി ഞാൻ അവിടെ നിൽക്കാറില്ലായിരുന്നു).” (മുസ്ലിം: 297)
ഇഅ്തികാഫ് ഇരിക്കുന്ന വേളയിൽ ഇത്തരം കാര്യങ്ങൾക്ക് പോകാതിരിക്കലാണ് സുന്നത്ത് എന്ന് മനസ്സിലായി. എന്നാൽ ആരെങ്കിലും നിബന്ധന വെച്ചു കൊണ്ടാണ് ഇഅ്തികാഫിൽ പ്രവേശിച്ചതെങ്കിൽ അവന് അത്തരം കാര്യങ്ങൾക്ക് പോകാം. കഴിഞ്ഞ ചോദ്യത്തിൽ ഇഅ്തികാഫിൽ നിബന്ധന വെക്കുന്നതിനെ കുറിച്ച് നാം വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. വല്ലാഹു അഅ്ലം.