മൂന്ന് മസ്ജിദുകളിലല്ലാതെ ഇഅ്തികാഫ് ഇരിക്കാൻ പാടില്ലെന്ന് സലഫുകളിൽ ചിലർക്ക് അഭിപ്രായമുണ്ട്. നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട ഒരു ഹദീഥ് അതിന് ബലം നൽകുന്നതായി പറയപ്പെടാറുണ്ട്. അതിപ്രകാരമാണ്:
عَنْ حُذَيْفَةَ -َرَضِيَ اللَّهُ عَنْهُ- عَنِ النَّبِيِّ -ﷺ- قَالَ: «لَا اعْتِكَافَ إِلَّا فِي المَسَاجِدِ الثَّلَاثَةِ»
ഹുദൈഫ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: “മൂന്ന് മസ്ജിദുകളിലല്ലാതെ ഇഅ്തികാഫ് ഇല്ല.” (ബയ്ഹഖി: 4/316)
ഈ ഹദീഥ് നബി -ﷺ- യിലേക്ക് ചേർത്തി കൊണ്ട് സ്ഥിരപ്പെട്ടിട്ടില്ല എന്ന് ചില പണ്ഡിതന്മാർ പറഞ്ഞിട്ടുണ്ട്. നബി -ﷺ- യിൽ നിന്ന് ഇപ്രകാരം ഒരു ഹദീഥ് സ്ഥിരപ്പെട്ടിരുന്നെങ്കിൽ അത് സ്വഹാബികൾക്കിടയിൽ വ്യാപമകായി പ്രചരിക്കുകയും, അവരിൽ വലിയൊരു വിഭാഗത്തിന് അത് അവ്യക്തമായി തീരുകയും ചെയ്യില്ലായിരുന്നു. കാരണം ഇഅ്തികാഫ് എല്ലാ വർഷവും ആവർത്തിക്കുന്ന ഇബാദത്താണല്ലോ; സ്വഹാബികളിൽ അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ-, ആഇശ -رَضِيَ اللَّهُ عَنْهَا-, ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- തുടങ്ങിയവർ ഈ വിഷയത്തിൽ പറഞ്ഞ -ഇതിന് എതിരാകാവുന്ന- അഥറുകൾ മുൻപ് നാം നൽകിയിട്ടുമുണ്ട്.
ഇനി നബി -ﷺ- യുടെ ഹദീഥായി അത് സ്ഥിരപ്പെട്ടുവെന്ന് വന്നാൽ തന്നെയും അത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് ഇഅ്തികാഫിന്റെ പൂർണ്ണത ഈ മൂന്ന് മസ്ജിദുകളിലല്ലാതെ ലഭിക്കില്ല എന്നാണെന്ന് മനസ്സിലാക്കേണ്ടി വരും. അതാകട്ടെ, പൊതുവെ പണ്ഡിതന്മാർക്കിടയിൽ യോജിപ്പുള്ള കാര്യവുമാണ്. മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ്വാ എന്നീ മൂന്ന് മസ്ജിദുകളിലുള്ള നിസ്കാരത്തിന്റെയും അവിടെ കഴിഞ്ഞു കൂടുന്നതിന്റെയും ശ്രേഷ്ഠത ഏതൊരു മുസ്ലിമിനും അറിയുന്നതാണ്. പുണ്യം പ്രതീക്ഷിച്ചു കൊണ്ട് യാത്ര ചെയ്യാവുന്ന മസ്ജിദുകൾ ഇവ മാത്രവുമാണ്. അതിനാൽ ഈ മൂന്ന് മസ്ജിദുകളിലുമാണ് ഏറ്റവും പരിപൂർണ്ണവും, അതിമഹത്തരമായ ശ്രേഷ്ഠതയുമുള്ള ഇഅ്തികാഫ് ലഭിക്കുക എന്ന് മാത്രമേ ഇതിൽ നിന്ന് മനസ്സിലാക്കാൻ കഴിയൂ. അല്ലാതെ അവിടെ മാത്രമേ ഇഅ്തികാഫ് പാടുള്ളൂ എന്ന് മനസ്സിലാക്കുന്നത് ശരിയാവുകയില്ല. വല്ലാഹു അഅ്ലം.