بسم الله الرحمن الرحيم، الحمد لله رب العالمين، وصلى الله وسلم وبارك على نبينا محمد وعلى آله وصحبه أجمعين، أما بعد؛
മതവിജ്ഞാനം നേടുകയെന്നത് ഏറെ ശ്രേഷ്ഠതകളുള്ള കാര്യമാണ്. അല്ലാഹുവിന്റെ റസൂലിﷺന്റെ അനന്തരസ്വത്താണ് മതവിജ്ഞാനം. അത് നേടിയെടുക്കൽ മഹത്തായ കാര്യമാണ്. മതവിജ്ഞാനം രണ്ടുതരമുണ്ട്.
ഒന്ന്: എല്ലാവർക്കും പഠിക്കൽ നിർബന്ധമായ (فرض عين) വിജ്ഞാനം. ഇതിനെക്കുറിച്ചാണ് നബി ﷺ ഇങ്ങനെ പറഞ്ഞത്:
«طَلَبُ الْعِلْمِ فَرِيضَةٌ عَلَى كُلِّ مُسْلِمٍ» (رواه ابن ماجه :(224) عن أنس بن مالك، وصححه الألباني)
“(മത) വിജ്ഞാനം തേടൽ ഓരോ മുസ്ലിമിനും നിർബന്ധമാകുന്നു.”
അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങൾ, വുദൂഅ്, കുളി എന്നിങ്ങനെ ശുദ്ധീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, നിസ്കാരത്തിന്റെ രൂപം തുടങ്ങിയ വിഷയങ്ങളാണ് ഈ ഇനത്തിൽ പെടുന്ന വിജ്ഞാനത്തിന്റെ പരിധിയിൽ വരുന്നത്. ഇത് പഠിക്കൽ എല്ലാവർക്കും നിർബന്ധമാണ്. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്താൽ ഈ വിഷയങ്ങൾ പഠിക്കുക എളുപ്പമുള്ള കാര്യമാണ്. നമ്മുടെ നാട്ടിൽ തന്നെ ഇതിന് ധാരാളം സൗകര്യങ്ങളുണ്ട്.
രണ്ട്: സമൂഹത്തിൽ ചിലരെങ്കിലും പഠിച്ചിരിക്കൽ നിർബന്ധമായ (فرض كفاية) അറിവ്. മതത്തിന്റെ വ്യത്യസ്ത വിഷയങ്ങളിലുള്ള ആഴത്തിലുള്ള പഠനമാണിത്. ഈ വിജ്ഞാനം നേടൽ എല്ലാവർക്കും നിർബന്ധമുള്ള കാര്യമല്ല. എന്നാൽ ഒരു നാട്ടിൽ ആരെങ്കിലുമൊക്കെ ഇതിനുവേണ്ടി ഒഴിഞ്ഞിരിക്കേണ്ടതാണ്. ആരും ഇതിന് തയ്യാറായില്ലെങ്കിൽ എല്ലാവരും കുറ്റക്കാരാകും. അല്ലാഹു പറഞ്ഞത് നോക്കൂ:
وَمَا كَانَ الْمُؤْمِنُونَ لِيَنفِرُوا كَافَّةً ۚ فَلَوْلَا نَفَرَ مِن كُلِّ فِرْقَةٍ مِّنْهُمْ طَائِفَةٌ لِّيَتَفَقَّهُوا فِي الدِّينِ وَلِيُنذِرُوا قَوْمَهُمْ إِذَا رَجَعُوا إِلَيْهِمْ لَعَلَّهُمْ يَحْذَرُونَ ﴿١٢٢﴾
“മുഅ്മിനുകളാകമാനം (യുദ്ധത്തിനു) പുറപ്പെടാവതല്ല. എന്നാൽ അവരിലെ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം പുറപ്പെട്ടുപൊയ്ക്കൂടേ? എങ്കിൽ (ബാക്കിയുള്ളവർക്ക് നബിയോടൊപ്പം നിന്ന്) ദീനിൽ വിജ്ഞാനം നേടുവാനും, തങ്ങളുടെ ആളുകൾ (യുദ്ധരംഗത്തുനിന്ന്) അവരുടെയടുത്തേക്ക് തിരിച്ചുവന്നാൽ അവർക്ക് താക്കീതു നൽകുവാനും കഴിയുമല്ലോ. അവർ സൂക്ഷ്മത കൈക്കൊള്ളുവാൻ വേണ്ടി.” (സൂറതു തൗബ: 122)
ഈ ആയത്ത് വിശദീകരിക്കവെ ഇമാം ക്വുർത്വുബി തന്റെ തഫ്സീറിൽ പറയുകയുണ്ടായി:
«هَذِهِ الْآيَةُ أَصْلٌ فِي وُجُوبِ طَلَبِ الْعِلْمِ، لِأَنَّ الْمَعْنَى: وَمَا كَانَ الْمُؤْمِنُونَ لِيَنْفِرُوا كَافَّةً وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مقيم لا ينفر فيتركوه وحده، «فَلَوْلا نَفَرَ» بعد ما عَلِمُوا أَنَّ النَّفِيرَ لَا يَسَعُ جَمِيعَهُمْ، «مِنْ كُلِّ فِرْقَةٍ مِنْهُمْ طائِفَةٌ» وَتَبْقَى بَقِيَّتُهَا مَعَ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِيَتَحَمَّلُوا عَنْهُ الدِّينَ وَيَتَفَقَّهُوا، فَإِذَا رَجَعَ النَّافِرُونَ إِلَيْهِمْ أَخْبَرُوهُمْ بِمَا سَمِعُوا وَعَلِمُوهُ، وَفِي هَذَا إِيجَابُ التَّفَقُّهِ فِي الْكِتَابِ وَالسُّنَّةِ، وَأَنَّهُ عَلَى الْكِفَايَةِ دُونَ الْأَعْيَانِ» (تفسير القرطبي: 8/294)
“മതവിജ്ഞാനം തേടൽ നിർബന്ധമാണെന്ന കാര്യത്തിനുള്ള ഒരു അടിസ്ഥാനമാകുന്നു ഈ ആയത്ത്. കാരണം, “മുഅ്മിനുകളാകമാനം (യുദ്ധത്തിനു) പുറപ്പെടാവതല്ല” എന്നു പറഞ്ഞതിനർഥം, നബി ﷺ നാട്ടിൽ തന്നെ കഴിയുകയാണെങ്കിൽ നബിﷺയെ തനിച്ചാക്കി അവരൊന്നടങ്കം പോകരുതെന്നാണ്. “എന്നാൽ അവരിലെ ഓരോ വിഭാഗത്തിൽ നിന്നും ഓരോ സംഘം പുറപ്പെട്ടുപൊയ്ക്കൂടേ? ” അഥവാ എല്ലാവർക്കും പോകാൻ പാടില്ലെന്നറിഞ്ഞു കഴിഞ്ഞാൽ ബാക്കിയുള്ളവർ നബിﷺയിൽ നിന്നും ദീൻ പഠിക്കാനും അതിൽ അവഗാഹം നേടുവാനും വേണ്ടി നബിﷺയുടെകൂടെ കഴിയുക. പോയവർ തിരിച്ചുവന്നാൽ കേട്ടതും പഠിച്ചതുമെല്ലാം അവർക്ക് അറിയിച്ചുകൊടുക്കുക. ക്വുർആനും സുന്നത്തും ആഴത്തിൽ പഠിക്കൽ വാജിബാണെന്ന് ഇതിലൂടെ തെളിയുന്നു. അത് കിഫായത് ആണെന്നതിനും ഓരോരുത്തർക്കും വ്യക്തിപരമായി നിർബന്ധമുള്ള കാര്യമല്ലെന്നതിനും ഇതിൽ തെളിവുണ്ട്” (തഫ്സീറുൽ ക്വുർത്വുബി: 8/294)
അല്ലാഹുവിന്റെ വലിയ അനുഗ്രഹമാണിത്. കാരണം ദീൻ ആഴത്തിൽ പഠിക്കാനായി ഒഴിഞ്ഞിരിക്കൽ എല്ലാ മുസ്ലിംകൾക്കും നിർബന്ധമായിരുന്നുവെങ്കിൽ ബാക്കിയുള്ള ജോലികൾ ചെയ്യാൻ ഈ സമുദായത്തിൽ ആരുമുണ്ടാകാത്ത സ്ഥിതിവരും. സമൂഹത്തിന് ഉപകാരപ്രദമായ എല്ലാ നല്ല ജോലികൾ ചെയ്യാനും നമുക്ക് ആളുകൾ വേണം. മാത്രമല്ല, ആഴമേറിയ പഠനത്തിനുള്ള കഴിവ് എല്ലാവർക്കുമുണ്ടാവുകയില്ല. ഓരോരുത്തരുടെയും കഴിവുകൾ വ്യത്യസ്തമാണ്. എന്നാൽ എല്ലാവർക്കും പഠിക്കൽ നിർബന്ധമായ വിജ്ഞാനമാകട്ടെ വളരെ എളുപ്പവുമാണ്.
വിജ്ഞാനസമ്പാദന വിഷയത്തിൽ അതിരുവിട്ട പലതരം ആളുകളെ സമൂഹത്തിൽ നമുക്ക് കാണാം. ഒരു കൂട്ടർ മതപഠനത്തോട് യാതൊരു താൽപര്യവുമില്ലാത്തവരാണ്. നിർബന്ധമായും അറിഞ്ഞിരിക്കേണ്ട, ഇസ്ലാമിലെ പ്രാഥമിക പാഠങ്ങളെക്കുറിച്ചുപോലും ഇക്കൂട്ടർ അജ്ഞരാണ്. അശ്രദ്ധയിൽ ജീവിക്കുന്ന ഒരു വിഭാഗം! അതിനെക്കാൾ അപകടമെന്തെന്നാൽ ഇവരിൽ പലർക്കും ദീൻ പഠിക്കുന്നവരോട് പുച്ഛമാണ്. ജീവിതത്തിന്റെ ലക്ഷ്യം തന്നെ ഇവർ മറന്നുപോയി. ഈ ലോകം ശാശ്വതമാണെന്നതു പോലെയാണിവർ പൊയ്ക്കൊണ്ടിരിക്കുന്നത്.
മറ്റുചിലരാകട്ടെ മതപഠനത്തോട് താൽപര്യമുള്ളവർ തന്നെയാണ്. പക്ഷെ അതിന്റെ യാഥാർഥ്യമെന്താണെന്ന് അവർ ഗ്രഹിച്ചിട്ടില്ല. നേരത്തെ സൂചിപ്പിച്ചതുപ്രകാരം, മതപഠനം രണ്ട് തരമുണ്ടെന്ന് ഇവരിൽ പലരും മനസ്സിലാക്കിയിട്ടില്ല. എല്ലാവർക്കും പഠിക്കൽ നിർബന്ധമുള്ള മതവിജ്ഞാനവും, ചിലരെങ്കിലും പഠിക്കൽ നിർബന്ധമായ മതവിജ്ഞാനവും, എന്നിങ്ങനെ രണ്ട് ഇനമുണ്ട് എന്ന് തിരിച്ചറിയാത്തതു പോലെയാണ് ഇക്കൂട്ടരുടെ ചെയ്തികൾ. സങ്കടകരമെന്നു പറയട്ടെ, യമനിലേക്ക് പഠിക്കാനായി പോവുകയും അതിന് നിരന്തരം ആളുകളെ പ്രേരിപ്പിക്കുകയും ചെയ്യുന്ന പലരും ഈ അതിരുവിട്ട നിലപാടിലാണുള്ളത്. ആഴത്തിലുള്ള മതപഠനം തന്നെ എല്ലാവർക്കും നിർബന്ധമാണെന്നും അതിന് യമനിൽ പോകലല്ലാതെ മറ്റൊരു മാർഗ്ഗവും ഇന്നത്തെ സാഹചര്യത്തിൽ ഇല്ല എന്നും ഇക്കൂട്ടർ പറയാതെ പറയുന്നു. യഥാർഥത്തിൽ തികച്ചും അബദ്ധജടിലവും അപകടംപിടിച്ചതുമായ ഒരു വാദമാണിത്.
യമൻ ഒരു പ്രശ്നബാധിത രാജ്യമാണ്. ആ രാജ്യം പൂർണ്ണമായി ഇതുവരെ ഒരു സുസ്ഥിര ഭരണത്തിന് കീഴിലായിട്ടില്ല. യമനിലെ ചില പ്രദേശങ്ങൾ ഇന്നും ഹൂഥീ ഭീകരരുടെ കരാളഹസ്തങ്ങളിലാണ്. (അല്ലാഹു അവരിൽ നിന്നും ആ രാജ്യത്തിന് മോചനം നൽകുകയും ആ നാടിനെ പൂർണ്ണമായും അഹ്ലുസ്സുന്നത്തിന്റെതാക്കുകയും ചെയ്യുമാറാകട്ടെ)
യമനിൽ യുദ്ധമുണ്ടെങ്കിലും ഞങ്ങൾ പഠിക്കാൻ പോകുന്ന പ്രദേശം യാതൊരു കുഴപ്പവുമില്ലാത്ത സ്ഥലമാണെന്ന് ഇവർ ന്യായം പറയാറുണ്ട്. പക്ഷെ നമ്മുടെ രാജ്യത്ത് അഥവാ ഇന്ത്യയിൽ യമൻ ഒരു യുദ്ധഭൂമി ആയിട്ടു തന്നെയാണ് ഇന്നറിയപ്പെടുന്നത്. അതുകൊണ്ടുതന്നെ യമനിലേക്ക് പോകുന്നവർ സ്വാഭാവികമായും ഈ രാജ്യത്തെ വിവിധ അന്വേഷണ ഏജൻസികളുടെ അന്വേഷണ പരിധിയിലേക്ക് വരുന്നു. യമനിലേക്ക് പോകുന്നവരുടെ ബന്ധുക്കളിലേക്കും സുഹൃത്തുക്കളിലേക്കുമെല്ലാം അന്വേഷണവും ചോദ്യങ്ങളുമെത്തുന്നു. അല്ല, നാടുവിട്ടവരുടെ അതേ ആദർശം പുലർത്തുന്നു എന്ന് പോലീസ് മനസ്സിലാക്കുന്ന, ഇതുമായൊന്നും യാതൊരു ബന്ധവുമില്ലാത്തവർ പോലും സംശയമുനകളുടെയും കുത്തുവാക്കുകളുടെയും മുന്നിൽ ഉഴലേണ്ടി വരുന്നു. എരിയും പുളിയും കൂട്ടാൻ വാർത്താമാധ്യമങ്ങളും സോഷ്യൽ മീഡിയയും തയ്യാറായി നിൽക്കുന്നു. പോരാതെ ഖാരിജീ ഭീകരരായ ഐ എസിന്റെ വ്യാജഖിലാഫത്തിലേക്കുള്ള റിക്രൂട്മെന്റ് വാർത്തകൾ വേറെയും!
ഈ പ്രയാസങ്ങൾക്കു നടുവിൽ ബാക്കിയുള്ള മുസ്ലികളെ തള്ളിവിട്ടുകൊണ്ടാണ് ഇവരിൽ പലരും നാടുവിടുന്നത്. എന്തിനാണ് ഇങ്ങനെ സ്വന്തം മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയുമെല്ലാം കണ്ണീരിലാഴ്ത്തുന്നത്? നമ്മുടെ മുൻഗാമികൾ ഇങ്ങനെയാണോ ഇൽമ് നേടിയത്? മറ്റുള്ളവർക്ക് ദ്രോഹം വരുത്തിവെച്ചാണോ അവർ പണ്ഡിതന്മാരാകാൻ പോയത്? ശരിയാണ്, അല്ലാഹു ഉദ്ദേശിച്ചത് സംഭവിക്കുക തന്നെ ചെയ്യും. നാം ഒന്നും ചെയ്തില്ലെങ്കിലും ചിലപ്പോൾ ഇത്തരം അന്വേഷണങ്ങൾ നമുക്ക് നേരെ വന്നേക്കാം. പക്ഷേ കരുതിക്കൂട്ടി അതിന് ഇടവരുത്തുന്നതെന്തിനാണ്? വഴിയേ പോകുന്ന പ്രയാസങ്ങൾ വലിച്ചെടുത്ത് കഴുത്തിലിട്ടേതീരൂവെന്ന് എന്തിനാണിത്ര നിർബന്ധം? ഈ യാഥാർഥ്യം പറയുന്നവരെ ഇൽമ് ഇല്ലാത്തവരും ഇൽമ് തടയുന്നവരെന്നുമൊക്കെ ആക്ഷേപിച്ചേക്കാം. പക്ഷെ ആളുകളുടെ ആരോപണങ്ങൾ പേടിച്ച് സത്യം പറയാതിരിക്കാൻ പാടില്ലല്ലോ.
യമനിലെ ഒരു പ്രത്യേക വിഭാഗം ആളുകളിൽ നിന്നും വിജ്ഞാനം സ്വീകരിച്ചു എന്നു പറയുന്ന പലരും മതവിദ്യാർത്ഥികൾ പാലിക്കേണ്ട മര്യാദകളിൽ പലതും പാലിക്കുന്നില്ല. അതിൽ വളരെ പ്രധാനപ്പെട്ടതാണ് പണ്ഡിതന്മാരോടുള്ള ബഹുമാനം. എന്നാൽ ഇക്കൂട്ടരിൽ പലരും അഹ്ലുസ്സുന്നത്തിന്റെ തലമുതിർന്ന പണ്ഡിതന്മാരിൽ പലരെയും മോശമായ വാക്കുകൾ കൊണ്ട് ആക്ഷേപിക്കുന്നു. തങ്ങളുടെ കക്ഷിയോട് യോജിക്കുന്നില്ല എന്നൊരൊറ്റ കാരണത്താൽ ആ പണ്ഡിതന്മാരുടെ വിജ്ഞാനത്തെ തള്ളിക്കളയുന്നു. അവരുടെ ദർസുകൾ കേൾക്കരുത് എന്നും അവരിൽ നിന്ന് വിജ്ഞാനം സ്വീകരിക്കരുതെന്നും ആഹ്വാനം ചെയ്യുന്നു. ആ പണ്ഡിതന്മാരുടെ അടിയുറച്ച വിജ്ഞാനത്തിനോ അവർ ഈ ഉമ്മത്തിന് ചെയ്ത മഹത്തായ സേവനങ്ങൾക്കോ ഇവരുടെ അരികിൽ പുല്ലുവില പോലുമില്ല.
ഇതിനുള്ള പല ഉദാഹരണങ്ങളിലൊന്നാണ് ഇവർ വലിയ ശൈഖായി പറയുന്ന ഒരാൾ രണ്ടു സലഫി പണ്ഡിതന്മാരെ കുറിച്ച് പറഞ്ഞ ആക്ഷേപങ്ങൾ. ഒന്ന് ശൈഖ് സുലൈമാൻ അർ റുഹൈലിയും മറ്റൊരാൾ ശൈഖ് അബ്ദുറസാഖ് അൽ ബദ്റും ആണ്. ഈ രണ്ട് പണ്ഡിതന്മാരും മുസ്ലിം ഉമ്മത്തിന് ചെയ്തുകൊണ്ടിരിക്കുന്ന വൈജ്ഞാനിക സേവനങ്ങൾ സാധാരണക്കാർക്കുപോലും സുപരിചിതമാണ്. എന്നാൽ ഈ യമനി കക്ഷി അവരുടെ നേതാക്കന്മാരിൽ എണ്ണുന്ന ഒരാൾ മേല്പറഞ്ഞ രണ്ടു പണ്ഡിതന്മാരിൽ നിന്നും വിജ്ഞാനം സ്വീകരിക്കുന്നതിൽ നിന്നും ജനങ്ങളെ നിരുത്സാഹപ്പെടുത്തുന്നു. വിഷം പുരണ്ട വാക്കുകൾ അവരെക്കുറിച്ച് പ്രയോഗിക്കുന്നു. അഹ്ലുസ്സുന്നത്ത് പരസ്പരം പാലിക്കേണ്ട സൗമ്യതക്ക് തികച്ചും വിരുദ്ധമാണിത്. ഇത് തികഞ്ഞ കക്ഷിത്വം (ഹിസ്ബിയ്യത്) ആണെന്നതിൽ സംശയമില്ല.
ഇതൊരുദാഹരണം മാത്രം. ഇതുപോലെ ഒരുപാട് പറയാനുണ്ട്. ഇത്തരം അതിക്രമ ഫത്വകളിറക്കുന്നവരെപ്പോലെ കഷ്ടമാണ്, അതു കേട്ട് തുള്ളുന്ന ചില സാധാരണക്കാരുടെ കാര്യം. യാതൊരു വിവരുമില്ലെങ്കിലും മഹാപണ്ഡിതന്മാർ പോലും സംസാരിക്കാൻ മടിക്കുന്ന വിഷയങ്ങളിൽവരെ സ്വന്തം പ്രസ്താവനകളിറക്കും. അറബിയിൽ ‘ഫുലാൻ’ എന്നു പറഞ്ഞാൽ എന്താണർഥമെന്നുപോലും അറിയില്ലെങ്കിലും അങ്ങറേബ്യയിലുള്ള ഉലമാക്കൾക്കു വരെ മാർക്കിട്ടുകളയും! ശൈഖ് ഉബൈദ് അൽ ജാബിരിയെപ്പോലെയുള്ള തലനരച്ച പണ്ഡിതന്മാരെപ്പോലും ‘അയാൾ’, ‘അവൻ’ എന്നൊക്കെ നിർലജ്ജം വിളിക്കും. അറിവിലും പ്രായത്തിലും സൽപ്രവർത്തനങ്ങളിലും തങ്ങളെക്കാൾ എത്രയോ മുന്നിലുള്ള മഹാന്മാരായ പണ്ഡിതന്മാരെ കൊച്ചാക്കാൻ, ഈ കക്ഷിയിൽപെട്ട യാതൊരു വിവരമില്ലാത്തവർ പോലും ധൈര്യം കാണിക്കുന്നു. അതിനിവർക്കുള്ള മാതൃകയാകട്ടെ ‘ഉലമാക്കൾ’ എന്ന് ഇവർ മാത്രം വിളിക്കുന്ന ചില യമനികളാണ്. ഇവരുടെ നാവിലൂടെയല്ലാതെ ലോക മുസ്ലിംകൾക്കാർക്കും ഈ ‘ഉലമാ’ക്കളെ അറിയില്ലായിരുന്നു. ‘അല്ലാമ’മാർ എന്നും ‘ശൈഖു’മാർ എന്നുമൊക്കെ ഇവർ തന്നെ ചിലരെ വിളിക്കുക! എന്നിട്ട് ഇവരുടെ ഈ ‘ശൈഖുമാർ’ ആരെയൊക്കെ തള്ളിയിട്ടുണ്ടോ, നമ്മളും അവരെ മുഴുവൻ തള്ളിപ്പറയണമത്രെ! ഇവരുടെ ‘അബൂ ഫുലാനു’ കൾക്ക് സ്വീകാര്യരായവരെ മാത്രമെ നമ്മളും സ്വീകരിക്കാൻ പാടുള്ളുവത്രെ! ഇതെന്ത് ന്യായമാണ്? ഇത് ഹിസ്ബിയ്യത്തല്ലെങ്കിൽ വേറെന്താണ് ഹിസ്ബിയ്യത്?
ഈ കക്ഷിയിൽപെട്ട പലരുടെയും മറ്റൊരു സ്വഭാവമാണ് കാടടച്ച തബ്ദീഅ്. (മറ്റുള്ളവർ ബിദ്അതിന്റെ ആളുകളാണെന്ന് വിധിക്കൽ). തന്റെ കക്ഷിയോട് യോജിക്കുന്നില്ല എന്ന ഒരൊറ്റ കാരണത്താൽ അഹ്ലുസ്സുന്നത്തിൽപെട്ട പലരെയും ബിദ്അതുകാരാണെന്ന് വേഗത്തിലിവർ വിധിച്ചു കളയുന്നു. ഞങ്ങൾ മാത്രമാണ് ഇന്നാട്ടിലെ അഹ്ലുസ്സുന്നത് എന്നും, ഞങ്ങളുടെ മർക്കസ് മാത്രമാണ് പണ്ഡിതന്മാരുടെ നിർദ്ദേശമനുസരിച്ച് പ്രവർത്തിക്കുന്നതെന്നും പറയാൻ യാതൊരു ലജ്ജയും ഇക്കൂട്ടർക്കില്ല. ഞങ്ങൾ മാത്രമാണ് അഹ്ലുസ്സുന്നത്തെന്നുപറഞ്ഞാൽ ബാക്കിയുള്ളവരൊക്കെ പുറത്തെന്നല്ലേ അർഥം? ബുദ്ധിയുള്ളവൻ, അതിരുവിട്ടഅവകാശവാദങ്ങളെ നോക്കിക്കാണുക ഒരുതരം അല്പത്തരമായിട്ടാണ്. പക്ഷെ അതൊക്കെയൊരു അലങ്കാരമാണെന്ന് ഈ സാധുക്കൾ ധരിച്ചുവെച്ചിരിക്കുന്നു.
യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള കാടടച്ച തബ്ദീഅ് സലഫികളുടെ മാർഗമല്ല. അവനവന്റെ കക്ഷിക്കു പുറത്തുള്ള ഒരാളുടെ ദഅ്വതിനും യാതൊരു വിലയുമില്ലെന്ന സമീപനം ഒട്ടും ശരിയല്ല. കേരളത്തിലെ ‘വിസ്ഡം’ എന്നറിയപ്പെടുന്ന കക്ഷിയുമായി പല അഭിപ്രായവ്യത്യാസവുമുള്ളവരാണ് ഞങ്ങൾ. എന്നാൽ ആ സംഘടനയുമായി സഹകരിക്കുന്ന ആരൊക്കെയുണ്ടോ അവരെല്ലാവരും മുബ്തദിഉകളാണെന്ന് ഞങ്ങൾക്ക് അഭിപ്രായമില്ല. എന്നാൽ പല പിഴച്ച വാദങ്ങളും വെച്ചുപുലർത്തുന്ന ചിലർ അവരുടെകൂട്ടത്തിലുണ്ട്. അങ്ങനെയുള്ളവർക്ക് ഉചിതമായ മറുപടി അതാത് സമയങ്ങളിൽ ഞങ്ങൾ നൽകിയിട്ടുമുണ്ട്. അൽഹംദുലില്ലാഹ്. എന്നാൽ, ആളുകളെ വിലയിരുത്തുന്ന കാര്യത്തിൽ ഇത്തരം സൂക്ഷ്മതയുള്ള നിലപാടല്ല യമനീ കക്ഷിയിൽപെട്ടവർക്കുള്ളത്. യമനീ കക്ഷിയുടെ നേരെ എതിർവശത്തുനിൽക്കുന്ന അതിരുവിട്ട മറ്റൊരു വിഭാഗവും അങ്ങനെത്തന്നെ.
അവരുടെ കൂടെ നിൽക്കാത്ത മുഴുവൻ പ്രബോധകരിൽ നിന്നും, അവരുടെ വിജ്ഞാനത്തിൽ നിന്നും പൊതുജനങ്ങളെ ഒന്നടങ്കം തടഞ്ഞു നിർത്തുക! നന്മയിൽ നിന്ന് ജനങ്ങളെ തടയുക എന്ന കടുത്ത തെറ്റാണിത്. ദീനിലേക്കുള്ള ജനങ്ങളുടെ വഴി മുടക്കുക എന്ന ക്രൂരത…
മാത്രമല്ല, പണ്ഡിതന്മാർക്ക് മഹത്തരമായ പല ഗുണങ്ങളുമുണ്ട്. അവർക്ക് അവരുടെതായ ചില ഭംഗിയുള്ള രീതികളുണ്ട്. നീതിയും ക്ഷമയും അവധാനതയുമെല്ലാം അതിൽ വളരെ പ്രധാനപ്പെട്ടവയാണ്. ലോകത്തുള്ള കൂട്ടായ്മകളെയും പ്രബോധകരെയുമൊക്കെ, നീതിയനുസരിച്ചേ അവർ വിലയിരുത്തുകയുള്ളൂ. എടുത്തുചാടി ആരെയെങ്കിലും എന്തെങ്കിലുമൊക്കെയങ്ങ് പറഞ്ഞേക്കുകയെന്നത്, പൊതുവെ ഉലമാക്കളുടെ സ്വഭാവമല്ല. എന്നാൽ യമനിലേക്ക് പോകുന്നവരെത്തിച്ചേരുന്ന മർക്കസുകളുടെ തലവന്മാരിൽ പലരിലും ഇത്തരം സ്വഭാവഗുണങ്ങൾ കാണാൻ കഴിയുന്നില്ല. അനീതിയും എടുത്തുചാട്ടവും വേണ്ടുവോളം കാണാനും കഴിയുന്നു.
അതിനുള്ള വലിയ ഉദാഹരണങ്ങളിലൊന്നാണ്, ഈയടുത്ത് പുറത്തുവന്ന ഒരു യമനീ ഫത്വ! കേരളത്തിലെ എളിയവരായ പല പ്രബോധകരെയും അതിൽ പേരെടുത്തുവിമർശിക്കുന്നു! ഒരിക്കലും അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാരുടെ രീതിയല്ല ഇത്. ലോകമുസ്ലികൾക്കിടയിൽ വലിയ സ്വാധീനമൊന്നുമില്ലാത്ത, ഈ കൊച്ചുകേരളത്തിലെ ഏതാനും പ്രബോധകരുടെ പേരുകൾ വലിയ പണ്ഡിതന്മാർ ഇത്തരത്തിൽ പരാമർശിക്കുകയില്ല. അത് ഉലമാക്കളുടെ നിലവാരത്തിന് യോജിച്ചതല്ല. വിമർശിക്കാൻ വേണ്ടിയാണെങ്കിൽപോലും അവർ ഞങ്ങളെപോലുള്ളവരുടെ പേരുകൾ അവരുടെ നാവുകൊണ്ട് പറയുകയില്ല. കാരണം അവരുടെ വിമർശനം ഏറ്റു വാങ്ങണമെങ്കിൽ പോലും ഒരു മിനിമം നിലവാരം ആവശ്യമുണ്ട്. ആ നിലവാരം ഞങ്ങൾക്കില്ലെന്ന് തീർച്ച. പിഴച്ച വാദഗതിക്കാരാണെങ്കിൽ കൂടി, ഒരളവു വരെ പ്രശസ്തിയും സ്വാധീനവുമൊക്കെയുണ്ടെങ്കിൽ മാത്രമേ ഉലമാക്കൾ എതിരാളികളുടെ പേരെടുത്തു പറയുകയുള്ളൂ. പണ്ഡിതന്മാരുടെ ശൈലി പരിചയമുള്ളവർക്ക് നന്നായി അറിയാവുന്ന കാര്യമാണിത്. ചുരുക്കിപ്പറഞ്ഞാൽ, വൈജ്ഞാനിക നിലവാരം കുറഞ്ഞ ഞങ്ങളെപ്പോലുള്ളവരുടെ പേരുകൾ പരാമർശിച്ചതുതന്നെ പറഞ്ഞവരുടെ നിലവാരമില്ലായ്മയാണ് തെളിയിക്കുന്നത്.
പണ്ഡിതൻമാർ നീതിമാന്മാരാണ്. അനീതി പണ്ഡിതലക്ഷണമല്ല. ദൂരെയുള്ളൊരു നാട്ടിൽ കഴിയുന്ന, തങ്ങൾ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ പോലുമില്ലാത്ത പലരെയും വ്യക്തിപരമായി വിമർശിച്ചുകൊണ്ടുള്ള ബെല്ലും ബ്രെയ്ക്കുമില്ലാത്ത ഫത്വകളിറക്കുക പണ്ഡിതന്മാരുടെ രീതിയല്ല. എന്നാൽ ഇവരുടെ കാര്യം നോക്കൂ! കേരളത്തിലെ തങ്ങളുടെ സ്വന്തക്കാർക്ക് ഇഷ്ടമില്ലാത്തവർക്കെതിരിൽ അവരുടെ ‘ഓർഡറ’നുസരിച്ച് ചൂടാറാത്ത ഫത്വകൾ യമനിൽ നിന്നിറങ്ങുന്നു!! ഇതാണോ പണ്ഡിതന്മാരുടെ ശൈലി? രണ്ടു കക്ഷികൾക്കിടയിൽ വിധി പറയേണ്ടത് ഇങ്ങനെയാണോ? ഒരു കൂട്ടരുടെ വാദഗതികൾ മാത്രം കേൾക്കുക! അവർ തങ്ങളുടെ കക്ഷിയിൽ പെട്ടവരായതിനാൽ അവർക്ക് അനുകൂലമായി വിധി പറയുക!!! ഇത് ഹിസ്ബിയ്യതല്ലെങ്കിൽ ലോകത്ത് ഹിസ്ബിയ്യതെന്നൊരു സാധനം തന്നെ ഉണ്ടാവാനിടയില്ല.
അതിനാൽ യമനിലേക്ക് ചാടിപ്പുറപ്പെടുംമുമ്പ് ചിന്തിക്കുക. അവിടെ പഠിക്കാൻ ചെലവ് കുറവാണെന്നും, സുഊദി പോലെയുള്ള നാടുകളിൽ ചെലവ് വളരെ കൂടുതലാണെന്നുമൊക്കെ ചിലർ ന്യായം പറയാറുണ്ട്. എന്നാൽ സമ്പത്ത് കുറച്ചൊക്കെയധികം ചെലവായാലും, പണത്തെക്കാൾ വിലയുള്ള മറ്റുപലതും നഷ്ടപ്പെട്ടുപോകരുതല്ലോ. അതിനാൽ “മതവിജ്ഞാനം ആരിൽ നിന്നാണ് നേടുന്നതെന്ന് ശ്രദ്ധിക്കണ”മെന്ന ഇബ്നു സീരീനിന്റെ ഉപദേശം ആദ്യം സ്വന്തം കാര്യത്തിൽ നടപ്പിലാക്കുക. സാധാരണക്കാരുടെ പഠിപ്പുമുടക്കാനല്ല അതുപയോഗിക്കേണ്ടതെന്ന് മനസിലാക്കുക. അഹ്ലുസ്സുന്നത്തിന്റെ യഥാർഥ പണ്ഡിതന്മാരെ തിരിച്ചറിയുക. അവരോട് കാര്യങ്ങൾ ചോദിച്ചാൽ നിജസ്ഥിതി അവർ പറഞ്ഞുതരും. തൗഹീദിലേക്കും സുന്നത്തിലേക്കും ക്ഷണിക്കുന്നവരിൽ നിന്ന് ജനങ്ങളെ തടയൽ തെറ്റാണെന്ന് ആ ഉലമാക്കൾ ആവർത്തിച്ചുപറഞ്ഞിട്ടുണ്ട്. ഇൽമ് നേടണമെങ്കിൽ യമനിൽ പോയേ തീരൂ എന്ന് അവരാരും പറഞ്ഞിട്ടില്ല. ഇൽമിന്റെ നിറകുടങ്ങൾ നമ്മുടെ രാജ്യത്തുമില്ലേ? ഇന്ത്യയിലുമില്ലേ പണ്ഡിതന്മാർ?
‘തുഹ്ഫതുൽ അഹ്വദീ’ എന്ന ലോകപ്രസിദ്ധഗ്രന്ഥം രചിച്ച മുഹമ്മദ് അബ്ദുറഹ്മാൻ ബിൻ അബ്ദിറഹീം അൽ മുബാറക്ഫൂരി, ‘ഔനുൽ മഅ്ബൂദി’ന്റെ രചയിതാവായ മുഹമ്മദ് ശംസുൽ ഹഖ് അദീം ആബാദി, ഉബൈദുല്ലാഹിബ്നു മുഹമ്മദ് അബ്ദിസ്സലാം അൽ മുബാറക്ഫൂരി, സഫിയ്യു റഹ്മാൻ അൽ മുബാറക്ഫൂരി തുടങ്ങിയ മഹാരഥന്മാരായ പണ്ഡിതന്മാർ നമ്മുടെ രാജ്യക്കാരായിരുന്നു. ലോകമംഗീകരിക്കുന്ന ഈ ഉലമാക്കളുടെ അറിവിന്റെ ബാക്കിപത്രങ്ങൾ ഇന്നും ഈ രാജ്യത്തുണ്ട്. -അല്ലാഹുവിനാണ് സർവസ്തുതിയും-. അറിവന്വേഷിച്ച് യാത്രചെയ്യാനുദ്ദേശിക്കുന്നവർക്കു മുന്നിൽ അവരുടെ വാതിലുകൾ തുറന്നുകിടക്കുന്നു. അവരുടെ ശിഷ്യന്മാരും മക്കളുമടങ്ങുന്ന ഒരുപാടുപേർ ഇന്നും അവരുടെ സേവനങ്ങൾ ഈ രാജ്യത്ത് തുടർന്നുകൊണ്ടിരിക്കുന്നു. ഇതൊന്നും കണ്ടില്ലെന്ന് നടിക്കുക ബുദ്ധിയുള്ളവരുടെ ലക്ഷണമല്ല. അല്ലാഹു നമ്മുടെ നാട്ടിൽ ഇസ്ലാമിനും മുസ്ലിംകൾക്കും ശക്തിപകരുകയും സമാധാനം നിലനിർത്തിത്തരുകയും ചെയ്യുമാറാകട്ടെ.
അതും പോരെങ്കിൽ ഇൽമന്വേഷിച്ചുപോകാനുദ്ദേശിക്കുന്നവർക്ക്, നിർഭയത്വം നിറഞ്ഞ സഊദി അറേബ്യയുണ്ട്. ഇരു ഹറമുകളുടെ നാട്. തൗഹീദിന്റെയും സലഫീ മൻഹജിന്റെയും ഹൃദയഭൂമി. അവിടെ ഇന്നും ജീവിച്ചിരിക്കുന്ന അറിവിനുവേണ്ടി ജീവിതം നീക്കിവെച്ച മഹാന്മാരായ പണ്ഡിതന്മാരുണ്ട്. അല്ലാഹു അവർക്കെല്ലാം ദീർഘായുസും ആഫിയതും നൽകുമാറാകട്ടെ. പരിശുദ്ധദീനിൽ അവരോടൊപ്പം നമ്മെയും മരണംവരെ ഉറപ്പിച്ചുനിർത്തുമാറാകട്ടെ.
ഇതിനെല്ലാം പുറമെ, അറിവുനേടാനുള്ള വേറെയും മാർഗങ്ങൾ ഈ ആധുനിക കാലത്ത് നമ്മുടെ മുന്നിലുണ്ട്. അഹ്ലുസ്സുന്നത്തിന്റെ പണ്ഡിതന്മാരുടെ വിജ്ഞാനം റെക്കോർഡ് ചെയ്യപ്പെട്ട ദർസുകളായും മറ്റും ഇന്ന് ഏതുനാട്ടിലും അത് ലഭ്യമാണ്. ഉലമാക്കളുടെ അരികിൽ നേരിട്ടുചെന്ന് പഠിക്കൽ തന്നെയാണ് ഏറ്റവും ശരിയായരീതി എന്ന കാര്യം മറന്നുകൊണ്ടല്ല ഇതുപറയുന്നത്. പക്ഷെ അതിനു സാധിക്കാത്തവർക്ക്, അല്ലാഹുവിന്റെ അനുഗ്രഹമായ ആധുനിക സൗകര്യങ്ങൾ അറിവു നേടാനായി ഉപയോഗിക്കാൻ കഴിയുന്നു. അവയുപയോഗിച്ച് ഉലമാക്കളിൽ നിന്നുതന്നെ പഠിക്കാൻ സാധിക്കും. ഉടലോടെ അവർക്കുമുന്നിൽ ഇരിക്കാൻ കഴിയുന്നില്ലെങ്കിലും. ഇത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം തന്നെയാണ്. റബ്ബിന്റെ അനുഗ്രഹങ്ങളെ നിഷേധിച്ചുകൂടാ. ഉലമാക്കളുടെ കിതാബുകളും ദർസുകളുമെല്ലാം നവീന സൗകര്യങ്ങളിലൂടെ ലോകമെമ്പാടും പ്രചരിപ്പിക്കുന്നത് ജനങ്ങൾക്ക് ഉപകാരപ്പെടാൻ വേണ്ടിത്തന്നെയാണ്. ആളുകൾ അതെല്ലാം വായിക്കാനും കേൾക്കാനും വേണ്ടിതന്നെയാണ് പണ്ഡിതന്മാരുടെ നിർദേശപ്രകാരം അവയൊക്കെ പ്രചരിപ്പിക്കപ്പെടുന്നത്. എന്നാൽ, പിഴച്ച വാദഗതിക്കാരുടെയും ഭീകരകക്ഷികളുടെയുമൊക്കെ വിഹാരകേന്ദ്രമാണ് ഇന്റർനെറ്റ് എന്നതിനാൽ ഉപയോഗിക്കുന്നവർ വളരെ ജാഗ്രത കൈക്കൊള്ളേണ്ടതാണ്.
സഹോദരാ, അറിയുക! കുറച്ചു പണം സമ്പാദിച്ച്, അത് തീരുന്നതുവരെ മാത്രം പഠിക്കേണ്ടതല്ല മത വിജ്ഞാനം. ഒരാവേശപ്പുറത്ത് എവിടേക്കെങ്കിലും പോവുക! ആവേശവും കീശയും കാലിയായാൽ പഠനം നിർത്തി മറ്റെന്തെങ്കിലും ജോലിയിലോ കച്ചവടത്തിലോ മുഴുകുക! ഇതല്ല മതപഠനം. ആഴത്തിലുള്ള മതപഠനമാണ് ഉദ്ദേശമെങ്കിൽ അതിനുവേണ്ടി നീ നിന്റെ ആയുസ്സ് നീക്കിവയ്ക്കേണ്ടി വരും. ക്ഷമയും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ മാത്രം അതിനിറങ്ങുക. ഇത് എല്ലാവർക്കും നിർബന്ധമില്ലാത്ത പഠനമാണെന്ന് നേരത്തെ പറഞ്ഞുവല്ലോ. എല്ലാവർക്കും പഠിക്കൽ നിർബന്ധമായ വിജ്ഞാനം നേടാൻ എളുപ്പമാണ്. അതിന് നിന്റെ ജോലിയോ മറ്റുത്തരവാദിത്തങ്ങളോ തടസമല്ല. ഇൻശാ അല്ലാഹ്.
മാത്രമല്ല, ആഴത്തിലുള്ള മതപഠനം എല്ലാവരുടെയും കഴിവിൽപെട്ട കാര്യമല്ല. ഗഹനമേറിയ മതപഠനമുദ്ദേശിക്കുന്നയാൾക്ക് സ്വന്തം ബുദ്ധിനിലവാരം എങ്ങനെയുള്ളതാണെന്ന ബോധ്യം വേണം. ഗ്രാഹ്യശേഷി തീരെ കുറഞ്ഞവർ ആവേശപ്പുറത്ത് ഉള്ള ജോലിയും മറ്റുമുപേക്ഷിച്ച് മതപഠനത്തിന് ഇറങ്ങിപ്പുറപ്പെട്ടാൽ ചിലപ്പോൾ വിപരീതഫലമാണുണ്ടാവുക. ആദ്യമുള്ള ആവേശം ചിലപ്പോൾ പിന്നീടുണ്ടാകണമെന്നില്ല. അവസാനം, ദീൻ തന്നെ മടുത്തുപോകുന്ന സാഹചര്യമുണ്ടായേക്കാം. ഉദ്ദേശിച്ച കാര്യം നടന്നതുമില്ല! പല നഷ്ടങ്ങളും വരികയും ചെയ്തു! ഇത്തരം പരിതസ്ഥിതി മനംമടുപ്പിച്ചേക്കാം. കൂടാതെ പലപ്പോഴും ഇങ്ങനെയുള്ളവർ ഇതിന്റെ പേരിൽ മാതാപിതാക്കളെയും വേണ്ടപ്പെട്ടവരെയുമെല്ലാം വെറുപ്പിക്കുന്നത് കാണാം. ഇതെല്ലാം ഇസ്ലാമിനോട് തന്നെ ആളുകൾക്ക് വിമുഖതയുണ്ടാക്കിയേക്കാം. നമ്മുടെ ചെയ്തികൾ കാരണത്താൽ ജനങ്ങൾ ദീനിനെയും ദീനീപഠനത്തെയുമെല്ലാം എതിർക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുക! എത്ര മോശമാണത്! മതവിജ്ഞാനം നേടുകയെന്ന മഹത്തായ കാര്യത്തെ നിരുത്സാഹപ്പെടുത്താൻ വേണ്ടിയല്ല ഇത്രയും എഴുതിയത്. മറിച്ച് ഫലപ്രദമായ രൂപത്തിൽ മതപഠനം നടക്കുവാൻ വേണ്ടിയാണ്. എത്ര മഹത്തായ കാര്യമാണെങ്കിലും ചില വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഉദ്ദേശിച്ച ഫലം ലഭിക്കുകയില്ല. പലപ്പോഴും വിപരീതഫലം ഉണ്ടാവുകയും ചെയ്യും. അല്ലാഹു കാത്തു രക്ഷിക്കട്ടെ.
അല്ലാഹുവേ, ഈ എഴുതിയതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്നറിയുന്നവനാണ് നീ. ഇത് മുഖേന നന്മയുണ്ടാക്കേണമേ. ഞങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ നന്മനിറഞ്ഞതാക്കേണമേ, സന്മാർഗത്തിൽ നീ ഞങ്ങളെ മരണംവരെ ഉറപ്പിച്ചുനിർത്തേണമേ…
سبحان ربك رب العزة عما يصفون، وسلام على المرسلين، والحمد لله رب العالمين
كتبه: نياف بن خالد
19 رجب 1440
مكتبة الإمام ابن باز السلفية بمدينة كنور