ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:

أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:

«العَيْنُ حَقٌّ»


അര്‍ഥം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- പറഞ്ഞു:

“കണ്ണേര്‍ സത്യമാണ്.”


പദാനുപദ അര്‍ഥം

العَيْنُ :             കണ്ണേര്‍

حَقٌّ :     സത്യം, യാഥാര്‍ത്ഥ്യം


ഓഡിയോ


തഖ് രീജ്

ബുഖാരി: 5740 (കണ്ണേറ് സത്യമാണ് എന്ന് അറിയിക്കുന്ന അദ്ധ്യായം)

മുസ്‌ലിം: 2187 (ചികിത്സ, രോഗികള്‍, മന്ത്രം എന്നിവയെ കുറിച്ചുള്ള അദ്ധ്യായം)


പാഠങ്ങള്‍

1- എന്താണ് കണ്ണേറ്?

ഒരാള്‍ തന്റെ സഹോദരനില്‍ വല്ല നന്മയും കാണുന്ന സന്ദര്‍ഭത്തില്‍ ആശ്ചര്യത്തോടെയോ അസൂയയോടെയോ നോക്കുമ്പോള്‍ പ്രസ്തുത വ്യക്തിയില്‍ -അസൂയക്ക് ഇരയായവനില്‍- ചില ഉപദ്രവങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകാന്‍ ഇയാളുടെ കണ്ണേറ് കാരണമാകുന്നു. ഇത് അല്ലാഹു -تَعَالَى- പ്രപഞ്ചത്തില്‍ നിശ്ചയിച്ച ഒരു സംവിധാനമാണ്. അതിന്റെ പിന്നിലുള്ള യുക്തി അവന് മാത്രമേ പൂര്‍ണമായി മനസ്സിലാക്കാന്‍ കഴിയുകയുള്ളൂ.

2- ‘കണ്ണേറ് സത്യമാണ്’ എന്നതിന്റെ അര്‍ഥം:

അതായത് കണ്ണേറിന് യാഥാര്‍ഥ്യമുണ്ട്. അതിന് സ്വാധീനമുണ്ട്. അല്ലാഹുവിന്റെ വിധി ഒത്തു വന്നാല്‍ -മറ്റു ഭൗതിക വിഷയങ്ങളെ പോലെ തന്നെ- കണ്ണേറും ഫലിക്കും. എന്നാല്‍ കണ്ണെറിയുന്നവനല്ല അവിടെ ഉപദ്രവമോ പ്രയാസമോ ഉണ്ടാക്കുന്നത്. മറിച്ച്, അല്ലാഹു -تَعَالَى- അവന്‍ ഉദ്ദേശിക്കുന്ന മാറ്റങ്ങള്‍ ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതിന് ഇവന്റെ കണ്ണേറ് ഒരു കാരണമായെന്ന് മാത്രം.

3- കണ്ണേറിനെ നിഷേധിച്ചവര്‍ ബിദ്അത്തുകാര്‍:

ഇമാം മാസുരി -رَحِمَهُ اللَّهُ- പറഞ്ഞു: ഈ ഹദീഥിന്റെ ബാഹ്യാര്‍ഥം ബഹുഭൂരിപക്ഷം പണ്ഡിതന്മാരും അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ ബിദ്അത്തുകാരില്‍ പെട്ട ചില കക്ഷികള്‍ കണ്ണേറ് ഫലിക്കുമെന്നതിനെ നിഷേധിച്ചിട്ടുണ്ട്.

4- എങ്ങനെയാണ് കണ്ണേറ് ഫലിക്കുന്നത്?

ഇത് ഗയ്ബിയ്യായ -മറഞ്ഞ- കാര്യമാണ്. നബി -ﷺ- അതിനെ കുറിച്ച് നമുക്ക് വിശദീകരിച്ചു തന്നിട്ടില്ല. അത്തരം കാര്യങ്ങളില്‍ -നമുക്ക് പുറമേക്ക് വ്യക്തമായിട്ടില്ലാത്ത, ഖുര്‍ആനിലും സുന്നത്തിലും സ്ഥ്രിരപ്പെട്ട കാര്യങ്ങളില്‍- അല്ലാഹുവിന്റെ റസൂലിനെ -ﷺ- വിശ്വസിക്കുകയും സത്യപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. അതാണ് ഒരു ശരിയായ മുഅ്മിനിന്റെ കടമ.

5- കണ്ണേറിന്റെ സ്വാധീനം ശക്തമാണ്.

സൂറ. ഫലഖില്‍ ‘അസൂയക്കാരന്‍ അസൂയപ്പെടുമ്പോള്‍ അവന്റെ ഉപദ്രവത്തില്‍ നിന്ന്’ രക്ഷ തേടാന്‍ അല്ലാഹു കല്‍പ്പിച്ചിരിക്കുന്നു. ഈ ഹദീഥില്‍ കണ്ണേറിന് സ്വാധീനമുണ്ടെന്നും നബി -ﷺ- അറിയിച്ചിരിക്കുന്നു. ഈ ഹദീഥിന്റെ തന്നെ മറ്റു ചില നിവേദനങ്ങളില്‍ നബി -ﷺ- പറഞ്ഞു:

«وَلَوْ كَانَ شَيْءٌ سَابَقَ الْقَدَرَ سَبَقَتْهُ الْعَيْنُ، وَإِذَا اسْتُغْسِلْتُمْ فَاغْسِلُوا»

“എന്തെങ്കിലുമൊരു കാര്യം അല്ലാഹുവിന്റെ വിധിയെ മുന്‍കടക്കുമായിരുന്നെങ്കില്‍ കണ്ണേറ് മുന്‍കടക്കുമായിരുന്നു.”

ഇതെല്ലാം കണ്ണേറിന്റെ ശക്തമായ സ്വാധീനശക്തിയും അതിന് ഉണ്ടാക്കാന്‍ കഴിയുന്ന ഉപദ്രവത്തിന്റെ തോതും വ്യക്തമാക്കി തരുന്നു.

6- അല്ലാഹുവിന്റെ വിധിയെ മറികടക്കാന്‍ കഴിയില്ല.

കണ്ണേറിന് ശക്തമായ സ്വാധീനമുണ്ടെന്നും അതിന് ഉപദ്രവങ്ങളുണ്ടാക്കാന്‍ കഴിയുമെന്നും ഹദീഥില്‍ നിന്ന് മനസ്സിലാക്കി. എന്നാല്‍, ഹദീഥിന്റെ തന്നെ മറ്റു ചില നിവേദനങ്ങളില്‍ വന്നതു പോലെ: “കണ്ണേറിന് അല്ലാഹുവിന്റെ തീരുമാനത്തെ മറികടക്കാന്‍ കഴിയില്ല.” അതിനാല്‍ ഒരു മുഅ്മിന്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയും, അവന്റെ ശക്തിയിലും കഴിവിലും വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടത്. അല്ലാതെ, കണ്ണേറിനെ ഭയന്ന് ശിര്‍ക്കന്‍ വഴികളിലും ബിദ്ഈ രീതികളിലും അവന്‍ രക്ഷ തേടരുത്. കണ്ണേറ് തട്ടാതിരിക്കാന്‍ ഉറുക്കും ഏലസ്സും കെട്ടുന്നവരും, ജാറങ്ങളിലും മഖ്ബറകളിലും അഭയം തേടുന്നവരും തനിച്ച ശിര്‍ക്കിലാണ് അകപ്പെട്ടിരിക്കുന്നത്.

7- കണ്ണേറില്‍ നിന്നുള്ള പ്രതിരോധം എങ്ങനെ?

ഒന്ന്: കണ്ണെറിയാന്‍ സാധ്യതയുള്ളവരുടെ മുന്‍പില്‍ നിന്റെ നന്മകളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാതിരിക്കുക. ഇത് നബി -ﷺ- യുടെ ഹദീഥുകളിലും സ്വഹാബികളുടെ അഥറുകളിലും വന്നിട്ടുണ്ട്.

രണ്ട്: നിന്റെ സഹോദരനില്‍ വല്ല നന്മയോ നേട്ടമോ കണ്ടാല്‍ അവന് അല്ലാഹുവിന്റെ ബറകത് -അനുഗ്രഹം- വര്‍ദ്ധിക്കുന്നതിന് വേണ്ടി പ്രാര്‍ഥിക്കുക. ‘ബാറകല്ലാഹു ഫീക’ എന്നോ, ‘മാശാ അല്ലാഹ്’ എന്നോ അതിന് സമാനമായ വാക്കുകളോ പറയാം.

മൂന്ന്: കണ്ണേറില്‍ നിന്ന് സംരക്ഷിക്കുന്ന ദിക്റുകളും ദുആകളും സ്ഥിരമാക്കുക. സൂറ. ഫലഖിലും, രാവിലെയും വൈകുന്നേരവുമുള്ള ദിക്റുകളിലും ഇത്തരം പ്രാര്‍ഥനകള്‍ കണ്ടെത്താന്‍ കഴിയും.

8- കണ്ണേറ് ബാധിച്ചാല്‍ എന്തു ചെയ്യണം?

ഒന്ന്: ഏതെങ്കിലും പ്രത്യേക വ്യക്തിയാണ് നിന്നെ കണ്ണെറിഞ്ഞിട്ടുള്ളതെന്ന സംശയം നിനക്കുണ്ടെങ്കില്‍ അയാളുടെ ശരീരം കഴുകിയതോ, അയാള്‍ വുദുവെടുക്കാന്‍ ഉപയോഗിച്ചതോ ആയ വെള്ളം ശേഖരിക്കുകയും, കണ്ണേറ് ബാധിച്ച വ്യക്തിയുടെ ശരീരത്തില്‍ ഒഴിക്കുകയും ചെയ്യുക. ഇപ്രകാരം നിന്നോടാരെങ്കിലും ശരീരം കഴുകിയ വെള്ളം അന്വേഷിച്ചാല്‍ അത് നല്‍കണമെന്ന് നബി -ﷺ- യുടെ കല്‍പ്പനയുണ്ട്. ‘ഞാന്‍ കണ്ണെറിഞ്ഞിട്ടില്ലെന്നോ’ മറ്റോ പറഞ്ഞ് ദേഷ്യപ്പെടരുത്.

രണ്ട്: ഖുര്‍ആന്‍ പാരായണം ചെയ്തു കൊണ്ടും, കണ്ണേറില്‍ നിന്ന് സംരക്ഷണം ചെയ്യുന്ന ദിക്റുകള്‍ ചൊല്ലിക്കൊണ്ടും സാധിക്കുമെങ്കില്‍ സ്വയം മന്ത്രിക്കുക. ഇല്ലെങ്കില്‍, മറ്റാരെങ്കിലും അയാള്‍ക്ക് മന്ത്രിച്ചു കൊടുക്കുക.

9- കണ്ണേറില്‍ നിന്ന് രക്ഷ നല്‍കുന്ന ഒരു പ്രാര്‍ഥന:

«بِسْمِ اللَّهِ الذِّي لَا يَضُرُّ مَعَ اسْمِهِ شَيْءٌ فِي الأَرْضِ وَلَا فِي السَّمَاءِ وَهُوَ السَّمِيعُ العَلِيمُ»

“അല്ലാഹുവിന്റെ നാമം കൊണ്ട്; അവന്റെ നാമത്തോടൊപ്പം ഭൂമിയിലോ ആകാശങ്ങളിലോ ഒന്നും തന്നെ ഉപദ്രവമേല്‍പ്പിക്കുകയില്ല. അവന്‍ സമീഉം (എല്ലാം കേള്‍ക്കുന്നവന്‍) അലീമും (എല്ലാം അറിയുന്നവന്‍) ആണ്.”

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

6 Comments

 • السلام عليكم
  കണ്ണേറിനെ സാധൂകരിക്കുന്ന ഏതെങ്കിലും ആയത്ത് ഖുർആനിൽ ഉണ്ടോ? എങ്കിൽ ഒന്നു വിശദീകരിക്കാമോ?

 • വിഷയസംബന്ധമായി വന്ന ചില ഹദീസുകള്‍ ഈ പ്രസംഗത്തില്‍ കേള്‍ക്കാം.

  http://alaswala.com/jk-6/

 • ഒന്ന്: കണ്ണെറിയാന്‍ സാധ്യതയുള്ളവരുടെ മുന്‍പില്‍ നിന്‍റെ നന്മകളും നേട്ടങ്ങളും പ്രദര്‍ശിപ്പിക്കാതിരിക്കുക. ഇത് നബി -ﷺ- യുടെ ഹദീഥുകളിലും സ്വഹാബികളുടെ അഥറുകളിലും വന്നിട്ടുണ്ട്.

  ഈ വിഷയത്തിൽ വന്ന ഹദീസുകൾ പോസ്റ്റ് ചെയ്യാമോ?

  بارك الله فيك

 • وعليكم السلام ورحمة الله وبركاته

  ഏതിന്റെ പൂര്‍ണ അര്‍ത്ഥമാണ് നല്‍കാത്തത്?

  وأنتم فبارك الله فيكم

 • السلام عليكم ورحمة الله وبركاته

  ഇതിന്റെ പൂർണ്ണമായ മലയാള അർഥം കൊടുത്തിട്ടില്ലല്ലോ. അർഥം കൊടുത്തിരുന്നെങ്കിൽ ഉപകാരമായിരുന്നു.

  بارك الله فيكم

Leave a Comment