copy

ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:

أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:

«إِذَا قَاتَلَ أَحَدُكُمْ أَخَاهُ فَلْيَجْتَنِبِ الوَجْهَ»


ഓഡിയോ


അര്‍ഥം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:

നബി -ﷺ- പറഞ്ഞു:

“നിങ്ങളിലാരെങ്കിലും തന്റെ സഹോദരനെ അടിച്ചാല്‍ അവന്‍ മുഖം ഒഴിവാക്കട്ടെ.”


പദാനുപദ അര്‍ഥം

إِذَا              :     ആയാല്‍.

قَاتَلَ           :    അടിച്ചു.

أَحَدُكُمْ    :    നിങ്ങളിലൊരാള്‍.

أَخَاهُ           :   അവന്റെ സഹോദരനെ.

فَلْيَجْتَنِبْ   :    അവന്‍ ഒഴിവാക്കട്ടെ.

الوَجْهَ          :    മുഖം.


തഖ് രീജ്

ബുഖാരി: 2559 (അടിമയെ അടിക്കുമ്പോള്‍ മുഖം ഒഴിവാക്കണമെന്ന് അറിയിക്കുന്ന അദ്ധ്യായം)

മുസ്‌ലിം: 2612 (മുഖത്ത് അടിക്കുന്നത് വിലക്കിയിട്ടുണ്ടെന്ന് അറിയിക്കുന്ന അദ്ധ്യായം)


പാഠങ്ങള്‍

1- മുഖത്ത് അടിക്കുന്നതിന്റെ വിധി:

നബി -ﷺ- ഒരു കാര്യം കല്‍പ്പിച്ചാല്‍ അതിലുള്ള അടിസ്ഥാനം ആ കല്‍പ്പിക്കപ്പെട്ട വിഷയം നിര്‍ബന്ധമാണെന്നതാണ്. അതായത്; അക്കാര്യം വാജിബാണ്. അവിടുന്ന് ഒരു കാര്യം വിലക്കിയാലാകട്ടെ; അതിലുള്ള അടിസ്ഥാനം അത് നിഷിദ്ധമാണെന്നും. അതായത് ഹറാം.

ഈ അടിസ്ഥാനപ്രകാരം മുഖത്ത് അടിക്കരുത് എന്ന നബി-ﷺ-യുടെ ഈ വിലക്ക് അറിയിക്കുന്നത് അക്കാര്യം ഹറാമാണെന്ന് തന്നെയാണ്. അത് ചെയ്തവന്‍ തെറ്റുകാരനും.

2- എന്തു കൊണ്ട് മുഖം?

മനുഷ്യ ശരീരത്തിലെ മറ്റു അവയവങ്ങളില്‍ നിന്ന് മുഖം മാത്രം പ്രത്യേകം എടുത്തു പറയാനുള്ള ചില കാരണങ്ങള്‍ ഇവയാണ്.

ഒന്ന്: ശരീരത്തിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന അവയവം മുഖമാണ്. അതിലൂടെയാണ് മനുഷ്യര്‍ തങ്ങളുടെ വ്യക്തിത്വം വേര്‍തിരിച്ചു നിര്‍ത്തുന്നത്. അവിടെ അടി കിട്ടുക എന്നത് അവന്റെ അഭിമാനത്തെ സാരമായി ബാധിക്കും.

രണ്ട്: പഞ്ചേന്ദ്രിയങ്ങളില്‍ പ്രധാനപ്പെട്ടവയെല്ലാം മുഖത്താണുള്ളത്. രുചി മനസ്സിലാക്കാന്‍ സഹായിക്കുന്ന നാവും, കേള്‍വി നല്‍കുന്ന ചെവികളും, മണക്കാന്‍ സഹായിക്കുന്ന മൂക്കും, കാഴ്ച്ച നല്‍കുന്ന കണ്ണും മുഖത്താണുള്ളത്. അവക്കുണ്ടാകുന്ന പരുക്ക് മറ്റു ശരീരായവങ്ങള്‍ക്കുണ്ടാകുന്നതിനെക്കാള്‍ ഗുരുതരവും, പ്രയാസം സൃഷ്ടിക്കുന്നതുമാണ്.

മൂന്ന്: ശരീരത്തില്‍ നിന്ന് പെട്ടെന്ന് പുറത്തേക്ക് എടുത്തു കാണിക്കുന്ന ഭാഗമാണ് മുഖം. മറ്റു അവയവങ്ങളില്‍ അടി കിട്ടിയാലും അത് മറച്ചു വെക്കുക എളുപ്പമാണ്. വസ്ത്രം കൊണ്ടോ മറ്റോ അവ മറഞ്ഞു നില്‍ക്കും. എന്നാല്‍ മുഖത്ത് അടിയുടെ അടയാളവും പാടുകളും പെട്ടെന്ന് വ്യക്തമാകുന്ന രൂപത്തില്‍ തന്നെ നില്‍ക്കും.

3- എവിടെ അടിക്കാം? എവിടെ അടിക്കരുത്?

മുഖത്ത് അടിക്കരുതെന്ന് ഹദീഥില്‍ തന്നെ വ്യക്തമായി വന്നു. കവിള്‍, മൂക്ക്, കണ്ണ്, വായ, ചെവി എന്നിവയെല്ലാം ഈ പറഞ്ഞതില്‍ ഉള്‍പ്പെടും. ചില പണ്ഡിതന്മാര്‍ തലയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതല്ലാതെ മറ്റു ചില അവയവങ്ങളും അടിക്കുമ്പോള്‍ ഒഴിവാക്കേണ്ടതായി പണ്ഡിതന്മാര്‍ ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

അവയില്‍ പെട്ടതാണ് ഗുഹ്യസ്ഥാനങ്ങളും വയറിന്റെ ഭാഗവും ഹൃദയഭാഗവും പ്രധാനപ്പെട്ട മര്‍മങ്ങളും. ഇവിടെയെല്ലാം അടിക്കുന്നത് ചിലപ്പോള്‍ കുട്ടിയുടെ -മുതിര്‍ന്നവര്‍ക്കും ഇത് ബാധകമാണ്- ജീവന്‍ തന്നെയെടുത്തേക്കാം.

സലഫുകളില്‍ ചിലര്‍ അടിക്കാന്‍ അനുയോജ്യമായ സ്ഥലമായി കണക്കാക്കിയിരുന്നത് കൈകളും കാലുകളുമാണ്. അവ ഉപദ്രവം വല്ലാതെ ഏല്‍ക്കാത്ത സ്ഥലങ്ങളാണ്.

4- ഈ നിയമം ബാധകമാകുന്നത് ആര്‍ക്കെല്ലാം?

മുഖത്ത് അടിക്കരുതെന്ന നിയമം മനുഷ്യര്‍ക്ക് പൊതുവെ ബാധകമാണ്. ഇമാം ബുഖാരി അടിമകളുമായി ബന്ധപ്പെട്ട അദ്ധ്യായത്തിലാണ് ഈ ഹദീഥ് നല്‍കിയിട്ടുള്ളത്. അടിമകള്‍ക്കും വേലക്കാര്‍ക്കും മറ്റു കീഴ്ജീവനക്കാര്‍ക്കുമെല്ലാം ഈ നിയമം ബാധകമാണെന്ന് അതില്‍ നിന്ന് മനസ്സിലാക്കാം. മൃഗങ്ങളുടെ മുഖത്ത് അടിക്കുന്നതിനെയും ഈ ഹദീഥിന്റെ അടിസ്ഥാനത്തില്‍ ചില പണ്ഡിതന്മാര്‍ നിഷിദ്ധമാക്കിയിട്ടുണ്ട്.

അനിവാര്യ സാഹചര്യങ്ങളില്‍ പിതാവോ മാതാവോ മക്കളെ അടിക്കുമ്പോഴും, ഭര്‍ത്താവ് ഭാര്യയെ അടിക്കുമ്പോഴും, ഉടമ അടിമയെ അടിക്കുമ്പോഴുമെല്ലാം ഈ നിയമം ശ്രദ്ധിക്കുകയും, പാലിക്കുകയും ചെയ്യേണ്ടതുണ്ട്. ഇസ്‌ലാമികമായ ഹദ്ദ് -ശിക്ഷാവിധികള്‍- നടപ്പിലാക്കുമ്പോഴും ഈ നിയമം ബാധകമാണ്. വിവാഹിതരല്ലാത്ത വ്യഭിചാരികളെ അടിക്കുമ്പോഴും, കള്ളസാക്ഷി പറഞ്ഞവരെ അടിക്കുമ്പോഴുമെല്ലാം ഈ നിയമം ശ്രദ്ധിക്കണം.

അവസാനം ഓര്‍മ്മപ്പെടുത്തട്ടെ; ഈ ഹദീഥില്‍ നിന്ന് സ്വന്തം മുഖത്ത് അടിക്കുന്നതും നിഷിദ്ധമാണെന്ന് മനസ്സിലാക്കാം. ചില വിഡ്ഢികള്‍ അബദ്ധങ്ങള്‍ സംഭവിച്ചാലോ, ദുരിതങ്ങളുണ്ടായാലോ ഒക്കെ സ്വന്തം മുഖത്ത് തന്നെ അടിക്കുകയും പിച്ചുകയുമൊക്കെ ചെയ്യുന്നത് കാണാം. ചിലര്‍ തല കൊണ്ടു പോയി മതിലിലും തൂണിലുമിടിക്കും. ഇതൊന്നും പാടില്ലെന്ന് കൂടി ഹദീഥില്‍ നിന്ന് മനസ്സിലാക്കാം.

5- അടി -ചില സന്ദര്‍ഭങ്ങളില്‍- അനുവദനീയമാണ്:

ചില സന്ദര്‍ഭങ്ങളില്‍ അടിക്കാമെന്നതിന് ഈ ഹദീഥില്‍ സൂചനയുണ്ട്. കാരണം മുഖത്ത് അടിക്കരുതെന്ന് നബി -ﷺ- വിലക്കുമ്പോള്‍ അതില്‍ നിന്ന് മനസ്സിലാക്കാവുന്നത് -അടിക്കേണ്ടി വരികയാണെങ്കില്‍- മുഖം അല്ലാത്ത ഇടങ്ങളില്‍ അടിക്കണമെന്നാണല്ലോ?

ഭാര്യ തിന്മയിലേക്ക് പോകുമെന്ന് ഭയന്നാല്‍ അവളെ ഉപദേശിക്കുകയും, കിടപ്പറയില്‍ അകറ്റി നിര്‍ത്തിയും ചെയ്തതിന് ശേഷം -വീണ്ടും കാര്യങ്ങള്‍ ശരിയായില്ലെങ്കില്‍- അടിക്കാന്‍ അല്ലാഹു അനുവദിച്ചിട്ടുണ്ട് (നിസാഅ്: 34) ഏഴു വയസ്സു മുതല്‍ കുട്ടികളോട് നിസ്കരിക്കാന്‍ കല്‍പ്പിക്കണമെന്നും, പത്ത് വയസ്സായാല്‍ നിസ്കരിച്ചില്ലെങ്കില്‍ അടിക്കണമെന്നും നബി-ﷺ-യുടെ ഹദീഥുകളിലും വന്നിട്ടുണ്ട്.

ഇതില്‍ നിന്നെല്ലാം അടിക്കുന്നത് അനുവദനീയമെന്ന് മനസ്സിലാക്കാം. ഇന്ന് ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലും, കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളിലും കുട്ടികളെയും മറ്റും തീരെ അടിക്കരുതെന്ന കര്‍ശന നിയമങ്ങള്‍ കാണാം. അവ കുട്ടികളെ വഷളാക്കുമെന്നതില്‍ സംശയമില്ല. എന്നാല്‍ അതിക്രൂരമായ ശിക്ഷാ സമ്പ്രദായങ്ങള്‍ എതിര്‍ക്കപ്പെടേണ്ടത് തന്നെ.

6- അടി; അവസാനം സ്വീകരിക്കേണ്ട ശിക്ഷാരീതി:

അടി അനിവാര്യ സാഹചര്യത്തില്‍ മാത്രം സ്വീകരിക്കേണ്ട ശിക്ഷാവിധിയാണ്. പരമാവധി ഉപദേശിച്ചും നസ്വീഹതുകള്‍ നല്‍കിയും അവസാനിപ്പിക്കാന്‍ ശ്രമിക്കണം. എന്നിട്ടും കഴിഞ്ഞില്ലെങ്കിലേ അടിയെ കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ

എപ്പോഴും അടിക്കുക തന്നെ വേണമെന്ന നിര്‍ബന്ധമില്ല. അടിക്കുമെന്ന് പേടിപ്പിക്കാം. തിന്മ ചെയ്യുമ്പോള്‍ വടിയെടുത്ത് ഇപ്പോള്‍ അടിക്കുമെന്ന പ്രതീതി സൃഷ്ടിച്ചതിന് ശേഷം ഒഴിവാക്കുകയുമാകാം. “വീട്ടുകാര്‍ കാണുന്ന രൂപത്തില്‍ നിങ്ങള്‍ വടി കെട്ടിത്തൂക്കുക” എന്ന ആശയത്തിലുള്ള നബി-ﷺ-യുടെ ഹദീഥും ഇവിടെ സ്മരണീയമാണ്.

അഥവാ; അടിച്ചാല്‍ തന്നെ പരമാവധി ഒരു തവണയില്‍ ഒതുക്കുക. വേണ്ടി വന്നാല്‍ രണ്ടാക്കാം. കൂടിയാല്‍ മൂന്ന് വരെ പോകാം. അതില്‍ കൂടുതല്‍ അടിക്കാതിരിക്കുക. ചില ഹദീഥുകളില്‍ നിന്ന് പണ്ഡിതന്മാര്‍ ഈ പാഠം സ്വീകരിച്ചിട്ടുണ്ട്.

7- അടി; ചില നിയമങ്ങള്‍:

പത്ത് വയസ്സു മുതലാണ് അടി തുടങ്ങേണ്ടത്. പതിമൂന്ന് വയസ്സു വരെ അടി കുട്ടികളില്‍ സ്വാധീനം ചെലുത്തിയേക്കും. അത് കഴിഞ്ഞാല്‍ കുട്ടികളെ അടിക്കുന്നത് പലപ്പോഴും വിപരീത ഫലമാണുണ്ടാക്കുക.

വടി കൊണ്ട് അടിക്കുകയാണെങ്കില്‍ നല്ല കട്ടിയുള്ളതോ തീരെ നേരിയതോ അല്ലാത്ത വടി ഉപയോഗിക്കുക. വല്ലാതെ ഉണങ്ങിയത് ഉപയോഗിച്ചാല്‍ ശരീരത്തില്‍ മുറിവുണ്ടാകും. നനഞ്ഞതും ഉപയോഗിക്കരുത്; വേദന കൂടുതലാകും.

ഒരേ സ്ഥലത്ത് തന്നെ അടിക്കരുത്. വ്യത്യസ്ത ഇടങ്ങളില്‍ അടിക്കുക. തുടര്‍ച്ചയായും അടിക്കരുത്; ഒന്നാമത്തെ അടിയുടെ വേദന കുറയാന്‍ സമയമെടുക്കുന്നത് വരെ രണ്ടാമത് അടിക്കരുത്. കൈ വളരെ ഉയര്‍ത്തി അടിക്കരുത്.

ദേഷ്യം കഠിനമായ സന്ദര്‍ഭത്തിലും അടിക്കരുത്. അത് അനീതി ചെയ്യുന്നതിലേക്ക് എത്തിച്ചേക്കാം.

8- ഇസ്‌ലാമിലെ കാരുണ്യം:

ഒരാള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കുമ്പോള്‍ പോലും അതില്‍ കാരുണ്യവും നീതിയുമുള്ളവരായിരിക്കണമെന്ന സൂചന ഈ ഹദീഥിലുണ്ട്. തിന്മ ചെയ്തുവെന്ന കാരണം കൊണ്ട് മാത്രം എന്തു ശിക്ഷയും, ഏതു തരം അനീതിയും പ്രവര്‍ത്തിക്കാമെന്ന് ധരിച്ചു വെച്ചിരിക്കുന്ന ക്രൂരന്മാരും ധിക്കാരികളുമായവര്‍ക്കുള്ള താക്കീത് ഈ ഹദീഥ് ഉള്‍ക്കൊള്ളുന്നു.

9- എന്തിനെല്ലാം അടിക്കാം?

പത്ത് വയസ്സായിട്ടും നിസ്കരിച്ചില്ലെങ്കില്‍ അടിക്കാം എന്ന ഹദീഥ് പ്രസിദ്ധമാണല്ലോ? ഇസ്‌ലാമിലെ നിര്‍ബന്ധമായ കാര്യങ്ങള്‍ ഒഴിവാക്കുമ്പോഴോ, നിഷിദ്ധമായ കാര്യങ്ങള്‍ ചെയ്യുമ്പോഴോ അടിക്കാം. പക്ഷേ, നേരത്തെ പല തവണ ഓര്‍മ്മപ്പെടുത്തിയത് പോലെ, അതില്‍ താഴെയുള്ള വഴികള്‍ കൊണ്ട് തിരുത്താനാകുമെങ്കില്‍ അതാണ് നല്ലത്.

ഇത് പോലെ മറ്റു ചില സന്ദര്‍ഭങ്ങളിലും അടിക്കാം. ഉദാഹരണത്തിന്; മറ്റു കുട്ടികളെ ഉപദ്രവിക്കുകയോ, ഉപകാരപ്രദമായ വസ്തുവകകള്‍ നശിപ്പിക്കുകയോ ചെയ്താലും മറ്റും അടിക്കാം.

പിതാവ്, മാതാവ്, ജ്യേഷ്ഠന്‍, എളാപ്പ-എളാമ്മ പോലുള്ളവരെല്ലാം ശിക്ഷിക്കാന്‍ അര്‍ഹതയുള്ളവരാണെങ്കിലും, കുട്ടിയുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്നവര്‍ അടിക്കുമ്പോഴാണ് ഉദ്ദേശിച്ച ഫലം ഉണ്ടാവുകയുള്ളൂ. അല്ലാതെ, അടിക്കാന്‍ മാത്രം കുട്ടികളുമായി സംസാരിക്കുന്നവര്‍ക്ക് യാതൊരു മാറ്റവും ഉണ്ടാക്കാന്‍ കഴിയില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment