copy

ഹദീഥ്

عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- قَالَ:

«مَا عَابَ النَّبِيُّ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- طَعَاماً قَطُّ، إِنِ اشْتَهَاهُ أَكَلَهُ وَإِلَّا تَرَكَهُ»


ഓഡിയോ


അര്‍ഥം

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:

“നബി -ﷺ- ഒരിക്കല്‍ പോലും ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടില്ല. അവിടുത്തേക്ക് ഇഷ്ടപ്പെട്ടാല്‍ ഭക്ഷിക്കും; ഇല്ലെങ്കില്‍ ഒഴിവാക്കും.”


പദാനുപദ അര്‍ഥം

مَا عَابَ      :     കുറ്റം പറഞ്ഞിട്ടില്ല.

طَعَامًا        :    ഭക്ഷണത്തെ.

قَطُّ            :    ഒരിക്കല്‍ പോലും.

إِنِ اشْتَهَاهُ  :    അത് (ഭക്ഷണം) ഇഷ്ടപ്പെട്ടാല്‍

أَكَلَهُ          :    അത് (ഭക്ഷണം) കഴിക്കും.

وَإِلَّا           :    അല്ലെങ്കില്‍.

تَرَكَهُ          :    അത് (ഭക്ഷണം) ഒഴിവാക്കും.


തഖ് രീജ്

ബുഖാരി: 5409 (നബി -ﷺ- ഭക്ഷണത്തെ കുറ്റം പറഞ്ഞിട്ടില്ലെന്ന് അറിയിക്കുന്ന അദ്ധ്യായം)

മുസ്‌ലിം: 2064 (ഭക്ഷണത്തെ കുറ്റം പറയരുതെന്നറിയിക്കുന്ന അദ്ധ്യായം)


പാഠങ്ങള്‍

1- എന്താണ് ഭക്ഷണത്തെ കുറ്റം പറയല്‍?

ഭക്ഷണത്തിന് ഉപ്പു കുറവാണ്; അല്ലെങ്കില്‍ കൂടുതലാണ്, മധുരമില്ല; അല്ലെങ്കില്‍ കൂടിപ്പോയി, ഭക്ഷണം ശരിയായി വെന്തിട്ടില്ല എന്നിങ്ങനെ പറയുന്നതെല്ലാം ഭക്ഷണത്തെ കുറ്റം പറയലാണ്. എന്നാല്‍, ഭക്ഷണം ഉണ്ടാക്കിയ വ്യക്തിക്ക് പ്രയാസമില്ലാത്ത രൂപത്തില്‍, ഭക്ഷണത്തില്‍ ഇടുന്നതിന് കുറച്ച് ഉപ്പോ മധുരമോ ചോദിക്കുന്നത് തെറ്റില്ല. ഉപ്പ് കുറവോ കൂടുതലോ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള വഴികള്‍ തേടുന്നതിലും തെറ്റില്ല. എന്നാല്‍, അതിനെ കുറിച്ച് കുറ്റപ്പെടുത്തുന്ന രൂപത്തില്‍ പറയുന്നതാണ് ഈ ഹദീഥില്‍ പരാമര്‍ശിക്കപ്പെട്ട വിഷയം.

ചിലര്‍ പറയും: ഭക്ഷണത്തില്‍ ഉള്ള ന്യൂനതകളല്ലേ ഞാന്‍ പറഞ്ഞത്? അത് കുറ്റം പറയലല്ല എന്ന് ധരിച്ചു വെച്ച ചിലരുണ്ട്. അവരോട് പറയാനുള്ളത്: ഭക്ഷണം ഉണ്ടാക്കുന്നതില്‍ സംഭവിച്ചു പോയ അബദ്ധങ്ങള്‍ എടുത്തു പറയുന്നത് തന്നെയാണ് അതിനെ കുറ്റം പറയല്‍. ഭക്ഷണത്തില്‍ ഇല്ലാത്ത ന്യൂനതകള്‍ ഉണ്ടാക്കിപ്പറയുന്നത് കളവു പറയലാണ്. അത് മുന്‍പുള്ളതിനെക്കാള്‍ ഗൗരവമുള്ളതുമാണ്.

2- എന്തു കൊണ്ട് ഭക്ഷണത്തെ കുറ്റം പറയരുത്?

ഭക്ഷണത്തെ കുറ്റം പറയുകയെന്നത് അഹങ്കാരത്തിന്റെയും സുഖലോലുപതയുടെയും ലക്ഷണമാണ്. അവര്‍ മാത്രമാണ് ഭക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാതെ ഇപ്രകാരം പെരുമാറുക. എത്രയോ പേര്‍; മധുരം കുറഞ്ഞതോ കൂടിയതോ ആകട്ടെ; വയറിന്റെ വിശപ്പ് നീക്കാന്‍ കുറച്ച് ഭക്ഷണം കിട്ടിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരായുണ്ട്.

അതോടൊപ്പം, ഭക്ഷണം ഉണ്ടാക്കിയ വ്യക്തിയെ മാനസികമായി പ്രയാസപ്പെടുത്തലും അവരെ സങ്കടപ്പെടുത്തലുമാണത്. ഒരു മുസ്‌ലിമിന് സങ്കടവും വേദനയുമുണ്ടാക്കുന്ന കാര്യങ്ങള്‍ മറ്റു മുസ്‌ലിമീങ്ങളില്‍ നിന്നുണ്ടാകരുത്.

3- ഹറാമായ ഭക്ഷണത്തെ കുറ്റം പറയാമോ?

അതില്‍ തെറ്റില്ല. അല്ല! അങ്ങനെയാണ് ചെയ്യേണ്ടത്. നിഷിദ്ധമായ ഭക്ഷണത്തെ ഖുര്‍ആനിലും ഹദീഥിലും എത്രയോ സ്ഥലങ്ങളില്‍ ആക്ഷേപിച്ചതായി കാണാം. അല്ലാഹുവിന്റെ പേരിലല്ലാതെ അറുക്കപ്പെട്ട ഭക്ഷണവും, പന്നി മാംസവും, ഇസ്‌ലാമികമായി അറുക്കപ്പെടാത്ത മൃഗങ്ങളുടെ മാംസവും, ശവവും രക്തവുമെല്ലാം ഇക്കൂട്ടത്തില്‍ പെട്ടത് തന്നെ. നിഷിദ്ധമായ മാര്‍ഗങ്ങളിലൂടെ സമ്പാദിച്ച ഭക്ഷണങ്ങളുടെയും കാര്യം തഥൈവ.

അബൂബക്ര്‍ സിദ്ധീഖ് -رَضِيَ اللَّهُ عَنْهُ- വിന്റെ വേലക്കാരിലൊരാള്‍ വഞ്ചനയിലൂടെ നേടിയെടുത്ത ഭക്ഷണം അബദ്ധത്തില്‍ -അറിയാതെ- കഴിച്ചു പോയ സംഭവം പ്രസിദ്ധമാണല്ലോ? അവസാനം അദ്ദേഹം തന്റെ വിരല്‍ വായിലേക്കിട്ട് അത് മുഴുവന്‍ ചര്‍ദ്ദിച്ച് പുറത്തേക്ക് കളഞ്ഞു. ഇതെല്ലാം ഇസ്‌ലാമികമാണ്. അപ്രകാരം ചെയ്യുന്നതില്‍ യാതൊരു തെറ്റുമില്ല.

വല്ലാഹു അഅ്ലം.

4- ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാതിരിക്കുന്നത് കുറ്റം പറയലല്ല.

ഒരാള്‍ക്ക് ഭക്ഷണം ഇഷ്ടപ്പെട്ടില്ലെങ്കില്‍ അത് കഴിക്കാതിരിക്കുന്നത് അതിനെ കുറ്റം പറയലോ ആക്ഷേപിക്കലോ അല്ല. നബി -ﷺ- യും അപ്രകാരം ചെയ്തിരുന്നുവെന്നാണല്ലോ ഹദീഥിലുമുള്ളത്? മാത്രമല്ല, ഉടുമ്പിന്റെ മാംസം സ്വഹാബികളില്‍ ചിലര്‍ നബി -ﷺ- ക്ക് വെച്ചു നീട്ടിയപ്പോള്‍ അവിടുന്ന് തിരസ്കരിച്ച സംഭവവും പ്രസിദ്ധമാണ്.

5- ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കാമോ?

രോഗം വന്നാലും മറ്റും ചിലപ്പോള്‍ ചിലര്‍ക്ക് ഭക്ഷണം കഴിക്കാന്‍ മടി തോന്നും. ചിലര്‍ക്ക് ചില പ്രത്യേക ഭക്ഷണങ്ങളോട് മാത്രമായും മടി തോന്നാറുണ്ട്. ഇത്തരക്കാരെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കരുതെന്നാണ് നബി -ﷺ- അറിയിച്ചിട്ടുള്ളത്. ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കാതെ ഒഴിവാക്കലായിരുന്നു നബി -ﷺ- യുടെ സുന്നത്ത് എന്നതിന് മേലെ നല്‍കിയ ഹദീഥിലും സൂചനയുണ്ട്. അവിടുന്ന് പറഞ്ഞു:

عَنْ عُقْبَةَ بْنِ عَامِرٍ الْجُهَنِيِّ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «لَا تُكْرِهُوا مَرْضَاكُمْ عَلَى الطَّعَامِ وَالشَّرَابِ، فَإِنَّ اللَّهَ يُطْعِمُهُمْ وَيَسْقِيهِمْ»

“നിങ്ങളിലെ രോഗികളെ നിര്‍ബന്ധിച്ച് ഭക്ഷണം കഴിപ്പിക്കുകയോ, പാനീയങ്ങള്‍ കുടിപ്പിക്കുകയോ ചെയ്യരുത്. അല്ലാഹു അവരെ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്യുന്നുണ്ട്.” (ഇബ്‌നു മാജ: 3444)

രോഗികളെ ചികിത്സിക്കുന്ന വൈദ്യന്മാര്‍ക്കും, രോഗികള്‍ക്ക് തന്നെയും ഈ ഹദീഥിലുള്ള പാഠം വളരെ ഉപകാരപ്രദമാണെന്ന് പണ്ഡിതന്മാര്‍ -ഇബ്‌നുല്‍ ഖയ്യിം, ഇബ്‌നു ഖുദാമ, സുയൂത്വി പോലുള്ളവര്‍- പറഞ്ഞിട്ടുണ്ട്. കാരണം രോഗം ബാധിച്ചു കഴിഞ്ഞാല്‍ ശരീരം അതിനെ പ്രതിരോധിക്കാനും പുറത്തു കളയാനുമുള്ള ശ്രമത്തിലായിരിക്കും. അപ്പോള്‍ അയാളുടെ പ്രകൃതത്തിന് ഇഷ്ടമില്ലാത്ത ഭക്ഷണം ‘കുത്തിക്കയറ്റുക’ കൂടി ചെയ്താല്‍ ശരീരത്തിലെ പ്രവര്‍ത്തനങ്ങളാകെ അവതാളത്തിലാകും. അത് അയാളെ കൂടുതല്‍ ഉപദ്രവിക്കുകയാണ് ചെയ്യുക.

എന്നാല്‍, രോഗി ഭക്ഷണം കഴിച്ചിട്ടില്ലെങ്കില്‍ അയാളുടെ രോഗം വര്‍ദ്ധിക്കുകയോ മരണം തന്നെ സംഭവിക്കുകയോ ചെയ്യുമെന്ന് വൈദ്യരംഗത്ത് വിവരമുള്ള, വിശ്വസ്തരായ ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തിയാല്‍, ഭക്ഷണം നിര്‍ബന്ധിച്ച് കഴിപ്പിക്കാമെന്ന് ചിലര്‍ വിശദീകരിച്ചിട്ടുണ്ട്. മറ്റു ചിലര്‍ അത് കറാഹതാണെന്നും പറഞ്ഞിട്ടുണ്ട്.

വല്ലാഹു അഅ്ലം.

6- നബി -ﷺ- യുടെ വിനയം:

മദീനയിലെ നേതാവാണ് റസൂലുല്ല -ﷺ-. മുസ്‌ലിമീങ്ങളുടെയെല്ലാം ഹൃദയങ്ങളില്‍ അവര്‍ സ്വന്തത്തെക്കാള്‍ സ്നേഹിക്കുന്ന പുണ്യ റസൂല്‍ -ﷺ-. അവിടുത്തേക്ക് ഏറ്റവും നല്ല ഭക്ഷണമാണ് ലഭിക്കേണ്ടത്. ശ്രദ്ധയോടെയാണ് അത് ഉണ്ടാക്കേണ്ടത്. അവിടുത്തേക്ക് തൃപ്തികരമാകാന്‍ -കഴിയാവുന്നിടത്തോളം- ശ്രദ്ധിക്കണം.

അപ്രകാരം തന്നെയാണ് സ്വഹാബികള്‍ അവിടുത്തോട് പെരുമാറിയിട്ടുള്ളത്. അവിടുത്തെ ഭാര്യമാരും അങ്ങനെ തന്നെ. എന്നാല്‍, എത്ര ശ്രദ്ധിച്ചാലും -മനുഷ്യരാണ്- അബദ്ധം സംഭവിക്കാതിരിക്കില്ല. ഭക്ഷണത്തില്‍ ചിലതെല്ലാം കൂടിയേക്കാം. ചിലപ്പോള്‍ കുറഞ്ഞേക്കാം.

എന്നാല്‍ റസൂലുല്ലയോ?

അവിടുന്ന് ദേഷ്യം പിടിച്ചില്ല. പാത്രമെടുത്ത് വലിച്ചെറിഞ്ഞില്ല. ഭക്ഷണം ചവിട്ടിയകറ്റിയില്ല. അവിടുത്തെ മുഖം ചുളിഞ്ഞില്ല. വിനയമായിരുന്നു അവിടുത്തെ മുഖമുദ്ര. തനിക്കിഷ്ടപ്പെടാത്ത ഭക്ഷണത്തെ കുറിച്ചൊരു കുറ്റവും പറയാതെ, നിശബ്ദനായി അവിടെന്നെഴുന്നേറ്റു പോയി.

ഇതു പോലൊരു നേതാവിനെ നിങ്ങള്‍ക്ക് മറ്റെവിടെയെങ്കിലും കാണിച്ചു തരാനാകുമോ?!

7- നബി -ﷺ- ഭാര്യമാരോട് പെരുമാറിയത്:

അവിടുന്ന് പറഞ്ഞു:

عَنْ عَبْدِ اللَّهِ بْنِ عَمْرٍو، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «خِيَارُكُمْ خِيَارُكُمْ لِنِسَائِهِمْ»

“നിങ്ങളില്‍ ഏറ്റവും നല്ലവര്‍ അവരുടെ സ്ത്രീകളോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്.” (ഇബ്‌നു മാജ: 1978)

നബി -ﷺ- യോളം തന്റെ വീട്ടുകാരോട് നന്മയില്‍ പെരുമാറിയ ഒരു ഗൃഹനാഥനുമില്ല. ഭക്ഷണം മോശമായാല്‍ പലരും വീട്ടിലുണ്ടാക്കുന്ന പുകിലുകളെന്താണെന്ന് ചിന്തിച്ചാല്‍ മനസ്സിലാകും അവിടുത്തെ നന്മയുടെ ഉത്തുംഗുത എത്ര മാത്രമായിരുന്നെന്ന്.

സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ‘ഫെമിനിസമെ’ന്ന ഭ്രാന്തിന്റെയും വക്താക്കള്‍ കൂടി ഇക്കാര്യം കേള്‍ക്കുകയും അറിയുകയും ചെയ്യേണ്ടതുണ്ട്. ബുദ്ധിജീവികളെന്ന് നടിക്കുന്ന അവരില്‍ പലരും തങ്ങളുടെ വീടുകളില്‍ കാണിച്ചു കൂട്ടുന്ന പരാക്രമങ്ങളെന്തു മാത്രം വലിയ അതിക്രമങ്ങളാണ്! എന്നാലുമവന്‍ മറ്റുള്ളവരുടെ ഭാര്യമാരുടെ കാര്യത്തില്‍ വലിയ സങ്കടത്തിലാണ്!

അല്ലാഹുവില്‍ അഭയം!

8- ഭക്ഷണം അല്ലാഹുവിന്റെ അനുഗ്രഹം:

ഭക്ഷണം അല്ലാഹുവിന്റെ മഹത്തരമായ അനുഗ്രഹമാണെന്നതില്‍ സംശയമില്ല. എത്രയോ ഖുര്‍ആന്‍ ആയത്തുകളില്‍ അവനക്കാര്യം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.

فَلْيَنظُرِ الْإِنسَانُ إِلَىٰ طَعَامِهِ ﴿٢٤﴾ أَنَّا صَبَبْنَا الْمَاءَ صَبًّا ﴿٢٥﴾ ثُمَّ شَقَقْنَا الْأَرْضَ شَقًّا ﴿٢٦﴾ فَأَنبَتْنَا فِيهَا حَبًّا ﴿٢٧﴾ وَعِنَبًا وَقَضْبًا ﴿٢٨﴾ وَزَيْتُونًا وَنَخْلًا ﴿٢٩﴾ وَحَدَائِقَ غُلْبًا ﴿٣٠﴾ وَفَاكِهَةً وَأَبًّا ﴿٣١﴾ مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ ﴿٣٢﴾

“എന്നാല്‍ മനുഷ്യന്‍ തന്റെ ഭക്ഷണത്തെപ്പറ്റി ഒന്നു ചിന്തിച്ച് നോക്കട്ടെ. നാം ശക്തിയായി മഴ വെള്ളം ചൊരിഞ്ഞുകൊടുത്തു.പിന്നീട് നാം ഭൂമിയെ ഒരു തരത്തില്‍ പിളര്‍ത്തി, എന്നിട്ട് അതില്‍ നാം ധാന്യം മുളപ്പിച്ചു.മുന്തിരിയും പച്ചക്കറികളും ഒലീവും ഈന്തപ്പനയും ഇടതൂര്‍ന്നു നില്‍ക്കുന്ന തോട്ടങ്ങളും. പഴവര്‍ഗവും പുല്ലും. നിങ്ങള്‍ക്കും നിങ്ങളുടെ കന്നുകാലികള്‍ക്കും ഉപയോഗത്തിനായിട്ട്‌.” (അബസ: 24-32)

ഭക്ഷണത്തെ കുറ്റം പറയാതിരിക്കുക എന്ന നബി -ﷺ- യുടെ ഈ സുന്നത്തില്‍ അല്ലാഹുവിന്റെ അപാരമായ ഈ അനുഗ്രഹത്തിനുള്ള നന്ദിപ്രകടനമുണ്ട്. അല്ലാഹുവാണ് ഉപജീവനം നല്‍കുന്നവനെന്നും, അവനത് പിടിച്ചു വെച്ചാല്‍ മനുഷ്യരുടെ ജീവിതം മഹാകഷ്ടത്തിലാകുമെന്നും ഉറച്ച ബോധ്യമുള്ളവര്‍ക്കേ ഇപ്രകാരം ചിന്തിക്കാനും, അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയൂ.

9- ജനങ്ങളോടുള്ള മര്യാദ:

ഭക്ഷണം ഉണ്ടാക്കിയവരെ വേദനിപ്പിക്കലും പരിഹസിക്കലുമാണ് അവരുണ്ടാക്കിയ ഭക്ഷണത്തെ കുറ്റം പറയലെന്ന് മേലെ സൂചിപ്പിക്കുകയുണ്ടായി. ഭക്ഷണത്തിന് മാത്രമല്ല; മറ്റു പലതിനും ഇത് ബാധകമാണ്.

ഒരാള്‍ ശ്രദ്ധയോടെ ഒരു കാര്യം നിര്‍മ്മിച്ചതിന് ശേഷം, അയാള്‍ ബോധപൂര്‍വ്വമല്ലാതെ വരുത്തിയ അബദ്ധങ്ങളുടെ പേരില്‍ അയാളെ ആക്ഷേപിക്കുകയെന്നത് ഒഴിവാക്കേണ്ടതുണ്ട്. ചെറിയ കുട്ടികളും മറ്റുമാണെങ്കില്‍ -ബോധപൂര്‍വ്വമോ അലസത കൊണ്ടോ ചെയ്തതാണെങ്കില്‍ കൂടി- ഈ മര്യാദ അവരുടെ കാര്യത്തില്‍ പാലിക്കേണ്ടതുണ്ട്. അതിലേക്കുള്ള സൂചന ഈ ഹദീഥിലുണ്ട്. അല്ലാതെ തന്നെ, നബി -ﷺ- യുടെ സ്വഭാവ മര്യാദകളില്‍ പെട്ടതായിരുന്നു അത്.

عَنْ أَنَسِ بْنِ مَالِكٍ قَالَ: «خَدَمْتُ رَسُولَ اللَّهِ –ﷺ- عَشْرَ سِنِينَ، وَاللهِ مَا قَالَ لِي: أُفًّا قَطُّ، وَلَا قَالَ لِي لِشَيْءٍ: لِمَ فَعَلْتَ كَذَا؟ وَهَلَّا فَعَلْتَ كَذَا؟»

അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: “പത്തു വര്‍ഷം ഞാന്‍ നബി -ﷺ- യെ സേവിച്ചിട്ടുണ്ട്. അല്ലാഹു സത്യം! ഒരിക്കല്‍ പോലും എന്നോട് ‘ഛെ’ എന്ന് അവിടുന്ന് പറഞ്ഞിട്ടില്ല. എന്തെങ്കിലുമൊരു കാര്യത്തില്‍; ‘നീ എന്തിനങ്ങനെ ചെയ്തു?’, ‘നിനക്ക് ഇങ്ങനെ ചെയ്തു കൂടായിരുന്നോ?’ എന്ന് എന്നോട് അവിടുന്ന് ചോദിച്ചിട്ടില്ല.” (മുസ്‌ലിം: 2309)

ചെറിയ കുട്ടിയായിരുന്ന, തന്നെ സേവിക്കുന്നതിനായി ഒപ്പം കൂടിയ, വേലക്കാരനായിരുന്ന അനസ് -رَضِيَ اللَّهُ عَنْهُ- വിനോടുള്ള നബി -ﷺ- യുടെ പെരുമാറ്റമാണിത്. അപ്പോള്‍ നമ്മുടെ മക്കളുടെ കാര്യത്തില്‍ നാം എപ്രകാരമായിരിക്കണം?! മറ്റു കുട്ടികളുടെ കാര്യത്തില്‍ എപ്രകാരമായിരിക്കണം?

അല്ലാഹു അനുഗ്രഹിക്കട്ടെ!

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment