ഹദീഥ്
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ-:
أَنَّ رَسُولَ اللَّهِ -صَلَّى اللَّهُ عَلَيْهِ وَسَلَّمَ- قَالَ:
«طَعَامُ الإِثْنَيْنِ كَافِي الثَّلَاثَةِ، وَطَعَامُ الثَّلَاثَةِ كَافِي الأَرْبَعَةِ»
ഓഡിയോ
അര്‍ഥം
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം:
നബി -ﷺ- പറഞ്ഞു:
“രണ്ടു പേരുടെ ഭക്ഷണം മൂന്ന് പേര്‍ക്ക് മതിയായതാണ്. മൂന്നു പേരുടെ ഭക്ഷണം നാലു പേര്‍ക്കും മതിയായതാണ്.”
പദാനുപദ അര്‍ഥം
طَعَامُ : ഭക്ഷണം
الإِثْنَيْنِ : രണ്ട്/രണ്ടു പേര്‍
كَافِي : മതിയായതാണ്
الثَّلَاثَةِ : മൂന്ന്‍/മൂന്ന്‍ പേര്‍
الأَرْبَعَةِ : നാല്/നാലു പേര്‍
തഖ് രീജ്
ബുഖാരി: 5392 (ഒരാളുടെ ഭക്ഷണം രണ്ടു പേര്‍ക്ക് മതിയായതാണ്)
മുസ്‌ലിം: 2058 (ഭക്ഷണം കുറച്ചാണെങ്കിലും പങ്കു വെക്കുന്നതിന്റെ ശ്രേഷ്ഠത)
പാഠങ്ങള്‍
1- ഹദീഥിന്റെ ആശയം:
രണ്ടാളുകളുടെ വയറു നിറക്കുന്ന ഭക്ഷണം മൂന്നു പേര്‍ക്ക് -വയറു നിറഞ്ഞില്ലെങ്കില്‍ കൂടി- വിശപ്പടക്കാന്‍ മതിയാകും. മൂന്നു പേരുടെ ഭക്ഷണം നാലു പേര്‍ക്കും ഇത് പോലെ തികയും. അതിനാല്‍ ഓരോരുത്തരും തങ്ങളുടെ സഹോദരങ്ങള്‍ക്ക് കൂടി ഭക്ഷണം പങ്കു വെക്കാനും, അവരെ കൂടി തങ്ങളുടെ വിഭവങ്ങളില്‍ പങ്കാളികളാക്കാനും തയ്യാറാകണം. ഇതാണ് ഹദീഥിന്റെ പ്രാഥമിക ഉദ്ദേശം.
ചിലര്‍ ധരിച്ചേക്കാവുന്നത് പോലെ: ഭക്ഷണത്തിന്റെ കണക്ക് വിശദീകരിക്കുകയല്ല ഈ ഹദീഥ്. മറിച്ച് ദാനദര്‍മ്മത്തിന്റെയും പരസ്പരം പങ്കു വെക്കുന്നതിന്റെയും പ്രാധാന്യമാണ് ഈ ഹദീഥിലെ വിഷയം. വല്ലാഹു അഅ്ലം.
2- പങ്കുവെക്കലിന്റെ ശ്രേഷ്ഠത:
‘മുവാസാത്’ എന്നാണ് തന്റെ ഭക്ഷണത്തിലും സമ്പാദ്യത്തിലുമെല്ലാം ആവശ്യക്കാര്‍ക്ക് കൂടി പങ്കു നല്‍കുന്നതിന് പറയുക. ഈ സ്വഭാവഗുണം വളരെ ശ്രേഷ്ഠമാണ്. അല്ലാഹുവും റസൂലും അതിനെ പുക്ഴത്തിയിട്ടുണ്ട്.
മക്കയില്‍ നിന്ന് വീടും കുടുംബവുമെല്ലാം ഉപേക്ഷിച്ച് മദീനയിലേക്ക് ഹിജ്റ (പാലയനം) ചെയ്തു വന്ന മുഹാജിറുകളോട്, യഥ്രിബ് നിവാസികളായ അന്‍സ്വാറുകള്‍ പെരുമാറിയത് ഈ മഹത്തരമായ ഗുണത്തോട് കൂടിയായിരുന്നു. തങ്ങളുടെ പാര്‍പ്പിടങ്ങളിലും സമ്പത്തിലും മുഹാജിറുകളെ കൂടി അവര്‍ പങ്കാളികളാക്കി. അക്കാര്യത്തില്‍ അല്ലാഹു -تَعَالَى- അവരെ പുകഴ്ത്തി കൊണ്ട് പറഞ്ഞു:
وَالَّذِينَ تَبَوَّءُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَىٰ أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ ۚ وَمَن يُوقَ شُحَّ نَفْسِهِ فَأُولَـٰئِكَ هُمُ الْمُفْلِحُونَ
“അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും ഈമാനും ഒരുക്കിവെച്ചവര്‍ക്കും (അന്‍സാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സാറുകള്‍) കണ്ടെത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്യ്‌രമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.” (ഹശ്ര്‍: 9)
ഇബ്‌നു ഉമര്‍ -ِرَضِيَ اللَّهُ عَنْهُمَا- ഒരു ദരിദ്രനെ കൂടെയിരുത്താതെ ഭക്ഷണം കഴിക്കാറിലായിരുന്നു എന്ന് ഹദീഥുകളില്‍ വന്നിട്ടുണ്ട്. (ബുഖാരി: 5393, മുസ്‌ലിം: 2060)
ചുരുക്കത്തില്‍; ഓരോ മുസ്‌ലിമും തന്റെ സമ്പാദ്യത്തിലും സൗകര്യങ്ങളിലും സാധ്യമാകും വിധം ആവശ്യക്കാരെ കൂടി പങ്കു ചേര്‍ക്കുകയും, അവരെ കൂടി തങ്ങളോടൊപ്പം ഉള്‍പ്പെടുത്തുകയും ചെയ്യണം.
3- പങ്കു ചേര്‍ക്കാം; ഭക്ഷണത്തില്‍ മാത്രമല്ല:
ഇവിടെ നല്‍കിയിട്ടുള്ള ഹദീഥ് ഭക്ഷണത്തില്‍ പങ്കു ചേര്‍ക്കുന്നതിനെ കുറിച്ചാണ് പരാമര്‍ശിക്കുന്നതെങ്കിലും; അതില്‍ മാത്രമൊതുങ്ങേണ്ടതല്ല ഈ സല്‍സ്വഭാവം.
ഇബ്‌നുല്‍ ഖയ്യിം -رَحِمَهُ اللَّهُ- പറഞ്ഞതു പോലെ: “പരസ്പരം പങ്കു വെക്കുകയും, മറ്റുള്ളവനെ കൂടി ഒപ്പം കൂട്ടുകയെന്നതും പല തരത്തിലുണ്ട്. സമ്പാദ്യത്തില്‍ പങ്കു ചേര്‍ക്കലുണ്ട്. സ്ഥാനമഹിമയില്‍ തന്റെ സഹോദരനെ പങ്കു ചേര്‍ക്കാം.
ശരീരം കൊണ്ട് അവനാവശ്യമുള്ള കാര്യങ്ങളില്‍ സഹായിച്ചും പങ്കു ചേരാം. അവന് നന്മ നിറഞ്ഞ ഉപദേശങ്ങള്‍ നല്‍കിയും, അവന് വേണ്ടി പ്രാര്‍ഥിച്ചും, അല്ലാഹുവിനോട് പൊറുക്കലിനെ തേടിയുമൊക്കെ അവന്റെ പ്രയാസങ്ങളില്‍ പങ്കു ചേരാം. അവന്റെ വേദനയുടെ ഒരു പങ്ക് അനുഭവിച്ചു കൊണ്ടുമതാകാം.
ഈമാനിന്റെ ശക്തി അനുസരിച്ചായിരിക്കും ഇതിലുള്ള വര്‍ദ്ധനവും കുറവുമെല്ലാം. ഈമാന്‍ കുറയുന്നതനുസരിച്ച് ഈ സല്‍സ്വഭാവവും കുറയും.” (ഫവാഇദ്: 171 – ആശയ വിവര്‍ത്തനം)
4- ചില ചരിത്രങ്ങള്‍:
സലഫുകളുടെ ജീവിതത്തില്‍ പങ്കു വെക്കലിന്റെ ചരിത്രങ്ങള്‍ അനേകം കാണാം. അല്ല! അവരില്‍ പലരും അതിലും മുന്‍കടന്ന് തങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് പ്രാധാന്യം നല്‍കുകയും, അവരെ പരിഗണിക്കുകയും ചെയ്തവരുമായിരുന്നു. രണ്ടു ചരിത്രങ്ങളിതാ:
عَنْ أَبِي هُرَيْرَةَ -رَضِيَ اللَّهُ عَنْهُ- أَنَّ رَجُلًا أَتَى النَّبِيَّ -ﷺ- فَبَعَثَ إِلَى نِسَائِهِ فَقُلْنَ: مَا مَعَنَا إِلَّا المَاءُ، فَقَالَ رَسُولُ اللَّهِ -ﷺ-: «مَنْ يَضُمُّ أَوْ يُضِيفُ هَذَا»، فَقَالَ رَجُلٌ مِنَ الأَنْصَارِ: أَنَا، فَانْطَلَقَ بِهِ إِلَى امْرَأَتِهِ، فَقَالَ: أَكْرِمِي ضَيْفَ رَسُولِ اللَّهِ -ﷺ-، فَقَالَتْ: مَا عِنْدَنَا إِلَّا قُوتُ صِبْيَانِي، فَقَالَ: هَيِّئِي طَعَامَكِ، وَأَصْبِحِي سِرَاجَكِ، وَنَوِّمِي صِبْيَانَكِ إِذَا أَرَادُوا عَشَاءً، فَهَيَّأَتْ طَعَامَهَا، وَأَصْبَحَتْ سِرَاجَهَا، وَنَوَّمَتْ صِبْيَانَهَا، ثُمَّ قَامَتْ كَأَنَّهَا تُصْلِحُ سِرَاجَهَا فَأَطْفَأَتْهُ، فَجَعَلاَ يُرِيَانِهِ أَنَّهُمَا يَأْكُلاَنِ، فَبَاتَا طَاوِيَيْنِ، فَلَمَّا أَصْبَحَ غَدَا إِلَى رَسُولِ اللَّهِ -ﷺ- فَقَالَ: «ضَحِكَ اللَّهُ اللَّيْلَةَ، أَوْ عَجِبَ، مِنْ فَعَالِكُمَا»
അബൂ ഹുറൈറ -ِرَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കല്‍ നബി -ﷺ- യുടെ അരികില്‍ ഒരാള്‍ വന്നു. അവിടുന്ന് (എന്തെങ്കിലും ഭക്ഷണമുണ്ടോ എന്ന് അന്വേഷിച്ചു കൊണ്ട്) തന്റെ ഭാര്യമാരുടെ അടുക്കലേക്ക് ആളെ അയച്ചു. അവരുടെ അടുക്കല്‍ വെള്ളമല്ലാതെ മറ്റൊന്നുമില്ല എന്ന ഉത്തരമാണ് കിട്ടിയത്.
അപ്പോള്‍ നബി -ﷺ- പറഞ്ഞു: “ഇദ്ദേഹത്തെ കൂടെ (തന്നോടൊപ്പം) കൂട്ടാനും, ആതിഥ്യം നല്‍കാനും ആരാണുള്ളത്?” അന്‍സ്വാരികളില്‍ പെട്ട ഒരാള്‍ പറഞ്ഞു: “ഞാന്‍ (ചെയ്യാം).” അദ്ദേഹം (ഈ വന്ന) വ്യക്തിയുമായി തന്റെ വീട്ടിലേക്ക് പോയി. (വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം) ഭാര്യയോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലിന്റെ അതിഥിയെ ആദരിക്കുക.”
അവള്‍ പറഞ്ഞു: “കുട്ടികള്‍ക്ക് (നല്‍കാന്‍ വെച്ച) ഭക്ഷണമല്ലാതെ മറ്റൊന്നും നമ്മുടെ പക്കലില്ല.” അദ്ദേഹം പറഞ്ഞു: “നീ ഭക്ഷണം തയ്യാറാക്കുക. വിളക്ക് കത്തിച്ചു വെക്കുകയും, കുട്ടികള്‍ ഭക്ഷണം വേണമെന്ന് പറഞ്ഞാല്‍ അവരെ കിടത്തിയുറക്കുകയും ചെയ്യുക.”
അവള്‍ ഭക്ഷണം തയ്യാറാക്കി. വിളക്ക് കത്തിക്കുകയും, കുട്ടികളെ ഉറക്കുകയും ചെയ്തു. (അങ്ങനെ അവര്‍ ഭക്ഷണത്തിന് ഇരുന്നപ്പോള്‍) അവള്‍ വിളക്ക് ശരിയാക്കാനെന്ന വണ്ണം എഴുന്നേല്‍ക്കുകയും, അത് കെടുത്തുകയും ചെയ്തു. (ഇരുട്ടില്‍) തങ്ങളും ഭക്ഷണം കഴിക്കുന്നുണ്ടെന്ന് അവര്‍ (അതിഥിയെ) തോന്നിപ്പിച്ചു. ഒഴിഞ്ഞ വയറുമായാണ് അവര്‍ രാത്രി കിടന്നുറങ്ങിയത്.
അടുത്ത ദിവസം നബി -ﷺ- യുടെ അടുക്കലേക്ക് അവര്‍ രാവിലെ മടങ്ങിച്ചെന്നു. അവിടുന്ന് പറഞ്ഞു: “കഴിഞ്ഞ രാത്രിയില്‍ അല്ലാഹു നിങ്ങളുടെ പ്രവൃത്തി കണ്ട് ചിരിച്ചിരിക്കുന്നു -അല്ലെങ്കില്‍; അത്ഭുതപ്പെട്ടിരിക്കുന്നു-.” (ബുഖാരി: 3798)
മറ്റൊരു സംഭവം:
കഠിനശൈത്യമുള്ള ഒരു ദിവസം ബിശ്ര്‍ അന്‍റ-ഹാഫിയുടെ അടുക്കല്‍ ഒരാള്‍ വന്നു. അദ്ദേഹം തണുപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള വസ്ത്രമൊന്നും എടുത്തണിഞ്ഞിരുന്നില്ല. ടശെത്യം കാരണം വിറച്ചു കൊണ്ടിരിക്കുന്ന അദ്ദേഹത്തോട് ചിലര്‍ ചോദിച്ചു: “ഇതെന്താണ് ഇങ്ങനെ, അബൂ നസ്വ്ര്‍?”
അദ്ദേഹം പറഞ്ഞു: “(തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ വസ്ത്രം പോലുമില്ലാത്ത) ദരിദ്രരെ ഞാന്‍ ഓര്‍ത്തു പോയി. അവര്‍ക്ക് നല്‍കാന്‍ എന്റെ കയ്യില്‍ വസ്ത്രങ്ങളില്ല. എങ്കില്‍ അവരുടെ തണുപ്പില്‍ ഞാനും പങ്കു ചേരട്ടെ എന്നു കരുതി.” (ഫവാഇദ്/ഇബ്‌നുല്‍ ഖയ്യിം: 171)
5- ഭക്ഷണത്തിന് ഒരുമിച്ചിരിക്കുക:
ഈ ഹദീഥിന്റെ പാഠങ്ങളിലൊന്നായി പണ്ഡിതന്മാര്‍ ഇക്കാര്യം എണ്ണിയിട്ടുണ്ട്. ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഒരുമിച്ചിരിക്കുന്നത് അതിലെ ‘ബറകത്’ (അനുഗ്രഹം) വര്‍ദ്ധിക്കാന്‍ കാരണമാകുമെന്ന് മറ്റു ചില ഹദീഥുകളിലും വന്നിട്ടുണ്ട്.
عن وَحْشِىِّ بْنِ حَرْبٍ عَنْ أَبِيهِ عَنْ جَدِّهِ أَنَّ أَصْحَابَ النَّبِىِّ -ﷺ- قَالُوا: يَا رَسُولَ اللَّهِ إِنَّا نَأْكُلُ وَلاَ نَشْبَعُ، قَالَ: «فَلَعَلَّكُمْ تَفْتَرِقُونَ» قَالُوا نَعَمْ، قَالَ: «فَاجْتَمِعُوا عَلَى طَعَامِكُمْ وَاذْكُرُوا اسْمَ اللَّهِ عَلَيْهِ يُبَارَكْ لَكُمْ فِيهِ»
നബി -ﷺ- യുടെ സ്വഹാബികളില്‍ ചിലര്‍ അവിടുത്തോട് പറഞ്ഞു: “അല്ലാഹുവിന്റെ റസൂലേ! ഞങ്ങള്‍ ഭക്ഷണം കഴിക്കുന്നെങ്കിലും വയര്‍ നിറയുന്നില്ല.” അവിടുന്ന് പറഞ്ഞു: “നിങ്ങള്‍ ഒറ്റക്കിരുന്നാകും ഭക്ഷണം കഴിക്കുന്നുണ്ടാവുക?” അവര്‍ പറഞ്ഞു: “അതെ.” അവിടുന്ന് പറഞ്ഞു: “എങ്കില്‍ നിങ്ങള്‍ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുക. അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയും ചെയ്യുക (ബിസ്മി ചൊല്ലുക). എങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ബറകത് ഉണ്ടാകും.” (അബൂദാവൂദ്: 3766)
عَنْ جَابِرٍ -ؓ- قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِنَّ أَحَبَّ الطَّعَامِ إِلَى اللَّهِ مَا كَثُرَتْ عَلَيْهِ الأَيْدِي»
നബി -ﷺ- പറഞ്ഞു: “അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം കൂടുതല്‍ കൈകള്‍ (പങ്കു ചേര്‍ന്നവ) യാണ്.” (സ്വഹീഹുത്വര്‍ഗീബ്: 2133)
6- ഭക്ഷണം കുറക്കുക:
ഭക്ഷണം കുറക്കണമെന്ന് ഈ ഹദീഥില്‍ നിന്ന് മനസ്സിലാക്കാം. രണ്ടു പേര്‍ക്ക് വയറു നിറക്കാവുന്ന ഭക്ഷണം മൂന്ന് പേര്‍ക്ക് തികയുമെന്ന നബി -ﷺ- വാക്കില്‍ ഈ സൂചനയുണ്ട്. ഭക്ഷണം കുറക്കണമെന്നത് പൊതുവെ പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യവുമാണ്.
عَنْ ابْنِ عُمَرَ قَالَ: سَمِعْتُ النَّبِيَّ -ﷺ- يَقُولُ: «المُؤْمِنُ يَأْكُلُ فِي مِعًى وَاحِدٍ، وَالكَافِرُ يَأْكُلُ فِي سَبْعَةِ أَمْعَاءٍ»
നബി -ﷺ- പറഞ്ഞു: “മുഅ്മിന്‍ ഒരു വയറിനുള്ളത് കഴിക്കും. കാഫിര്‍ ഏഴു വയറിലാണ് കഴിക്കുക.” (ബുഖാരി: 5393, മുസ്‌ലിം: 2060)
ഭക്ഷണം കുറക്കുന്നത് കൊണ്ട് അനേകം ഗുണങ്ങളുമുണ്ട്. ബുദ്ധി കൂടുതല്‍ പ്രവര്‍ത്തിക്കാനും, ഹൃദയം ശുദ്ധമാകാനും, അഹങ്കാരം ഇല്ലാതെയാകാനും, ദരിദ്രരെ ഓര്‍മ്മിക്കാനും, തിന്മകളോടുള്ള താല്‍പര്യം കുറക്കാനും, ഉറക്കം നിയന്ത്രിക്കാനും, ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്താനുമെല്ലാം അത് സഹായിക്കും.
7- കുറച്ചാണെങ്കിലും പങ്കു വെക്കുക:
‘രണ്ടു പേരുടെ ഭക്ഷണം മൂന്ന് പേര്‍ക്ക് മതിയാകും’ എന്ന സുന്നത്ത് ധാരാളം ഭക്ഷണമുണ്ടാക്കുമ്പോഴും, ഭക്ഷണം ബാക്കി വരുമ്പോഴുമൊക്കെ പ്രാവര്‍ത്തികമാക്കേണ്ടതല്ല. മറിച്ച്, വളരെ കുറച്ചേ ഭക്ഷണം ഉള്ളുവെങ്കിലും ഈ സുന്നത്ത് പ്രാവര്‍ത്തികമാക്കണം.
ഈ ഹദീഥിന്റെ മറ്റു ചില രിവായതുകള്‍ (നിവേദനങ്ങള്‍) കൊണ്ടും, വേറെ ചില ഹദീഥുകളില്‍ നിന്നും പണ്ഡിതന്മാര്‍ ഇക്കാര്യം വേര്‍തിരിച്ചെടുത്തിട്ടുണ്ട്.
عَنْ أَبِي هُرَيْرَةَ عَنِ النَّبِيِّ -ﷺ- قَالَ: «يَا نِسَاءَ المُسْلِمَاتِ، لاَ تَحْقِرَنَّ جَارَةٌ لِجَارَتِهَا، وَلَوْ فِرْسِنَ شَاةٍ»
നബി -ﷺ- പറഞ്ഞു: “ഹേ മുസ്‌ലിം സ്ത്രീകളേ! ഒരു അയല്‍ക്കാരി മറ്റൊരു അയല്‍ക്കാരിക്ക് (സമ്മാനമായി നല്‍കുന്നത് ചെറുതാണെങ്കിലും അതിനെ) നിസ്സാരമാക്കാതിരിക്കട്ടെ. അതൊരു ആടിന്റെ ഇറച്ചി കുറഞ്ഞ എല്ലിന്‍ കഷ്ണമാണെങ്കില്‍ പോലും.” (ബുഖാരി: 2566, മുസ്‌ലിം: 1030)
عَنْ عَدِيِّ بْنِ حَاتِمٍ، قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ، فَإِنْ لَمْ تَجِدْ فَبِكَلِمَةٍ طَيِّبَةٍ»
നബി -ﷺ- പറഞ്ഞു: “നരകത്തെ സൂക്ഷിക്കുക; ഒരു ഈത്തപ്പഴ കഷ്ണം കൊണ്ടെങ്കിലും. അതും ഇല്ലാത്തവന്‍; നല്ല വാക്കു കൊണ്ടെങ്കിലും (നരകത്തെ സൂക്ഷിക്കട്ടെ).” (ബുഖാരി: 6023)
8- ചെറിയ നന്മകളെ അവഗണിക്കരുത്:
തന്റെ ഭക്ഷണത്തില്‍ നിന്ന് ഒരു പങ്ക് മറ്റുള്ളവന് കൂടി നല്‍കുകയെന്ന സ്വഭാവം പലരും വളരെ ചെറിയ കാര്യമായി പരിഗണിക്കാറുണ്ട്. കേവലം ഒരു മര്യാദയോ, ‘മാനേഴ്സി’ന്റെ ഭാഗമോ അല്ല അതെന്ന ചിന്ത അവര്‍ക്കുണ്ടാകട്ടെ. കാരണം അല്ലാഹുവിങ്കല്‍ പ്രതിഫലം ലഭിക്കണമെങ്കില്‍ ഈ നിയ്യത്ത് (ഉദ്ദേശം) കൂടി ഉണ്ടാകേണ്ടതുണ്ട്.
മാത്രമല്ല; ഇത്തരം ചെറിയ നന്മകളായിരിക്കാം പലപ്പോഴും നമ്മുടെ നന്മകളുടെ പട്ടികയെ അധികരിപ്പിക്കുകയും, അതിന്റെ തുലാസുകളുടെ കനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുക.
عَنْ أَبِي ذَرٍّ، قَالَ: قَالَ لِيَ النَّبِيُّ -ﷺ-: «لَا تَحْقِرَنَّ مِنَ الْمَعْرُوفِ شَيْئًا، وَلَوْ أَنْ تَلْقَى أَخَاكَ بِوَجْهٍ طَلْقٍ»
നബി -ﷺ- പറഞ്ഞു: “നീ നന്മകളില്‍ ഒന്നിനെയും നിസ്സാരമായി കാണരുത്. നിന്റെ സഹോദരനെ പ്രസന്നവദനനായി കണ്ടു മുട്ടുന്നത് പോലും.” (മുസ്‌ലിം: 2626)
عَنْ عَائِشَةَ، أَنَّهَا قَالَتْ: قَالَ رَسُولُ اللَّهِ -ﷺ-: «… وَإِنَّ أَحَبَّ الْأَعْمَالِ إِلَى اللهِ مَا دُووِمَ عَلَيْهِ، وَإِنْ قَلَّ» وَكَانَ آلُ مُحَمَّدٍ -ﷺ- إِذَا عَمِلُوا عَمَلًا أَثْبَتُوهُ.
നബി -ﷺ- പറഞ്ഞു: “പ്രവര്‍ത്തനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ളത് സ്ഥിരമായി ചെയ്യുന്നവയാണ്; അത് വളരെ കുറച്ചാണെങ്കിലും.” ആഇശ -ِرَضِيَ اللَّهُ عَنْهَا- പറയുന്നു: “മുഹമ്മദ് നബി -ﷺ- യുടെ കുടുംബം ഒരു പ്രവര്‍ത്തനം ചെയ്തു (തുടങ്ങിയാല്‍) പിന്നീട് അത് സ്ഥിരമാക്കുമായിരുന്നു.” (മുസ്‌ലിം: 782)
ഇതിനൊരു എതിര്‍വശം കൂടിയുണ്ട്. തിന്മകള്‍; അവ ചെറുതാണെങ്കിലും നിസ്സാരവല്‍ക്കരിക്കരുത്. കാരണം ചിലപ്പോള്‍ അവ ഒരുമിച്ചു കൂടുകയും വലിയ തിന്മകളെക്കാള്‍ കനം അവക്കുണ്ടാവുകയും ചെയ്തേക്കാം.
عَنْ سَهْلِ بْنِ سَعْدٍ قَالَ: قَالَ رَسُولُ اللَّهِ -ﷺ-: «إِيَّاكُمْ وَمُحَقَّرَاتِ الذُّنُوبِ فَإِنَّمَا مَثَلُ مُحَقَّرَاتِ الذُّنُوبِ كَقَوْمٍ نَزَلُوا فِي بَطْنِ وَادٍ، فَجَاءَ ذَا بِعُودٍ، وَجَاءَ ذَا بِعُودٍ حَتَّى أَنْضَجُوا خُبْزَتَهُمْ»
നബി -ﷺ- പറഞ്ഞു: “നിസ്സാരവല്‍ക്കരിക്കപ്പെടുന്ന (ചെറിയ) തിന്മകളെ നിങ്ങള്‍ സൂക്ഷിക്കുക. അവയുടെ ഉപമ ഒരു കൂട്ടമാളുകളെ പോലെയാണ്. അവരൊരു താഴ്വാരത്തില്‍ ഇറങ്ങി. അതിലൊരാള്‍ ഒരു ചെറിയ കമ്പുമായി വന്നു. മറ്റൊരാള്‍ വേറൊരു വിറകു കൊള്ളിയുമായി വന്നു. അങ്ങനെ (ഒരുമിച്ചു കൂട്ടിയ വിറകുകള്‍ കൊണ്ട്) അവര്‍ തങ്ങളുടെ ഭക്ഷണം വേവിച്ചു.” (അഹ്മദ്: 22808)