മുഹദ്ദിഥുകളിൽ പ്രമുഖനായ, ഇമാം മുസ്ലിമിന്റെ അദ്ധ്യാപകന്മാരിൽ പെട്ട, അബൂ സുർഅഃ അൽ-റാസീ -رَحِمَهُ اللَّهُ- പറയുന്നു: “ഒരു ദിവസം രാത്രി ഞാൻ കിടക്കവെ എന്റെ മനസ്സിൽ ഒരു ചിന്ത വന്നു. നാളെ നേരം പുലർന്നാൽ സുഫ്യാൻ അസ്സൗരിക്ക് (സലഫുകളിൽ പെട്ട മഹാപണ്ഡിതൻ) ഹദീഥിൽ സംഭവിച്ച അബദ്ധങ്ങൾ ഒരുമിച്ചു കൂട്ടണം എന്നതായിരുന്നു ചിന്ത.
അങ്ങനെ നേരം പുലർന്നപ്പോൾ നിസ്കാരത്തിനായി ഞാൻ പുറപ്പെട്ടു. ഞങ്ങളുടെ വഴിയിൽ ഒരു നായ ഉണ്ടായിരുന്നു. ഇന്നു വരെ അത് എനിക്ക് നേരെ കുരച്ചിട്ടില്ല. ആർക്കെങ്കിലും നേരെ അത് കുരച്ചു ചാടുന്നതും ഞാൻ കണ്ടിട്ടില്ല. പക്ഷേ അന്നേ ദിവസം അത് എന്റെ നേരെ കുരച്ചു ചാടുകയും, എന്നെ കടിക്കുകയും ചെയ്തു.
ഇന്നലെ രാത്രി മനസ്സിൽ കൊണ്ടുനടന്ന ചിന്തക്കുള്ള ശിക്ഷയാണിത് എന്നാണ് എനിക്ക് മനസ്സിലാകുന്നത്. അങ്ങനെ സുഫ്യാൻ അസ്സൗരിയുടെ തെറ്റുകൾ ഒരുമിച്ചു കൂട്ടാനുള്ള എന്റെ തീരുമാനം ഞാൻ ഉപേക്ഷിച്ചു.” (താരീഖു ബഗ്ദാദ്: 14/272)
ഇമാമും മുഹദ്ദിഥുമായ ശേഷം, പിൽക്കാലത്തുള്ളവർക്ക് ഉപകാരപ്പെട്ടേക്കാവുന്ന ഒരു വിജ്ഞാനം ക്രോഡീകരിക്കാൻ ഉദ്ദേശിച്ച മഹാനായ ഒരു മനുഷ്യന്റെ വാക്കുകളാണിത്. പഠനകാലം രണ്ടോ മൂന്നോ വർഷം പിന്നിടുമ്പോഴേക്ക് അവൻ ജനിക്കുന്നതിനും മുൻപ് ദീനും ഫിഖ്ഹും പഠിപ്പിച്ചു തുടങ്ങിയ, പണ്ഡിതന്മാരിൽ തന്നെ പലരും പുകഴ്ത്തിപ്പറഞ്ഞവരെ ആക്ഷേപിക്കാനും അവരുടെ തെറ്റുകൾ -മതപരമായ ഒരു മര്യാദയും പാലിക്കാതെ- എടുത്തു പറയാനും ധൈര്യം കാനിക്കുന്നവര്ക്ക് നേരെ കുരച്ചു ചാടേണ്ട നായ്ക്കളെത്ര!