ഫാതിഹയുടെ പേരുകള്‍ക്ക് പിന്നില്‍

ഖുര്‍ആനിലെ ആദ്യത്തെ അദ്ധ്യായമായ സൂറതുല്‍ ഫാതിഹക്ക് അനേകം പേരുകളുണ്ട്. എന്തു കൊണ്ടാണ് ഒരേ സൂറതിന് വ്യത്യസ്ത പേരുകള്‍ എന്നു ചിന്തിച്ചിട്ടുണ്ടോ? ഒരു വസ്തുവിന് പേരുകള്‍ അധികരിക്കുന്നത് അതിന്റെ മഹത്വവും സ്ഥാനവും അറിയിക്കുന്നു എന്നതാണ് ഒരു കാരണം. പൊതുവേ അറബികള്‍ക്കിടയില്‍ അറിയപ്പെട്ട കാര്യമാണിത്.

അവരുടെ ജീവിതത്തില്‍ ഏറെ പ്രാധാന്യമുള്ള പലതിനും ഒന്നിലധികം പേരുകള്‍ നല്‍കപ്പെട്ടതായി കാണാം. ഉദാഹരണത്തിന് സിംഹം; ധാരാളം പേരുകള്‍ അറബിയില്‍ സിംഹത്തിന് പറയപ്പെട്ടിട്ടുണ്ട്. അത് ആ ജീവിയുടെ ശക്തിയും കാട്ടിലെ മൃഗങ്ങള്‍ക്കിടയില്‍ അതിനുള്ള പ്രാധാന്യവും ബോധ്യപ്പെടുത്തുന്നു.

ഇസ്‌ലാമിലെ പ്രധാനപ്പെട്ട പല വിഷയങ്ങളും ഇപ്രകാരം ധാരാളം പേരുകള്‍ കൊണ്ട് വിശേഷിപ്പിക്കപ്പെട്ടതായി കാണാം. ഉദാഹരണത്തിന് അന്ത്യനാള്‍. ഖിയാമ, വാഖിഅ, ഖാരിഅ, ആഖിറ, യൌമുല്‍ ബഅഥ്, ഹാഖഃ… ധാരാളം പേരുകള്‍. അന്ത്യനാളിന്റെ ഗൌരവവും പ്രാധാന്യവും, അതിന് നല്‍കേണ്ട പരിഗണനയും ഈ പേരുകള്‍ ഓര്‍മ്മപ്പെടുത്തുന്നു.

അല്ലാഹുവിന്റെ സംസാരമായ ഖുര്‍ആന്‍. ധാരാളം പേരുകളുണ്ട് ഖുര്‍ആനിന്. ഫുര്‍ഖാന്‍, തന്‍സീല്‍, അല്‍-കിതാബ്, കലാമുല്ലാഹ്… ഖുര്‍ആന്‍ ഉള്‍ക്കൊള്ളുന്ന അര്‍ത്ഥങ്ങളുടെയും ആശയത്തിന്റെയും, അതിന് കല്‍പ്പിക്കപ്പെടേണ്ട പ്രാധാന്യത്തിന്റെയും ഓര്‍മ്മപ്പെടുത്തല്‍ ഈ പേരുകളില്‍ ഉണ്ട്.

നബി -ﷺ- ക്കും അനേകം പേരുകള്‍ ഉണ്ടായിരുന്നല്ലോ? മുഹമ്മദ്‌, അഹ്മദ്, മാഹീ, ഹാഷിര്‍, റസൂല്‍, നബി… അവിടുത്തേക്ക്‌ അല്ലാഹുവിങ്കല്‍ ഉള്ള ആദരവിനെ കുറിച്ചും, മഹത്വത്തെ കുറിച്ചും ഈ വാക്കുകള്‍ സൂചിപ്പിക്കുന്നു.

എന്തിനധികം പറയണം?!

അല്ലാഹു -تَعَالَى- യുടെ പേരുകള്‍ എത്ര ധാരാളമുണ്ട്. അവയില്‍ 99 നാമങ്ങള്‍ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തവര്‍ക്ക് സ്വര്‍ഗമുണ്ട് എന്ന് നബി -ﷺ- അറിയിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ഈ നാമങ്ങള്‍ അവന്റെ മഹത്വവും ശ്രേഷ്ഠതയും എല്ലാ നന്മകളിലും ഉത്തമ ഗുണങ്ങളിലും അവന്‍ പൂര്‍ണതയുള്ളവനാണ് എന്നും അറിയിക്കുന്നു.

ഫാതിഹയുടെ കാര്യവും ഇത് പോലെ തന്നെ. മറ്റു സൂറതുകളെ അപേക്ഷിച്ച് ഈ സൂറതിന് ധാരാളം നാമങ്ങളുണ്ട്. അവ ഈ സൂറത് ഉള്‍ക്കൊള്ളുന്ന ആശയത്തെയും, അതിന്റെ പ്രാധാന്യത്തെയും കുറിച്ച് നമ്മെ ബോധ്യപ്പെടുത്തുന്നു.

ഈ സൂറതിനെ കുറിച്ച് ചിന്തിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ചും, ഓരോ ദിവസവും ആവര്‍ത്തിച്ചാവര്‍ത്തിച്ച് നമ്മെ കൊണ്ട് ഓരോ നിസ്കാരങ്ങളിലും പാരായണം ചെയ്യിക്കുന്നതിന് പിന്നിലെ ഉദ്ദേശത്തെ കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.

തുടര്‍ന്ന് വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

2 Comments

  • وعليكم السلام ورحمة الله وبركاته

    بين الحمد والثناءِ فرقٌ، ولهذا يقولُ الله عزَّ وجلَّ: (حمدني عَبدي) ثم يقول: (أَثنَى عليَّ عَبدي) فالثناءُ تكريرُ الحمد وتثنيتُه – قاله ابن القيم وابن رجب وأقره الكثيرون

    ഹംദ്: സ്തുതി. ഹംദ് ആവര്‍ത്തിക്കപ്പെട്ടാല്‍ അതിന് ഥനാ എന്നു പറയും.

    വല്ലാഹു അഅലം.

    വ ഫീകും ബാറകല്ലാഹ്.

  • السلام عليكم ورحمة الله
    Is the meaning for اثنى علي عبدي given in this true? Please clarify

    بارك الله فيكم

Leave a Comment