ഹിദായ..!

മനുഷ്യര്‍ക്ക് നേടിയെടുക്കാന്‍ കഴിഞ്ഞ വിജ്ഞാനത്തെക്കാള്‍ എത്രയോ ഇനിയും അറിയാനുണ്ട്. അല്ലാഹുവിനെ കുറിച്ച്, അവന്റെ മതത്തെ കുറിച്ച്, ഖുര്‍ആനിനെ കുറിച്ച്, അതിലെ നിയമങ്ങളെ കുറിച്ച്, അതിന്റെ പിന്നിലെ അത്ഭുതങ്ങളെ കുറിച്ച്, വിശദീകരണങ്ങളെ കുറിച്ച്… ഇവയെ കുറിച്ചെല്ലാം നാം അറിഞ്ഞതിനെക്കാള്‍ ഇനിയും അറിയാന്‍ ബാക്കി കിടക്കുന്നു.

ഈ അറിവുകളില്‍ തന്നെ ഇന്ന് ബാക്കിയായിട്ടുള്ളത് വളരെ കുറഞ്ഞ ശതമാനം മാത്രമാണ്. മുന്‍പുള്ളവര്‍ക്ക് ഉണ്ടായിരുന്ന അറിവിന്റെ വളരെ കുറഞ്ഞ ഭാഗം മാത്രമാണ് പില്‍ക്കാലക്കാര്‍ക്ക് ഉള്ളത്. മതവുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങള്‍ പതുക്കെ നമ്മില്‍ നിന്ന് ഇല്ലാതായി കൊണ്ടിരിക്കുന്നു.

ഈ വളരെ കുറഞ്ഞ ശതമാനം അറിവുകള്‍ നേടിയെടുത്തവരും ജനങ്ങളില്‍ വളരെ തുച്ഛം മാത്രം. ബഹുഭൂരിപക്ഷവും ഒന്നും അറിയാത്തവരോ, പറയാന്‍ മാത്രം എന്തെങ്കിലും അറിവുള്ളവരോ അല്ല. കാലക്രമേണ പണ്ഡിതന്മാര്‍ ഇല്ലാതായിക്കൊണ്ടിരിക്കുമെന്ന് നബി -ﷺ- യും അറിയിച്ചിട്ടുണ്ട്.

ഈ പറഞ്ഞ പണ്ഡിതന്മാരുടെ കൂട്ടത്തില്‍ തന്നെ; അറിഞ്ഞത് അനുസരിച്ച് പ്രവര്‍ത്തിക്കുന്നവര്‍ വീണ്ടും കുറവ്. അത്തരക്കാരെ കാണാന്‍ കഴിയുക എന്നത് വളരെ വിരളമായിരിക്കും. അതു കൊണ്ടാണല്ലോ സലഫുകള്‍ പണ്ഡിതന്മാരെ നല്ലവരെന്നും ചീത്തവരെന്നും വേര്‍തിരിച്ചത്?!

അവര്‍ തന്നെ എത്ര മാത്രം കുറഞ്ഞ ഭാഗമാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാവുക? അറിഞ്ഞതെല്ലാം ഒരാള്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനമെടുക്കില്ല. ചിലത് മാത്രമേ പ്രവര്‍ത്തിക്കാന്‍ അയാള്‍ക്ക് ഉദ്ദേശമുണ്ടാവൂ. അപ്പോള്‍ എത്രയോ കാര്യങ്ങള്‍ പ്രവര്‍ത്തിക്കണമെന്ന ഉദ്ദേശം പോലുമില്ലാതെ ഇനിയും ബാക്കി കിടക്കുന്നുണ്ട്.

അയാള്‍ പ്രവര്‍ത്തിക്കണമെന്ന് ഉദ്ദേശിച്ച കാര്യങ്ങളില്‍ വളരെ കുറഞ്ഞ ഭാഗമേ യഥാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാകൂ. എത്രയോ കാര്യങ്ങള്‍ അയാള്‍ മറക്കുകയും ഓര്‍മ്മയില്‍ പോലും വരാതെ പോവുകയും ചെയ്യും. ചിലതെല്ലാം എന്നെന്നേക്കുമായി മറന്നേക്കാം. മറ്റു ചിലത് അയാള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ശക്തിയില്ലാത്തതിനാല്‍ ചെയ്യാന്‍ പറ്റാതെ വരുകയും ചെയ്യാം.

അയാള്‍ പ്രാവര്‍ത്തികമാക്കുന്ന വളരെ കുറഞ്ഞ പ്രവര്‍ത്തനങ്ങള്‍ തന്നെ മരണം വരെ അയാളോടൊപ്പം നിലനില്‍ക്കുമെന്ന് ഒരുറപ്പുമില്ല. ഏതവസ്ഥയിലാണ് അയാള്‍ നാളെ മരിക്കുകയെന്നു അയാള്‍ക്ക് പോലും അറിയില്ല. ഈ മനസ്സിലാക്കിയതില്‍ -പ്രാവര്‍ത്തികമാക്കിയതില്‍- ഉറച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു വരെ ചെയ്തതെല്ലാം നിഷ്ഫലവുമാകും!

അപ്പോള്‍ എത്ര കുറവാണ് ഒരു വലിയ പണ്ഡിതന്റെ അറിവ് പോലും? അയാളുടെ പ്രവര്‍ത്തനങ്ങള്‍ തന്നെ എത്ര മാത്രം തുച്ഛമാണ്? അയാളുടെ അന്ത്യം പോലും എത്ര അസ്ഥിരതയാര്‍ന്നതായാണ്. എത്രയോ അറിയാനും പ്രവര്‍ത്തിക്കാനുമായി ഇനിയും ബാക്കി കിടക്കുന്നു! എത്രയോ ഇനിയും മുന്നോട്ടു പോകാനുണ്ട്.

അതെല്ലാം ഹിദായതാണ്.

നാം ഇനിയും അറിഞ്ഞിട്ടില്ലാത്ത;

അറിഞ്ഞതില്‍ തന്നെ പഠിച്ചിട്ടില്ലാത്ത;

പഠിച്ചതില്‍ തന്നെ പ്രവര്‍ത്തിച്ചിട്ടില്ലാത്ത;

പ്രവര്‍ത്തിച്ചവയുടെ തന്നെ അന്ത്യം എന്താകുമെന്നറിയാത്ത;

എല്ലാമെല്ലാമെല്ലാം…!

ഈ ഹിദായതിന് വേണ്ടിയാണ് എന്നും നാം ചോദിച്ചു കൊണ്ടിരിക്കുന്നത്. അതിനിയും വര്‍ദ്ധിപ്പിച്ചു തരാനാണ് റഹ്മാനും റഹീമുമായ റബ്ബിനോടു നാം യാചിക്കുന്നത്!

ഇപ്പോള്‍ മനസ്സിലായോ എന്തിനാണ് എല്ലാ ദിവസവും നമ്മെ കൊണ്ട് ഹിദായ ചോദിപ്പിക്കുന്നതെന്ന്?

എന്തിനാണ് ജീവിതം തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെ ഒരു മാറ്റവുമില്ലാതെ നാം ഇത് ചോദിക്കുന്നതെന്ന്?

എത്ര മാത്രം പ്രാധാന്യമാണ് ഈ പ്രാര്‍ത്ഥനക്കുള്ളതെന്ന്?

അവലംബം:

  1. മദാരിജുസ്സാലികീന്‍-ഇബ്‌നുല്‍ ഖയ്യിം: 1/32-33.
  2. തദ്കിറതുല്‍ ഹുഫ്ഫാദ്: 3/1031.

തുടര്‍ന്നു വായിക്കുക:

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment