ഇസ്ലാമിലെ രണ്ട് ഈദുകളും മഹത്തരമായ രണ്ട് ഇബാദതുകള്‍ക്ക് ശേഷമാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്; നോമ്പും ഹജ്ജുമാണ് അവ. ഈ രണ്ട് ഇബാദതുകളും അല്ലാഹു -تَعَالَى- അവന്റെ സച്ചരിതരായ അടിമകള്‍ക്ക് ധാരാളമായി തിന്മ പൊറുത്തു കൊടുക്കുകയും അവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്ന ദിനങ്ങളില്‍ പെട്ടതാണ്. അതിലുള്ള സന്തോഷവും ആഹ്ളാദവും ഓരോ മുസ്ലിമും ഈ ദിനങ്ങളില്‍ പ്രകടിപ്പിക്കുന്നു.
അതോടൊപ്പം ഏറ്റവും ശ്രേഷ്ഠമായ രാപ്പകലുകള്‍ ജീവിക്കാന്‍ കഴിഞ്ഞതിന് ശേഷമാണ് ഓരോ മുസ്ലിമും ഈ രണ്ടു പെരുന്നാളുകളുടെയും സന്തോഷത്തിലേക്ക് പ്രവേശിക്കുന്നത്. റമദാന് ലൈലതുല്‍ ഖദര്‍ എന്ന അതിമഹത്തരമായ രാത്രിയെ അതിന്റെ അവസാനത്തെ പത്തില്‍ ഉള്‍ക്കൊള്ളുന്നു. ഹജ്ജിന്റെ മാസമായ ദുല്‍ ഹിജ്ജയാകട്ടെ, ഏറ്റവും ശ്രേഷ്ഠമായ പത്ത് പകലുകളെയും വര്‍ഷത്തിലെയും ഏറ്റവും ശ്രേഷ്ഠമായ ദിവസം -അറഫ ദിനത്തെയും- ഉള്‍ക്കൊള്ളുന്നു. ഈ ദിനങ്ങള്‍ ഏതൊരു മുസ്ലിമിനും അവന്റെ പരലോകത്തിലേക്കുള്ള മുതലെടുപ്പ് ഏറ്റവും ലാഭകരമായി നടത്താവുന്ന ദിവസങ്ങളാണ്. മഹത്തരമായ ലാഭം കരസ്ഥമാക്കിയ ഓരോ മുസ്ലിമിനും സന്തോഷിക്കാവുന്ന രണ്ട് ദിവസങ്ങള്‍ -രണ്ട് പെരുന്നാളുകള്‍- അതിന് ശേഷം അല്ലാഹു ഇക്കാരണത്താലും നിശ്ചയിച്ചു കൊടുത്തിരിക്കുന്നു.
ഇബ്നു റജബ് അൽ-ഹമ്പലി -رَحِمَهُ اللَّهُ- പറഞ്ഞു: “അല്ലാഹു ഈ ഉമ്മത്തിന് സന്തോഷിക്കാനും ആഹ്ളാദിക്കാനും അനുമതി നൽകിയത് അവന്റെ അനുഗ്രഹത്തിന്റെയും കാരുണ്യത്തിന്റെയും പൂർത്തീകരണത്തിന്റെ ഭാഗമായാണ്. അല്ലാഹു പറയുന്നു:
قُلْ بِفَضْلِ اللَّـهِ وَبِرَحْمَتِهِ فَبِذَٰلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴿٥٨﴾
“പറയുക: അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടും കാരുണ്യം കൊണ്ടുമാണത്. അതുകൊണ്ട് അവര്‍ സന്തോഷിച്ചു കൊള്ളട്ടെ. അതാണ് അവര്‍ സമ്പാദിച്ചു കൂട്ടികൊണ്ടിരിക്കുന്നതിനെക്കാള്‍ ഉത്തമമായിട്ടുള്ളത്.” (യൂനുസ്: 58)
അതിനാൽ വർഷത്തിൽ രണ്ട് തവണയും ആഴ്ച്ചയിൽ ഒരിക്കലും (വെള്ളിയാഴ്ച്ച) അല്ലാഹു അവർക്ക് പെരുന്നാളുകൾ നിശ്ചയിച്ചു നൽകിയിരിക്കുന്നു.
വർഷത്തിലുള്ള രണ്ട് പെരുന്നാളുകളിൽ ഒന്ന് ഈദുൽ ഫിത്വറാണ്. അല്ലാഹു അവരുടെ മേൽ എല്ലാ വർഷവും നിർബന്ധമാക്കിയിട്ടുള്ള നോമ്പിന്റെ പൂർത്തീകരണത്തിന് ശേഷമാണ് ഈ പെരുന്നാൾ വരുന്നത്. അവർ അവരുടെ നോമ്പ് പൂർത്തീകരിക്കുമ്പോൾ അല്ലാഹു അവരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തിയിരിക്കുന്നു. അതിനാൽ അവർക്ക് അവരുടെ നോമ്പ് പൂർത്തീകരിച്ചതിന് ശേഷം അല്ലാഹു പെരുന്നാൾ നിശ്ചയിച്ചു നൽകിയിരിക്കുന്നു. അന്ന് സമ്മാനങ്ങളുടെ ദിനമാണ്. അല്ലാഹുവിന്റെ പാപമോചനത്തിനായി മുസ്ലിംകൾ നിസ്കാരത്തിലേക്കും സ്വദഖയിലേക്കും അന്ന് മടങ്ങിച്ചെല്ലുന്നു. (അവർക്ക് ലഭിച്ച നന്മകൾക്കുള്ള) നന്ദിയായി കൊണ്ടാണ് ഫിത്വർ സകാത്തും പെരുന്നാൾ നിസ്കാരവും അന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.
രണ്ടാമത്തെ പെരുന്നാൾ മുസ്ലിംകൾ ഹജ്ജ് പൂർത്തീകരിച്ചു കഴിയുമ്പോഴാണ്. അറഫയിൽ നിന്നുകൊണ്ട് അവർ ഹജ്ജ് പൂർത്തീകരിച്ചതിന് ശേഷമാണ് ഈ പെരുന്നാൾ വരുന്നത്. അറഫാ ദിനവും നരകത്തിൽ നിന്ന് അല്ലാഹു അവന്റെ ദാസന്മാരെ രക്ഷപ്പെടുത്തുന്ന ദിവസമാണ്. അന്ന് അല്ലാഹു നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുന്നത് പോലെ മറ്റൊരു ദിവസവും അല്ലാഹു മനുഷ്യരെ നരകത്തിൽ നിന്ന് രക്ഷപ്പെടുത്തുകയില്ല. അതിനാൽ ആ ദിവസത്തിന് തൊട്ടുശേഷവും അല്ലാഹു പെരുന്നാൾ നിശ്ചയിച്ചിരിക്കുന്നു. അല്ല! ഇതാകുന്നു യഥാർഥത്തിൽ വലിയ പെരുന്നാൾ.
അന്ന് ഹജ്ജിന് പങ്കെടുത്ത ജനങ്ങൾ അവരുടെ ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തീകരിക്കുകയും, ഇഹ്റാമിൽ നിന്ന് വിരമിക്കുകയും, അവരുടെ ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും, അവരുടെ നേർച്ചകൾ പൂർത്തീകരിക്കുകയും, കഅ്ബ ത്വവാഫ് നടത്തുകയും ചെയ്യുന്നു. ഈ പെരുന്നാളിൽ ലോകത്തിന്റെ വിഭിന്നങ്ങളായ നാടുകളിൽ നിന്നുള്ള ജനങ്ങൾ പങ്കുചേരുന്നു. അറഫയിൽ അവരോടൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിലും നരകമോചനവും പാപമോചനവും അവർക്കുമുണ്ട്… അതിനുള്ള നന്ദിയായി കൊണ്ടാണ് ലോകമുസ്ലിംകളെല്ലാം നിസ്കാരത്തിലും ബലികർമ്മത്തിലും പങ്കുചേരുന്നത്.” (ഫത്ഹുൽ ബാരി/ഇബ്നു റജബ്: 1/174)