രണ്ട് പെരുന്നാളുകളാണ് മുസ്‌ലിംകൾക്ക് ഉള്ളത്. റമദാൻ അവസാനിച്ചതിന്റെ അടുത്ത ദിവസം -ശവ്വാൽ ഒന്നിന്- ഈദുൽ ഫിത്വറും (ചെറിയ പെരുന്നാൾ), ദുൽഹിജ്ജ പത്തിന് ഈദുൽ അദ്വഹായും (വലിയ പെരുന്നാൾ). ശവ്വാൽ ഒന്നിനും ദുൽഹിജ്ജ പത്തിനുമാണ് ഈ പെരുന്നാളുകൾ എന്ന പ്രയോഗം ചില പണ്ഡിതന്മാർ എതിർത്തിട്ടുണ്ട്. അവർ പറഞ്ഞു: ഈദുൽ ഫിത്വർ ജനങ്ങൾ റമദാൻ അവസാനിപ്പിച്ചതിന്റെ അടുത്ത ദിവസവും, ഈദുൽ അദ്വഹ ജനങ്ങൾ ഉദ്വുഹ്ഹിയ്യത്ത് അറുത്തു കൊണ്ട് പെരുന്നാൾ ആഘോഷിക്കാൻ തുടങ്ങുന്ന ദിവസവുമാണ്.

എന്താണ് ആദ്യം പറഞ്ഞതും രണ്ടാമത് പറഞ്ഞതും തമ്മിലുള്ള വ്യത്യാസം എന്ന് ചിലർ ചോദിച്ചേക്കാം. ഉദാഹരണം പറയാം. ചിലപ്പോൾ ശവ്വാൽ ഒന്നിന്റെ മാസപ്പിറവി ഒരാൾ കണ്ടിരിക്കാം. എന്നാൽ അയാളുടെ സാക്ഷ്യം എന്തെങ്കിലും കാരണത്താൽ സ്വീകരിക്കപ്പെടാത്തതിനാൽ ചിലപ്പോൾ അടുത്ത ദിവസം മുസ്‌ലിംകൾ ശവ്വാലിന്റെ ആരംഭമായി പരിഗണിച്ചു കൊള്ളണമെന്നില്ല. മാസപ്പിറവി കണ്ടു എന്ന അയാളുടെ അഭിപ്രായം യഥാർത്ഥത്തിൽ ശരിയാണെങ്കിലും അയാൾ സ്വീകാര്യനല്ലാത്തതിനാൽ മുസ്‌ലിംകൾ അയാളുടെ കാഴ്ച്ച സ്വീകരിക്കാതിരിക്കുകയും, പെരുന്നാൾ ഒരു ദിവസം വൈകുകയും ചെയ്തേക്കാം.

അപ്പോൾ അവർ യഥാർഥത്തിൽ പെരുന്നാൾ ആഘോഷിക്കുന്നത് ശവ്വാൽ രണ്ടിനായിരിക്കും; എന്നാൽ അവരുടെ കണക്കിലാകട്ടെ, അത് ശവ്വാൽ ഒന്നുമാണ്. അപ്പോൾ അവർ ശവ്വാൽ ഒന്നിനല്ല പെരുന്നാൾ യഥാർഥത്തിൽ ആഘോഷിച്ചിരിക്കുന്നത്. എന്നാൽ ശവ്വാൽ രണ്ടിന് ആഘോഷിച്ചു എന്നതിനാൽ -ജനങ്ങൾ പെരുന്നാളായി സ്വീകരിച്ച ദിവസം- പെരുന്നാളാകാതിരിക്കുമോ?! ഇല്ല. മറിച്ച്, എന്നാണോ പൊതുമുസ്‌ലിംകൾ പെരുന്നാളായി കണക്കാക്കുന്നത്, അന്നാണ് യഥാർഥ പെരുന്നാൾ.

عَنْ أَبِي هُرَيْرَةَ أَنَّ النَّبِيَّ -ﷺ- قَالَ: «الصَّوْمُ يَوْمَ تَصُومُونَ، وَالفِطْرُ يَوْمَ تُفْطِرُونَ، وَالأَضْحَى يَوْمَ تُضَحُّونَ»

നബി -ﷺ- പറഞ്ഞു: “നിങ്ങൾ (അതായത് മുസ്‌ലിംകൾ) നോമ്പ് നോൽക്കുന്ന ദിവസമാണ് നോമ്പ്. നിങ്ങൾ നോമ്പ് അവസാനിപ്പിക്കുന്ന ദിവസമാണ് (ഈദുൽ) ഫിത്വർ. നിങ്ങൾ ഉദ്വുഹിയ്യത്ത് അറുക്കുന്ന ദിനമാണ് (ഈദുൽ) അദ്വഹ.” (തിർമിദി: 697, സ്വഹീഹ: 224)

ഇമാം തിർമിദി -رَحِمَهُ اللَّهُ- പറഞ്ഞു: “ചില പണ്ഡിതന്മാർ ഈ ഹദീഥിനെ വിശദീകരിച്ചു കൊണ്ട് പറഞ്ഞു: ‘ഈ ഹദീഥിന്റെ ഉദ്ദേശം നോമ്പും പെരുന്നാളുമെല്ലാം മുസ്‌ലിം പൊതുജനത്തോടൊപ്പം -ബഹുഭൂരിപക്ഷത്തോടൊപ്പം- ആയിരിക്കണമെന്നാണ്.”

ചുരുക്കത്തിൽ, ഒരാൾ വ്യക്തിപരമായി മാസപ്പിറവി കണ്ടെന്നിരിക്കട്ടെ, എങ്കിൽ പോലും ജനങ്ങൾ അയാളുടെ സാക്ഷ്യം സ്വീകരിച്ചില്ലെങ്കിൽ അയാൾ ജനങ്ങളോടൊപ്പം തന്നെ നിലകൊള്ളണമെന്നതാണ് ശരിയായ അഭിപ്രായമായി മനസ്സിലാകുന്നത്. വല്ലാഹു അഅ്ലം.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment