ഒരു മുസ്‌ലിമിനെ ഇബാദതുകളിലേക്ക് നയിക്കുന്നത് ഭയവും പ്രതീക്ഷയുമാണ്‌. ഇബാദതിന്റെ അര്‍കാനുകളില്‍ (സ്തംഭം) പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളാണ് അവ.

പക്ഷേ നാം എന്തിനെയാണ് ഭയക്കേണ്ടത്?

എന്തിലാണ് പ്രതീക്ഷയര്‍പ്പിക്കേണ്ടത്?

ചുരുക്കി വിശദീകരിക്കാം. നാലു കാര്യങ്ങളെ നാം ഭയക്കേണ്ടതുണ്ട്. നാല് കാര്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതുമുണ്ട്. ഭയക്കേണ്ട നാലു കാര്യങ്ങള്‍ ഇവയാണ്.

ഒന്ന്: അല്ലാഹുവിനെ ഭയക്കുക.

നാം ഏറ്റവും ഭയക്കേണ്ടത് അല്ലാഹുവിനെയാണ്. തിന്മകളില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ നമ്മെ അത് പ്രേരിപ്പിക്കും. അല്ലാഹുവിന്റെ ചില നാമങ്ങളും വിശേഷണങ്ങളും അവനെ ഭയക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നവയാണ്.

അല്ലാഹുവിനെ കുറിച്ച് ഭയമുണ്ടാക്കുന്ന നാമങ്ങള്‍ക്ക് ഉദാഹരണമാണ് അസീസ്‌ (العَزِيزُ) (പ്രതാപവാന്‍), ഖദീര്‍ (ُالقدَيِر) (എല്ലാത്തിനും കഴിവുള്ളവന്‍), മാലിക് (المَالِكُ) (എല്ലാത്തിന്റെയും ഉടമസ്ഥന്‍), മലിക് (المَلِكُ) (രാജാധിരാജന്‍) പോലുള്ള ചില നാമങ്ങള്‍. ഇവയെ കുറിച്ച് ചിന്തിക്കുന്ന ഒരു മുസ്‌ലിമിനെ അവയുടെ അര്‍ത്ഥവും ആശയവും ഭയപ്പെടുത്താതിരിക്കില്ല.

അല്ലാഹുവിനെ ഭയക്കാന്‍ പ്രേരിപ്പിക്കുന്ന വിശേഷണങ്ങള്‍ക്ക് ഉദാഹരണമാണ് അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്, അതിക്രമികളോട് പകരം വീട്ടുന്നവനാണ്, അവന്‍ തന്റെ അടിമകളുടെ പ്രവര്‍ത്തനങ്ങള്‍ മറക്കുകയോ വിസ്മരിക്കുകയോ ചെയ്യാത്തവാനാണ് എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍.

അല്ലാഹുവിന്റെ ചില പ്രവര്‍ത്തനങ്ങളും ഏതൊരു മനുഷ്യനെയും ഭയപ്പെടുത്തുന്നവയാണ്. ഉദാഹരണത്തിന്; അല്ലാഹു മുന്‍കഴിഞ്ഞ സമൂഹങ്ങളെ നശിപ്പിച്ചു എന്നതും, അവന്‍ തിന്മകളില്‍ തുടരുന്നവര്‍ക്കെതിരെയും കുതന്ത്രം പ്രവര്‍ത്തിക്കുന്നവര്‍ക്ക് എതിരെയും തന്ത്രം പ്രവര്‍ത്തിക്കുമെന്നതും.

അല്ലാഹുവിനെ ഭയക്കണം എന്ന് അറിയിക്കുന്ന ആയത്തുകള്‍ ഖുര്‍ആനില്‍ ധാരാളമുണ്ട്.

إِنِّي أَخَافُ اللَّهَ رَبَّ الْعَالَمِينَ ﴿٢٨﴾

“(ആദമിന്റെ മകനായ ഹാബീല്‍ പറഞ്ഞു:) തീര്‍ച്ചയായും ഞാന്‍ ലോകരക്ഷിതാവായ അല്ലാഹുവെ ഭയപ്പെടുന്നു.” (മാഇദ: 28)

يَخَافُونَ رَبَّهُم مِّن فَوْقِهِمْ وَيَفْعَلُونَ مَا يُؤْمَرُونَ ۩ ﴿٥٠﴾

“അവര്‍ക്കു മീതെയുള്ള അവരുടെ റബ്ബിനെ അവര്‍ (മലക്കുകള്‍) ഭയപ്പെടുകയും, അവര്‍ കല്‍പിക്കപ്പെടുന്നതെന്തും അവര്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.” (നഹ്ല്‍: 50)

രണ്ട്: അല്ലാഹുവിന്റെ ശിക്ഷയെ ഭയക്കുക.

അല്ലാഹു -تَعَالَى- അവന്റെ ഖുര്‍ആനില്‍ ധാരാളം സ്ഥലങ്ങളില്‍ അല്ലാഹുവിന്റെ ശിക്ഷയെ കുറിച്ചും, അവന്റെ വേദനയേറിയ നരകത്തെ കുറിച്ചും ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്. അവയെ ഭയക്കുന്ന എന്നത് ഒരു മുസ്‌ലിമിന്റെ മേല്‍ നിര്‍ബന്ധമാണ്‌.

അല്ലാഹു -تَعَالَى- പറഞ്ഞു:

لَهُم مِّن فَوْقِهِمْ ظُلَلٌ مِّنَ النَّارِ وَمِن تَحْتِهِمْ ظُلَلٌ ۚ ذَ‌ٰلِكَ يُخَوِّفُ اللَّهُ بِهِ عِبَادَهُ ۚ يَا عِبَادِ فَاتَّقُونِ ﴿١٦﴾

“(മുശ്രിക്കുകള്‍;) അവര്‍ക്ക് അവരുടെ മുകള്‍ ഭാഗത്ത് അഗ്നിയുടെ തട്ടുകളുണ്ട്‌. അവരുടെ കീഴ്ഭാഗത്തുമുണ്ട് തട്ടുകള്‍. അതിനെ പറ്റിയാകുന്നു അല്ലാഹു തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുന്നത്‌. ആകയാല്‍ എന്റെ ദാസന്‍മാരേ, നിങ്ങള്‍ എന്നെ സൂക്ഷിക്കുവിന്‍.” (സുമര്‍: 16)

  وَيَرْجُونَ رَحْمَتَهُ وَيَخَافُونَ عَذَابَهُ ۚ إِنَّ عَذَابَ رَبِّكَ كَانَ مَحْذُورًا ﴿٥٧﴾

“അവര്‍ അല്ലാഹുവിന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു; നിന്റെ റബ്ബിന്റെ ശിക്ഷ തീര്‍ച്ചയായും ഭയപ്പെടേണ്ടതാകുന്നു.” (ഇസ്റാഅ: 57)

മൂന്ന്: നന്മ സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്ന ഭയം.

തന്റെ പ്രവര്‍ത്തനങ്ങള്‍ ശരിയാംവിധമാണോ താന്‍ നിര്‍വഹിച്ചിരിക്കുന്നത് എന്ന ആശങ്കയില്‍ നിന്നും, അതില്‍ കുറവുകളും കുറ്റങ്ങളും കടന്നു കൂടിയിട്ടുണ്ടോ എന്ന പേടിയില്‍ നിന്നും, ഇഖ്ലാസും ഇത്തിബാഉം അവയില്‍ പൂര്‍ണ്ണമായിട്ടുണ്ടോ എന്ന സന്ദേഹത്തില്‍ നിന്നുമാണ് ഈ ഭയം ഉടലെടുക്കുന്നത്.

അല്ലാഹു -تَعَالَى- പറഞ്ഞു:

وَالَّذِينَ يُؤْتُونَ مَا آتَوا وَّقُلُوبُهُمْ وَجِلَةٌ أَنَّهُمْ إِلَىٰ رَبِّهِمْ رَاجِعُونَ ﴿٦٠﴾ أُولَـٰئِكَ يُسَارِعُونَ فِي الْخَيْرَاتِ وَهُمْ لَهَا سَابِقُونَ ﴿٦١﴾

“തങ്ങള്‍ തങ്ങളുടെ റബ്ബിലേക്ക് മടങ്ങിച്ചെല്ലേണ്ടവരാണല്ലോ എന്ന് മനസ്സില്‍ ഭയമുള്ളതോടു കൂടി തങ്ങള്‍ ദാനം ചെയ്യുന്നതെല്ലാം ദാനം ചെയ്യുന്നവര്‍ ആരോ; അവരത്രെ നന്മകളില്‍ ധൃതിപ്പെട്ട് മുന്നേറുന്നവര്‍. അവരത്രെ അവയില്‍ മുമ്പേ ചെന്നെത്തുന്നവരും.” (മുഅമിനൂന്‍: 60-61)

ഈ ആയത്തിനെ കുറിച്ച് ആഇഷ -ِرَضِيَ اللَّهُ عَنْهُ- നബി -ﷺ- യോട് ചോദിക്കുകയുണ്ടായി. “മദ്യപിക്കുകയും മോഷ്ടിക്കുകയും ചെയ്യുന്നവരാണോ അവര്‍ (ഹൃദയങ്ങള്‍ ഭയന്നു വിറക്കുന്നവര്‍)?

നബി -ﷺ- പറഞ്ഞു:

لاَ يَا بِنْتَ الصِّدِّيقِ، وَلَكِنَّهُمُ الَّذِينَ يَصُومُونَ وَيُصَلُّونَ وَيَتَصَدَّقُونَ، وَهُمْ يَخَافُونَ أَنْ لاَ تُقْبَلَ مِنْهُمْ

“അല്ല സിദ്ധീഖിന്റെ മകളേ! അവര്‍ നോമ്പ് നോല്‍ക്കുകയും, നിസ്കരിക്കുകയും, സ്വദഖ നല്‍കുകയും ചെയ്യുന്നവരാണ്. (എന്നാല്‍) തങ്ങളില്‍ നിന്ന് സ്വീകരിക്കപ്പെടില്ല എന്ന് അവര്‍ ഭയക്കുന്നു.” (തിര്‍മിദി: 3175)

ഒരിക്കലും അല്ലാഹു -تَعَالَى- യെ കുറിച്ചുള്ള തെറ്റായ ധാരണയും, മോശം ഊഹങ്ങളുമായിരിക്കരുത് അവനെ ഈ  ഭയത്തിലേക്ക് നയിക്കുന്നത്. ഞാന്‍ എത്രയെല്ലാം പ്രവര്‍ത്തിച്ചാലും അല്ലാഹു അതൊന്നും സ്വീകരിക്കില്ലെന്നോ, എന്റെ തിന്മകള്‍ ഒരിക്കലും അല്ലാഹു പൊറുത്തു തരില്ലെന്ന നിരാശയോ അവനെ ബാധിക്കരുത്. അത് ഒരു മുസ്‌ലിമിന്റെ മനസ്സില്‍ ഒരിക്കലും കടന്നു കൂടാന്‍ പാടില്ലാത്ത വളരെ മോശം ചിന്തയും, തീര്‍ത്തും നശിച്ച അവസ്ഥയുമാണ്.

അല്ലാഹു -تَعَالَى- പറഞ്ഞു:

 وَمَن يَقْنَطُ مِن رَّحْمَةِ رَبِّهِ إِلَّا الضَّالُّونَ ﴿٥٦﴾

“തന്റെ റബ്ബിന്റെ കാരുണ്യത്തെപ്പറ്റി ആരാണ് നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.” (ഹിജ്ര്‍: 56)

قُلْ يَا عِبَادِيَ الَّذِينَ أَسْرَفُوا عَلَىٰ أَنفُسِهِمْ لَا تَقْنَطُوا مِن رَّحْمَةِ اللَّهِ ۚ إِنَّ اللَّهَ يَغْفِرُ الذُّنُوبَ جَمِيعًا ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ ﴿٥٣﴾

“പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവര്‍ത്തിച്ച് പോയ എന്റെ ദാസന്‍മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശപ്പെടരുത്‌. തീര്‍ച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്‌. തീര്‍ച്ചയായും അവന്‍ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും.” (സുമര്‍: 53)

നാല്: തന്റെ പര്യവസാനത്തെ കുറിച്ചും, തിന്മകളില്‍ ആപതിച്ചു പോകുമോ എന്നതിനെ കുറിച്ചും ഉള്ള ഭയം.

മുസ്‌ലിമായി ജനിക്കാന്‍ കഴിയുക എന്ന അനുഗ്രഹം പൂര്‍ണ്ണമാകുന്നത് ഇസ്‌ലാമില്‍ തന്നെ മരിക്കാന്‍ കഴിയുമ്പോളാണ്. ഇസ്‌ലാമില്‍ തന്നെ മരിക്കാന്‍ കഴിയുക എന്നതിനേക്കാള്‍ വലിയ ഒരു അനുഗ്രഹം ഇനി ഒരാള്‍ക്കും ലഭിക്കാനില്ല. മുസ്‌ലിമായിട്ടല്ലാതെ മരിക്കരുതെന്നത് അല്ലാഹുവിന്റെ കല്‍പ്പനകളില്‍ പെട്ടതാണ്.

  يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ ﴿١٠٢﴾

“മുഅമിനീങ്ങളെ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കേണ്ട മുറപ്രകാരം സൂക്ഷിക്കുക. നിങ്ങള്‍ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്‌.” (ആലു ഇംറാന്‍: 102)

നബിമാര്‍ ഇക്കാര്യം നേടിയെടുക്കുന്നതിന് വേണ്ടി ധാരാളമായി പ്രാര്‍ഥിച്ചതായി കാണാം. യൂസുഫ് നബി -عَلَيْهِ السَّلَامُ- യുടെ പ്രാര്‍ത്ഥന ഇപ്രകാരമായിരുന്നു:

تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ ﴿١٠١﴾

“നീ എന്നെ മുസ്‌ലിമായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.” (യൂസുഫ്: 101)

ഇസ്‌ലാമിന് വിരുദ്ധമായ ശിര്‍ക്കിലും കുഫ്റിലും അതിന്റെ ഇനങ്ങളിലും അകപ്പെടുന്നതില്‍ നിന്ന് നബിമാരുടെ നേതാവായ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- പ്രാര്‍ഥിച്ചതായി അല്ലാഹു -تَعَالَى- ഖുര്‍ആനില്‍ അറിയിച്ചിട്ടുണ്ട്.

وَإِذْ قَالَ إِبْرَاهِيمُ رَبِّ اجْعَلْ هَـٰذَا الْبَلَدَ آمِنًا وَاجْنُبْنِي وَبَنِيَّ أَن نَّعْبُدَ الْأَصْنَامَ ﴿٣٥﴾

“ഇബ്രാഹീം ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു.) എന്റെ രക്ഷിതാവേ, നീ ഈ നാടിനെ (മക്കയെ) നിര്‍ഭയത്വമുള്ളതാക്കുകയും, എന്നെയും എന്റെ മക്കളെയും ഞങ്ങള്‍ വിഗ്രഹങ്ങള്‍ക്ക് ആരാധന നടത്തുന്നതില്‍ നിന്ന് അകറ്റി നിര്‍ത്തുകയും ചെയ്യേണമേ.” (ഇബ്രാഹീം: 35)

ആദം സന്തതികളുടെ നേതാവായ, നമ്മുടെ റസൂലായ മുഹമ്മദ്‌ നബി -ﷺ- ധാരാളമായി പ്രാര്‍ഥിച്ച പ്രാര്‍ത്ഥനകളില്‍ ഒരു പ്രാര്‍ത്ഥനയും ഈ ആശയത്തില്‍ തന്നെയാണ് വന്നിരിക്കുന്നത്.

يَا مُقَلِّبَ القُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ

“ഹൃദയങ്ങളെ മാറ്റിമറിക്കുന്നവനെ! എന്റെ ഹൃദയത്തെ നിന്റെ ദീനില്‍ നീ ഉറപ്പിച്ചു നിര്‍ത്തേണമേ!”

ചുരുക്കത്തില്‍, മേല്‍ പറഞ്ഞ നാലു കാര്യങ്ങള്‍ നമ്മുടെ ഇസ്‌ലാമിക ജീവിതത്തില്‍ എപ്പോഴും നാം നിലനിര്‍ത്തേണ്ട കാര്യങ്ങളാണ്.

[ലേഖനത്തിന്റെ ചുരുക്കം പോസ്റ്ററുകളില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക]

പ്രതീക്ഷയെ കുറിച്ച്…

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

3 Comments

Leave a Comment