ചോദ്യം: യുവാക്കള്‍ക്കിടയില്‍ പ്രചരിച്ചിരിക്കുന്ന ഒരു പുതിയ ചിന്താഗതി ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ബിദ്അതിന് മറുപടി പറയുന്ന സന്ദര്‍ഭത്തില്‍ അയാളുടെ തെറ്റുകള്‍ വിശദീകരിക്കുമ്പോള്‍, അയാളുടെ നന്മകള് കൂടി എടുത്തു പറയണം. ഇത് നീതിയും മുവാസനയുമാണ്. ഖണ്ഡനം പറയുമ്പോള്‍ ഈ മാര്‍ഗം സ്വീകരിക്കുന്നത് ശരിയായ മന്ഹജാണോ?
ഉത്തരം: ഇതിനെ കുറിച്ചുള്ള ഉത്തരം മുന്‍പ് കഴിഞ്ഞു പോയതാണ്. എന്നാല്‍, വിമര്ഷിക്കപ്പെടുന്നവര് അഹ്ലുസ്സുന്നയില് പെട്ടവരാണെങ്കില്‍, അവര്‍ക്ക് സംഭവിച്ച അബദ്ധങ്ങള്‍ അഖീദയില് പെട്ടതല്ലെങ്കില്‍ -അതെ!-; അവരുടെ നന്മകള് കൂടി എടുത്തു പറയേണ്ടതുണ്ട്.
എന്നാല്‍ വിമര്ഷിക്കപ്പെടുന്നവര് വഴിപിഴച്ച കക്ഷികളിലും, ബിദ്അത്തുകാരിലും, തനിച്ച നാശകാരികളുമാണെങ്കില്; അവരുടെ നന്മകള് -അങ്ങനെ വല്ലതും അവനുണ്ടെങ്കില്‍ കൂടി- പറയുന്നത് അനുവദനീയമല്ല. കാരണം, അവന്റെ നന്മകള് പറഞ്ഞു കഴിഞ്ഞാല്‍ അത് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നതിന് കാരണമാകും.
ഈ വഴിപിഴച്ച -ഖുറാഫിയോ ബിദ്അതുകാരനോ ഹിസ്ബിയ്യോ ആയ- വ്യക്തിയെ കുറിച്ച് നല്ലത് വിചാരിക്കുന്നതിനും, അയാളുടെ തെറ്റായ ചിന്താഗതികള്‍ സ്വീകരിക്കുന്നതിനും കാരണമാകും.
അല്ലാഹു -تعالى- കാഫിറുകള്‍ക്കും, തിന്മ ചെയ്ത തെമ്മാടികള്‍ക്കും, മുനാഫിഖുകള്ക്കുമൊക്കെ മറുപടി പറഞ്ഞിട്ടുണ്ട്. എന്നാല്‍, അവരുടെ നന്മകള് അവന് എടുത്തു പറഞ്ഞില്ല.
സലഫുകളിലെ ഇമാമുകളും ഇപ്രകാരം തന്നെ. ജഹ്മികള്ക്കും ബിദ്അതുകാര്ക്കും മറുപടി പറയുമ്പോള്‍ അവരുടെ നന്മകള് അവര്‍ എടുത്തു പറയാറുണ്ടായിരുന്നില്ല. കാരണം അവരുടെ നന്മകള് അവരുടെ വഴികേടിലും കുഫ്റിലും നിഷേധത്തിലും നിഫാഖിലും മുങ്ങിപ്പോയിരിക്കുന്നു.
അതിനാല്‍ വഴിപിഴച്ച ബിദ്അത്തുകാര്‍ക്ക് മറുപടി പറയുമ്പോള്‍ അവരുടെ നന്മകള് എടുത്തു പറയുന്നത് നിനക്ക് യോജിച്ചതല്ല. അയാള്‍ നല്ല വ്യക്തിയാണെന്നോ, അയാളുടെ പക്കല്‍ ചില നന്മകളുണ്ടെന്നോ മറ്റോ പറയുന്നത് തെറ്റാണ്.
നമുക്ക് നിന്നോട് പറയാനുള്ളത്; നീ അയാളെ പുകഴ്ത്തുന്നത് അവന്റെ വഴികേടിനെക്കാള് അപകടകരമാണ്. കാരണം ജനങ്ങള്‍ നീ പുകഴ്ത്തുന്നത് കാണുമ്പോള്‍ അതില്‍ വിശ്വസിച്ച് അയാളിലേക്ക് ആകൃഷ്ടരായേക്കാം. അത് ബിദ്അത്തുകാരുടെ ചിന്താഗതികള്‍ ജനങ്ങളിലേക്ക് കടന്നു വരാന്‍ കാരണമായേക്കാം.
എന്നാല്‍, നീ അഹ്ലുസ്സുന്നയില് പെട്ട ആര്‍ക്കെങ്കിലുമാണ് മറുപടി പറയുന്നതെങ്കില്‍ അത് മര്യാദകള്‍ പാലിച്ചു കൊണ്ടായിരിക്കണം. അയാള്‍ക്ക് കര്‍മ്മശാസ്ത്ര വിഷയങ്ങളിലോ, ഇജ്തിഹാദിയ്യായ വിഷയങ്ങളിലോ മറ്റോ അബദ്ധങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് ചൂണ്ടിക്കാണിക്കപ്പെടേണ്ടതുണ്ട്.
ഇന്ന വിഷയത്തില്‍ അദ്ദേഹത്തിന് അബദ്ധം സംഭവിച്ചിട്ടുണ്ട്. അതിനുള്ള തെളിവുകള്‍ ഇന്നയിന്നതാണ്. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കട്ടെ. അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ നിന്ന് അതായിരിക്കാം അദ്ദേഹത്തിന് മനസ്സിലായത്. മുന്‍ഗാമികളായ കര്‍മ്മശാസ്ത്രപണ്ഡിതന്മാരും, മദ്ഹബിന്റെ ഇമാമുമാരുമൊക്കെ ചെയ്തിരുന്നത് ഇപ്രകാരമാണ്.
ഇപ്രകാരം ആക്ഷേപിക്കപ്പെട്ടത് കൊണ്ട് അദ്ദേഹത്തിന്റെ വൈജ്ഞാനികമായ സ്ഥാനത്തിന് കോട്ടം തട്ടുകയൊന്നുമില്ല. കാരണം, അഹ്ലുസ്സുന്നയില് പെട്ട ആരും -നബി -ﷺ- യൊഴികെ- അബദ്ധങ്ങളില്‍ നിന്ന് മുക്തരല്ല. അവര്‍ക്കും തെറ്റുകള്‍ സംഭവിക്കാം.
ചിലപ്പോള്‍ അവര്‍ക്ക് വല്ല തെളിവുകളും ലഭിക്കാതെ വരികയോ, തെളിവു പിടിച്ചതില്‍ അബദ്ധം സംഭവിക്കുകയോ ചെയ്തേക്കാം. എന്നാല്‍ നാം അവരുടെ അബദ്ധത്തെ കുറിച്ച് മിണ്ടാതിരിക്കേണ്ടതില്ല. അവരുടെ അബദ്ധങ്ങള്‍ നാം തിരുത്തി നല്‍കും; അതോടൊപ്പം അവര്‍ക്ക് ഒഴിവുകഴിവുകളുണ്ടെന്ന് നാം ഓര്‍മ്മപ്പെടുത്തുകയും ചെയ്യും.
നബി -ﷺ- പറഞ്ഞിരിക്കുന്നു:
إِذَا اجْتَهَدَ الحَاكِمُ فَأَصَابَ فَلَهُ أَجْرَانِ، وَإِذَا اجْتَهَدَ فَأَخْطَأَ فَلَهُ أَجْرٌ وَاحِدٌ
“ഒരു വിധികര്‍ത്താവ് വിധി പ്രഖ്യാപിക്കുകയും, അതില്‍ ശരി ലഭിക്കുകയും ചെയ്താല്‍ അദ്ദേഹത്തിന് രണ്ട് പുണ്യമുണ്ട്. എന്നാല്‍, അദ്ദേഹത്തിന് അബദ്ധം സംഭവിച്ചാല്‍ ഒരു പുണ്യമുണ്ട്.” (ബുഖാരി: 6919, മുസ്ലിം: 1716)
എന്നാല്‍ ഇത് കര്‍മ്മശാസ്ത്രപരമായ വിഷയങ്ങളില്‍ മാത്രമാണ്. എന്നാല്‍ വിശ്വാസപരമായ വിഷയങ്ങളിലാണ് അയാള്‍ക്ക് അബദ്ധം സംഭവിച്ചതെങ്കില്‍ -അഹ്ലുസ്സുന്നയോട് എതിരായവരെ- പുകഴ്ത്തുക എന്നത് നമുക്ക് അനുവദനീയമല്ല. ഉദാഹരണത്തിന്, മുഅ്തസില, ജഹ്മിയ്യ പോലുള്ള ചിന്താഗതിക്കാരെയും, നിരീശ്വരവാദികളും മറ്റുമൊക്കെ.
ഈ ചിന്താഗതി -അതായത് ഖണ്ഡനങ്ങള്‍ പറയുമ്പോള്‍ വിമര്ഷിക്കപ്പെടുന്നവരുടെ നന്മകളും എടുത്തു പറയണമെന്ന മുവാസനത്തിന്റെ വഴി-; യുവാക്കളില്‍ ചിലരാണ് തുടങ്ങി വെച്ചത്. ആ വിഷയത്തില്‍ അവര്‍ പുസ്തകങ്ങളും മറ്റുമെഴുതുകയും ചെയ്തു. പല യുവാക്കളും അതില്‍ വളരെ സന്തോഷത്തിലായിരുന്നു.
അവരുടെ പുസ്തകം ഞാന്‍ വായിച്ചിരുന്നു. പിന്നീട് ശൈഖ് റബീഉ ബ്നു ഹാദി അല്‍-മദ്ഖലി അവരുടെ ലേഖനത്തിന് വിശദമായി മറുപടി എഴുതി കൊണ്ട് ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. അതില്‍ അദ്ദേഹം ഈ ചിന്താഗതിക്ക് വളരെ മനോഹരമായി മറുപടി എഴുതിയിട്ടുണ്ട്.
സലഫുകള്‍ ഖണ്ഡനങ്ങളില്‍ സ്വീകരിച്ചിരുന്ന രീതിയും, വഴിപിഴച്ചവര്‍ക്ക് മറുപടി പറയുമ്പോള്‍ അവരുടെ നന്മ എടുത്തു പറയാറില്ലായിരുന്നുവെന്നതും മറ്റുമൊക്കെ അദ്ദേഹം തന്റെ പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. കാരണം, ബിദ്അത്തുകാരെ ആക്ഷേപിക്കുന്നതിനൊപ്പം പുകഴ്ത്തുക എന്നത് വൈരുദ്ധ്യമാണ്.
(അല്‍-അജ്വിബതുല്‍ മുഫീദ അന് അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 19)