ചോദ്യം: സംഘടനകളില്‍ ചേര്‍ന്നവരെ ബിദ്അത്തുകാരനായി കാണേണ്ടതുണ്ടോ?

ഉത്തരം: അത് സംഘടനകളുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കേണ്ടത്. ഖുര്‍ആനും സുന്നത്തും അറിയിച്ച വഴിയോട് എതിരാകുന്ന സംഘടനകളോട് ചേര്‍ത്തിപ്പറയുന്നവര്‍ ബിദ്അത്തുകാരായി പരിഗണിക്കപ്പെടും.

(അല്‍-അജ്വിബതുല്‍ മുഫീദ അന്‍ അസ്ഇലതില്‍ മനാഹിജില്‍ ജദീദ: 6)

ഈ ഫത്വയുടെ അടിക്കുറിപ്പിലുള്ള ഭാഗം:

ശൈഖ് ബക്ര്‍ അബൂ സൈദ് -رحمه الله- പറഞ്ഞു: “ഒരു വ്യക്തിയെ നിശ്ചയിക്കുകയും അദ്ദേഹത്തിന്റെ മാര്‍ഗത്തിലേക്ക് ക്ഷണിക്കുകയും, അതിന്റെ അടിസ്ഥാനത്തില്‍ സ്നേഹവും വെറുപ്പും നിശ്ചയിക്കലും അനുവദനീയമല്ല; നബി -ﷺ- യുടെ കാര്യത്തിലല്ലാതെ. അവിടുത്തേക്ക് പുറമേ മറ്റാരെയെങ്കിലും ഇപ്രകാരം നിശ്ചയിച്ചാല്‍ അവന്‍ വഴിപിഴച്ചവനും ബിദ്അത്തുകാരനുമാണ്.

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ -رحمه الله- പറഞ്ഞു: “നബി -ﷺ- യെ അല്ലാതെ മറ്റാരെയും പിന്‍പറ്റപ്പെടുന്നതിനും, സ്നേഹവും അകല്‍ച്ചയും നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായും നിശ്ചയിക്കല്‍ അനുവദനീയമല്ല. ഇത് പോലെ തന്നെയാണ് ഏതെങ്കിലും അഭിപ്രായങ്ങളുടെയും കാര്യം; മുസ്‌ലിം ഉമ്മത്ത് മുഴുവന്‍ ഇജ്മാഇലായ -യോജിപ്പിലെത്തിയ- വിഷയങ്ങളൊഴികെ മറ്റൊന്നിനെയും സ്നേഹത്തിന്റെയും വെറുപ്പിന്റെയും അടിസ്ഥനമാക്കല്‍ അനുവദനീയമല്ല.

ഇപ്രകാരം ചെയ്യല്‍ ബിദ്അത്തുകാരുടെ മാര്‍ഗമാണ്. അവരാണ് ഏതെങ്കിലും വ്യക്തികളെയോ അഭിപ്രായങ്ങളെയോ സ്നേഹത്തിനും വെറുപ്പിനുമുള്ള മാനദണ്ഡമായി നിശ്ചയിക്കാറുള്ളത്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ മുസ്‌ലിം ഉമ്മത്തിനെ ഭിന്നിപ്പിക്കുകയും, സ്നേഹബന്ധവും അകല്‍ച്ചയും നിശ്ചയിക്കുകയും ചെയ്യും.”

ഈ വാക്കുകള്‍ എടുത്തു കൊടുത്തതിന് ശേഷം ബക്ര്‍ അബൂ സൈദ് -رحمه الله- പറഞ്ഞു:

“ഇക്കാലഘട്ടത്തിലെ ബഹുഭൂരിപക്ഷം സംഘടനകളുടെയും സംഘങ്ങളുടെയും അവസ്ഥ ഇതാണ്. അവര്‍ ചില വ്യക്തികളെ തങ്ങളുടെ നേതാക്കന്മാരാക്കി നിശ്ചയിക്കുകയും, അയാളെ സ്നേഹിക്കുന്നവരോടെല്ലാം ബന്ധം സ്ഥാപിക്കുകയും, അയാളുടെ ശത്രുക്കളോട് ശത്രുത കാണിക്കുകയും ചെയ്യും. അയാളുടെ എല്ലാ ഫത്വകളിലും -ഖുര്‍ആനിലേക്കോ സുന്നത്തിലേക്കോ മടങ്ങാതെ- അയാളെ അനുസരിക്കുകയും, തെളിവുകളെ കുറിച്ചോ മറ്റോ ചോദിക്കാതെ അയാളെ പിന്‍പറ്റുകയും ചെയ്യും.”

(ഹുക്മുല്‍ ഇന്‍തിമാഅ് ഇലല്‍ ഫിറഖി വല്‍ അഹ്സാബ്: 96-97)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക:

Leave a Comment