അഖീദയുടെ അർത്ഥവും പ്രാധാന്യവും

അല്ലാഹുവുണ്ട് എന്നതിനുള്ള തെളിവുകൾ (2)

അല്ലാഹുവുണ്ട് എന്നതിനുള്ള തെളിവുകളിൽ പ്രധാനപ്പെട്ടതാണ്: സൂര്യനും ചന്ദ്രനും നീണ്ടുപരന്നു കിടക്കുന്ന അനേകാനേകം ഗ്രഹങ്ങളുമെല്ലാം യാതൊരു താളപ്പിഴയുമില്ലാതെ കൃത്യമായി നിലനിൽക്കുന്നു എന്നത്. ഇവയെല്ലാം ക്രമീകരിച്ച ഒരു സ്രഷ്ടാവ് ഉണ്ടാകാതെ ഇത്രമാത്രം കൃത്യത ഉണ്ടാവുക എന്നത് അസാധ്യമാണ്. ആ സ്രഷ്ടാവ് ഏകനായിരിക്കുക എന്നതും ഇതു പോലെ അനിവാര്യം തന്നെ. അല്ലാഹു പറയുന്നു:

مَا اتَّخَذَ اللَّهُ مِنْ وَلَدٍ وَمَا كَانَ مَعَهُ مِنْ إِلَهٍ إِذًا لَذَهَبَ كُلُّ إِلَهٍ بِمَا خَلَقَ وَلَعَلَا بَعْضُهُمْ عَلَى بَعْضٍ

“അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം മറ്റൊരു ആരാധ്യനുമില്ല. അങ്ങനെയായിരുന്നുവെങ്കിൽ ഓരോ ആരാധ്യനും താൻ സൃഷ്ടിച്ചതുമായി വേറിട്ടുപോവുകയും, അവരിൽ ചിലർ മറ്റുചിലരേക്കാൾ ഔന്നത്യം പ്രാപിക്കുകയും (പരസ്പരം കീഴടക്കാൻ ശ്രമിക്കുകയും) ചെയ്യുമായിരുന്നു.” (മുഅ്മിനൂൻ: 91).

ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവില്ലായിരുന്നെങ്കിൽ ഇവ താളപ്പിഴകളില്ലാതെ നിലകൊള്ളില്ലായിരുന്നു; ഇവക്കെല്ലാം ഒന്നിലധികം സ്രഷ്ടാക്കളുണ്ടായിരുന്നെങ്കിൽ അവയുടെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമായിരുന്നു. സമാനരായ സ്രഷ്ടാക്കൾ തമ്മിലുള്ള പോരാട്ടവും മാത്സര്യവും ഈ പ്രപഞ്ചത്തിന്റെ നിലനിൽപ്പ് അപകടത്തിലാക്കുകയും ചെയ്യുമായിരുന്നു.

എന്നാൽ പ്രപഞ്ചം എവിടെയും യാതൊരുവിധ ഛിദ്രതയോ തകർച്ചയോ ഇല്ലാതെ ഒരൊറ്റ വ്യവസ്ഥിതിയായി നിലനിൽക്കുന്നു എന്നത് വിരൽചൂണ്ടുന്നത്, പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവൻ എതിരാളികളോ പങ്കുകാരോ ഇല്ലാത്ത ഏകനായ ഒരേയൊരു ആരാധ്യൻ മാത്രമാണ് എന്നതിലേക്കാണ്. അവനാണ് അല്ലാഹു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: