ഇസ്‌ലാം ദീനിന്റെ അടിത്തറ അതിന്റെ അഖീദയും വിശ്വാസവുമാണ്. അതിനാല്‍ അല്ലാഹു നിയോഗിച്ച മുഴുവൻ നബിമാരും റസൂലുകളും തങ്ങളുടെ പ്രബോധനത്തിന്റെ പ്രഥമ ഘട്ടത്തിൽ ഊന്നൽ നൽകിയത് ജനങ്ങളുടെ വിശ്വാസത്തെ നേരെയാക്കാനാണ്. അല്ലാഹു പറയുന്നു:
“തീർച്ചയായും നാം എല്ലാ സമൂഹത്തിലേക്കും ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്; നിങ്ങൾ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുകയും ത്വാഗൂത്തുകളെ (അല്ലാഹുവല്ലാത്ത ആരാധ്യവസ്തുക്കളെ) വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിനായി).” (നഹ്‌ൽ: 36)
നൂഹ് നബി -عَلَيْهِ السَّلَامُ-, ഹൂദ് നബി -عَلَيْهِ السَّلَامُ-, സ്വാലിഹ് നബി -عَلَيْهِ السَّلَامُ-, ശുഐബ് നബി -عَلَيْهِ السَّلَامُ- തുടങ്ങിയ മുഴുവൻ നബിമാരും തങ്ങളുടെ ജനതയോട് ആദ്യമായി ആഹ്വാനം ചെയ്തത് ഇപ്രകാരമായിരുന്നു:
“നിങ്ങൾ അല്ലാഹുവിന് മാത്രം ഇബാദത്ത് ചെയ്യുക; അവനല്ലാതെ നിങ്ങൾക്ക് മറ്റൊരു ആരാധ്യനുമില്ല.” (അഅ്റാഫ്: 59)
നമ്മുടെ നബി, മുഹമ്മദ് നബി ﷺ മക്കയിലെ തന്റെ പ്രവാചകത്വത്തിന്റെ പതിമൂന്ന് വർഷവും വിനിയോഗിച്ചത് ജനങ്ങളെ തൗഹീദിലേക്ക് ക്ഷണിക്കുന്നതിനും അവരുടെ അഖീദ സംസ്‌കരിക്കുന്നതിനുമാണ്. അതിനുശേഷമാണ് നിസ്കാരം, നോമ്പ്, സകാത്ത് തുടങ്ങിയ മറ്റു കൽപ്പനകൾ അവതീർണ്ണമാകുന്നത്. അതിനാൽ, നബിമാരുടെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്ന എല്ലാ പ്രബോധകരും പരിഷ്കർത്താക്കളും എക്കാലത്തും പ്രബോധന രംഗത്ത് ഒന്നാമതായി പരിഗണിക്കേണ്ടത് അഖീദയുടെ ശുദ്ധീകരണത്തെ തന്നെയാണ്.
ഇന്നത്തെ കാലഘട്ടത്തിൽ അഖീദ ശരിയായ രൂപത്തിൽ ഗ്രഹിക്കേണ്ടത് മുൻകാലത്തേക്കാൾ അത്യന്താപേക്ഷിതമാണ്. കാരണം, ജനങ്ങളെ നേർവഴിയിൽ നിന്ന് വ്യതിചലിപ്പിക്കുന്ന നിരവധി അപകടകരമായ ധാരകൾ ഇന്ന് സമൂഹത്തിൽ സജീവമാണ്. നിരീശ്വരത്വവും ഭൗതികവാദവും, ദീനിന്റെ ചട്ടക്കൂടുകൾ ലംഘിക്കുന്ന സൂഫിസവും സന്യാസവും, മരണപ്പെട്ടവരോട് പ്രാർത്ഥിക്കുകയും സഹായമഭ്യർത്ഥിക്കുകയും ചെയ്യുന്ന ഖബ്ർ പൂജകരുടെ ചിന്താഗതികളും, നബിവചനങ്ങൾക്ക് വിരുദ്ധമായ ബിദ്അത്തുകളും ഇന്ന് ജനങ്ങള്‍ക്കിടയില്‍ വ്യാപക പ്രചാരം നേടുന്നതിനായി ശ്രമം നടത്തിക്കൊണ്ടേയിരിക്കുന്നു.
ഖുർആനിലും സുന്നത്തിലും സലഫുസ്സാലിഹീങ്ങളുടെ മാതൃകയിലും അധിഷ്ഠിതമായ വിശുദ്ധ അഖീദയെന്ന പരിച കൈയിലില്ലെങ്കിൽ, മുസ്‌ലിം സമൂഹം ഇത്തരം വ്യതിചലനങ്ങളിൽ പെട്ടുപോകാൻ സാധ്യതയേറെയാണ്. അതിനാൽ, ഇസ്‌ലാമിന്റെ യഥാർത്ഥ പ്രമാണങ്ങളിൽ നിന്ന് തന്നെ പരിശുദ്ധമായ അഖീദ നാം പഠിക്കുകയും പുതുതലമുറക്ക് പഠിപ്പിച്ചു നൽകുകയും ചെയ്യേണ്ടതുണ്ട്.
