1.1 അഖീദയുടെ അർത്ഥവും പ്രാധാന്യവും

കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടണമെങ്കില്‍…

കർമ്മങ്ങൾ സ്വീകരിക്കപ്പെടാൻ ശരിയായ അഖീദ അനിവാര്യമാണ്. ശിർക്കിൽ നിന്നും ബിദ്അത്തുകളിൽ നിന്നും (ബഹുദൈവാരാധനയും ദീനില്‍ പഠിപ്പിക്കപ്പെടാത്ത പുത്തനാചാരങ്ങളും) മുക്തമായ ശുദ്ധമായ തൗഹീദ് ഇല്ലാതെ ചെയ്യുന്ന യാതൊരു കർമ്മവും അല്ലാഹു സ്വീകരിക്കുകയില്ല. അല്ലാഹു പറയുന്നു:

فَمَنْ كَانَ يَرْجُو لِقَاءَ رَبِّهِ فَلْيَعْمَلْ عَمَلًا صَالِحًا وَلَا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا

“അതിനാൽ വല്ലവനും തന്റെ രക്ഷിതാവിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ സൽക്കർമ്മം ചെയ്യുകയും തന്റെ രക്ഷിതാവിനുള്ള ഇബാദത്തിൽ മറ്റാരെയും പങ്കുചേർക്കാതിരിക്കുകയും (ശിർക്ക് ചെയ്യാതിരിക്കുകയും) ചെയ്യട്ടെ.” (കഹ്ഫ്: 110)

കർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകാര്യമാകണമെങ്കിൽ രണ്ട് നിബന്ധനകൾ പാലിക്കപ്പെടണമെന്ന് ഈ ആയത്ത് വ്യക്തമാക്കുന്നു: ഒന്ന്, അത് സുന്നത്ത് അനുസരിച്ചുള്ള സൽക്കർമ്മമായിരിക്കണം; രണ്ട്, അത് യാതൊരുവിധ ശിർക്ക് കലരാത്ത ശുദ്ധമായ അഖീദയിൽ നിന്നുള്ളതായിരിക്കണം.

ശിർക്ക് കലർന്നാൽ കർമ്മങ്ങളെല്ലാം പൂർണ്ണമായി നശിച്ചുപോകുമെന്ന് അല്ലാഹു തന്റെ നബിമാരോട് വരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്:

وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ

“തീർച്ചയായും താങ്കള്‍ക്കും താങ്കള്‍ക്ക് മുൻപുള്ളവർക്കും ഇപ്രകാരം വഹ്‌യ് നൽകപ്പെട്ടിരിക്കുന്നു: നിങ്ങള്‍ (അല്ലാഹുവില്‍ വല്ലതിനെയും) പങ്കുചേർക്കുന്ന പക്ഷം, തീർച്ചയായും നിങ്ങളുടെ കർമ്മങ്ങൾ പാഴായിപ്പോവുകയും നിങ്ങള്‍ നഷ്ടക്കാരിൽ ഉൾപ്പെടുകയും ചെയ്യുന്നതാണ്.” (സുമർ: 65)

فَاعْبُدِ اللَّهَ مُخْلِصًا لَهُ الدِّينَ ۝ أَلَا لِلَّهِ الدِّينُ الْخَالِصُ

“അതിനാൽ ദീൻ അല്ലാഹുവിന് മാത്രമായി നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ മാത്രം താങ്കള്‍ ഇബാദത്ത് ചെയ്യുക. അറിയുക! നിഷ്‌കളങ്കമായ കീഴ്‌വണക്കം അല്ലാഹുവിന് മാത്രമുള്ളതാണ്.” (സുമർ: 2-3)

ശുദ്ധമായ തൗഹീദ് -അഥവാ ഇഖ്‌ലാസ്- ഇല്ലാത്ത ഒരു കർമ്മവും അല്ലാഹു സ്വീകരിക്കുകയില്ലെന്നും, അഖീദയിൽ ശിർക്ക് കലർന്നാൽ ഒരാൾ ചെയ്ത സകല സൽകർമ്മങ്ങളും നിഷ്ഫലമായിപ്പോകുമെന്നും ഈ ആയത്തുകൾ വ്യക്തമായി നമ്മെ അറിയിക്കുന്നു.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: