1.1 അഖീദയുടെ അർത്ഥവും പ്രാധാന്യവും

എന്താണ് അഖീദ?

ഏതൊരു വ്യക്തിയുടെയും കർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതിനുള്ള സുപ്രധാനമായ അടിസ്ഥാന നിബന്ധനയാണ് അയാള്‍ക്ക് വിശുദ്ധമായ അഖീദ (العقيدة الصحيحة) അഥവാ കളങ്കമില്ലാത്ത വിശ്വാസം ഉണ്ടായിരിക്കണം എന്നത്. ഒരാള്‍ക്ക് എത്രയെല്ലാം ബാഹ്യമായ കർമ്മങ്ങളും പ്രവര്‍ത്തനങ്ങളും ഉണ്ടെങ്കിലും, അയാളുടെ ഉൾക്കരുത്തായ വിശ്വാസം തൗഹീദിൽ അധിഷ്ഠിതമല്ലെങ്കിൽ ആ കർമ്മങ്ങളെല്ലാം നിഷ്ഫലമായിത്തീരും.

എന്താണ് അഖീദ?

‘അൽ-അഖ്ദ്’ (العَقْد) എന്ന അറബി പദത്തിൽ നിന്നാണ് ‘അഖീദ’ എന്ന വാക്ക് നിഷ്പന്നമായിട്ടുള്ളത്. ഒരു വസ്തുവിനെ ബലമായി കെട്ടിയിടുക, ഉറപ്പിക്കുക എന്നെല്ലാമാണ് ഇതിന്റെ ഭാഷാർത്ഥം. മനസ്സിൽ യാതൊരുവിധ സംശയങ്ങൾക്കും ഇടമില്ലാത്തവിധം ഉറപ്പിച്ചു വിശ്വസിക്കുന്ന ബോധ്യങ്ങളെയാണ് ഭാഷാപരമായി ‘അഖീദ’ എന്ന് വിളിക്കുന്നത്.

അല്ലാഹുവിലും അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും അവന്റെ നബിമാരിലും അന്ത്യദിനത്തിലും അല്ലാഹുവിന്റെ ഖദ്‌റിലും (അതിന്റെ നന്മയിലും തിന്മയിലും) ഉള്ള ദൃഢമായ വിശ്വാസത്തിനാണ് ഇസ്‌ലാമികമായി അഖീദ എന്ന് പറയുന്നത്. ഇവയാണ് ഇസ്‌ലാമിലെ ഈമാൻ കാര്യങ്ങൾ (أَرْكَانُ الإِيمَانِ) എന്നറിയപ്പെടുന്നത്.

ഇസ്‌ലാമിക ശരീഅത്തിനെ പൊതുവായി രണ്ട് ഭാഗങ്ങളായി തിരിക്കാം:

  1. വിശ്വാസപരമായ കാര്യങ്ങൾ (الاعتقاديات): കർമ്മങ്ങളുടെ രൂപവുമായി നേരിട്ട് ബന്ധമില്ലാത്തതും ഹൃദയം കൊണ്ട് സ്ഥിരീകരിക്കേണ്ടതുമായ കാര്യങ്ങളാണിവ. അല്ലാഹുവിന്റെ റുബൂബിയ്യത്തിലും (അല്ലാഹു മാത്രമാണ് സ്രഷ്ടാവും നിയന്തകനുമായ ഏകറബ്ബ് എന്ന വിശ്വാസം), അവന് മാത്രം ഇബാദത്തുകൾ അർപ്പിക്കണമെന്ന ഉലൂഹിയ്യത്തിലും, മുൻപ് പരാമർശിച്ച ഈമാൻ കാര്യങ്ങളിലും വിശ്വസിക്കുന്നത് ഈ പറഞ്ഞതില്‍ ഉള്‍പ്പെടുന്നു. ഇവയാണ് ദീനിന്റെ അടിസ്ഥാനം.
  2. കർമ്മപരമായ കാര്യങ്ങൾ (العمليات): നിസ്കാരം, സകാത്ത്, നോമ്പ്, ഹജ്ജ് തുടങ്ങിയ കർമ്മങ്ങളുടെ രൂപങ്ങള്‍, വിധിവിലക്കുകള്‍ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണിവ. ഇവയെ ദീനിന്റെ ശാഖകൾ (فرعية) എന്ന് വിളിക്കുന്നു. കാരണം, ഈ കർമ്മങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകരിക്കപ്പെടുമോ ഇല്ലയോ എന്നത് അവയുടെ അടിസ്ഥാനമായ അഖീദ ശരിയാണോ അല്ലേ എന്നതിനെ ആശ്രയിച്ചാണ് നിശ്ചയിക്കപ്പെടുക.

<

p style=”color: #666; font-size: 0.95em;”>[അഖീദതുത് തൗഹീദ് – ശൈഖ് സ്വാലിഹ് അൽ ഫൗസാൻ]

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: