തൗഹീദിന്റെ പ്രാധാന്യവും ഗൗരവവും, സ്വര്‍ഗ പ്രവേശനത്തിനും നരകമോചനത്തിനും തൗഹീദ് നിര്‍ബന്ധമാണെന്നതും മനസ്സിലാക്കിയ ഏതൊരാള്‍ക്കും തൗഹീദിലേക്ക് ക്ഷണിക്കേണ്ടതിന്റെ പ്രാധാന്യവും ആവശ്യകതയും മനസ്സിലാകും. ആദമിന്റെ സന്തതികളായ, തന്നെ പോലെ ബുദ്ധിയും വിവേകവുമുള്ള മനുഷ്യര്‍ തൗഹീദ് സ്വീകരിക്കുകയും അതില്‍ മരണപ്പെടുകയും ചെയ്യണമെന്നതാകട്ടെ; നമ്മുടെ ദീനിന്റെ പരമപ്രധാന അടിസ്ഥാനങ്ങളിലൊന്നായ ഗുണകാംക്ഷയില്‍ പെട്ടതുമാണ്. നബി -ﷺ- പറഞ്ഞില്ലേ?!
«الدِّينُ النَّصِيحَةُ»
“ദീന് (ഇസ്ലാം മതം) എന്നാല്‍ ഗുണകാംക്ഷയാണ്.” (മുസ്ലിം: 55)
അതു കൊണ്ട് തന്നെ തൗഹീദിലേക്ക് –അല്ലാഹുവിലേക്കും അവനെ ഏകാനാക്കുന്നതിലേക്കും- ക്ഷണിക്കുക എന്നതിനെക്കാള്‍ മഹത്തരമായ മറ്റൊരു കര്‍മ്മവുമില്ല.
وَمَنْ أَحْسَنُ قَوْلًا مِّمَّن دَعَا إِلَى اللَّـهِ وَعَمِلَ صَالِحًا وَقَالَ إِنَّنِي مِنَ الْمُسْلِمِينَ ﴿٣٣﴾
“അല്ലാഹുവിലേക്ക് ക്ഷണിക്കുകയും, (നബി -ﷺ- പഠിപ്പിച്ചു തന്ന) സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, ഞാന്‍ മുസ്ലിമീങ്ങളില്‍ പെട്ടവനാണ് എന്നു പറയുകയും ചെയ്തവനെക്കാള്‍ നല്ല വാക്ക് പറഞ്ഞവന് മറ്റാരുണ്ട്?” (ഫുസ്സ്വിലത്: 33)
മേല്‍ പറഞ്ഞ ആയത്തില്‍ പരാമര്‍ശിക്കപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നല്ല മനുഷ്യരുടെ അടയാളമാണ്. അതു കൊണ്ടാണല്ലോ മനുഷ്യര്‍ക്കിടയില്‍ ഏറ്റവും നല്ലവരായ നബിമാരും റസൂലുകളും അല്ലാഹുവിലേക്ക് ക്ഷണിക്കുന്നവരും മരണം വരെ അനേകം ത്യാഗങ്ങള്‍ സഹിച്ചും അതില്‍ നിലകൊള്ളുന്നവരുമായത്.
وَلَقَدْ بَعَثْنَا فِي كُلِّ أُمَّةٍ رَّسُولًا أَنِ اعْبُدُوا اللَّـهَ وَاجْتَنِبُوا الطَّاغُوتَ ۖ
“അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്നും, (അല്ലാഹുവിന് പുറമേ ആരാധിക്കപ്പെടുന്ന) ത്വാഗൂതുകളെ വെടിയണമെന്നും (പ്രബോധനം ചെയ്യുന്നതിന് വേണ്ടി) എല്ലാ സമൂഹത്തിലേക്കും നാം റസൂലുകളെ നിയോഗിച്ചിട്ടുണ്ട്.” (നഹ്ല്: 36)
وَمَا أَرْسَلْنَا مِن قَبْلِكَ مِن رَّسُولٍ إِلَّا نُوحِي إِلَيْهِ أَنَّهُ لَا إِلَـٰهَ إِلَّا أَنَا فَاعْبُدُونِ ﴿٢٥﴾
“ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല; അതിനാല്‍ എന്നെ നിങ്ങള്‍ ആരാധിക്കൂ എന്ന് ബോധനം നല്കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല.” (അമ്പിയാഅ: 25)
നമ്മുടെ നബിയായ മുഹമ്മദ് -ﷺ- യാകട്ടെ; അവിടുത്തെ പ്രബോധനം ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്തത് തൗഹീദിനെ കൊണ്ടായിരുന്നു. മക്കയില്‍ തന്റെ പ്രബോധനത്തിന്റെ ആദ്യ കാലഘട്ടങ്ങളില്‍ അവിടുന്ന് പറഞ്ഞു കൊണ്ടിരുന്നു.
«يَا أَيُّهَا النَّاسُ! قُولُوا لَا إِلَهَ إِلَّا اللَّهُ تُفْلِحُوا»
“അല്ലയോ ജനങ്ങളേ! നിങ്ങള്‍ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് പറയുക! നിങ്ങള്‍ക്ക് വിജയിക്കാം.” (അഹ്മദ്: 16023)
മരണക്കിടക്കയില്‍, കടുത്ത വേദനയും ക്ഷീണവും അനുഭവിക്കവെ; അവിടുന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞു കൊണ്ടിരുന്നു:
«لَعْنَةُ اللَّهِ عَلَى اليَهُودِ وَالنَّصَارَى! اتَّخَذُوا قُبُورَ أَنْبِيَائِهِمْ مَسَاجِدَ»
“യഹൂദ-നസ്വാറാക്കള്‍ക്ക് മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടാകട്ടെ; അവര്‍ അവരുടെ നബിമാരുടെ ഖബറുകളെ ആരാധനാ കേന്ദ്രങ്ങളാക്കി.” (ബുഖാരി: 3453, മുസ്ലിം: 531)
നോക്കൂ! അവിടുത്തെ പ്രബോധനത്തിന്റെ ആരംഭവും അവസാനവുമെല്ലാം തൗഹീദിലായിരുന്നു. നബി -ﷺ- മുആദ് ബ്നു ജബല്‍ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് പ്രബോധകനായി പറഞ്ഞയക്കുമ്പോള്‍ അദ്ദേഹത്തെ ഉപദേശിച്ചു:
«يَا مُعَاذُ! إِنَّكَ تَأْتِي قَوْمًا مِنْ أَهْلِ الكِتَابِ، فَلْيَكُنْ أَوَّلَ مَا تَدْعُوهُمْ إِلَيْهِ شَهَادَةُ أَنْ لَا إِلَهَ إِلَّا اللَّهُ»
“ഹേ മുആദ്! വേദക്കാരുടെ നാട്ടിലേക്കാണ് നീ പോകുന്നത്. നീ അവരെ ആദ്യം ക്ഷണിക്കുന്നത് തൗഹീദിലേക്ക് ആകട്ടെ.” (ബുഖാരി: 7372, മുസ്ലിം: 19)
നന്മകള് കല്‍പ്പിക്കുകയും തിന്മകള് വിരോധിക്കുകയും ചെയ്യുന്നത് തന്നെ ഇസ്ലാമില്‍ വളരെ പ്രശംസിക്കപ്പെട്ട പ്രവര്‍ത്തനമാണ്. അപ്പോള്‍ നന്മകളില് ഏറ്റവും മഹത്തരമായ തൗഹീദിലേക്ക് ക്ഷണിക്കുകയും, ശിര്കില് നിന്ന് വിലക്കുകയും ചെയ്യുന്നതിന് ഇസ്ലാമില്‍ എന്തു മാത്രം സ്ഥാനമുണ്ടായിരിക്കും?!
മദ്യം വര്‍ജിക്കണമെന്നും, അനര്‍ഹമായി സമ്പാദിക്കരുതെന്നും, നല്ല സ്വഭാവ-സംസ്കാരങ്ങള്‍ വെച്ചു പുലര്‍ത്തണമെന്നും, നിസ്കാരവും നോമ്പും സകാത്തും ശ്രദ്ധിക്കണമെന്നുമെല്ലാം പറയുന്നത് വളരെ വലിയ നന്മ തന്നെ. എന്നാല്‍ ഈ പറഞ്ഞതെല്ലാം അല്ലാഹുവിങ്കല്‍ സ്വീകാര്യവും ഉപകാരപ്രദവുമായി തീരണമെങ്കില്‍ നിര്‍ബന്ധമായും പാലിച്ചിരിക്കേണ്ട നിബന്ധനയെ കുറിച്ച് –തൗഹീദുണ്ടായിരിക്കേണ്ടതിനെ കുറിച്ച്- എപ്പോഴും പറയുകയും പഠിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.
തൗഹീദീ പ്രബോധനത്തെ നിസ്സാരവല്‍ക്കരിക്കുകയോ, അതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കുകയോ, ശിര്‍ക്കില്‍ നിന്ന് ജനങ്ങളെ അകറ്റുന്നതും അതില്‍ നിന്ന് അവരെ താക്കീത് ചെയ്യുന്നതും പരുഷതയും ജനങ്ങളെ ഭിന്നിപ്പിക്കലുമാണ് എന്ന് പറയുകയോ ചെയ്യുന്നവരെ കണ്ടാല്‍ നീ മനസ്സിലാക്കുക; ഇസ്ലാമിന്റെ ശരിയായ പാതയിലല്ല അവര്‍ നിലകൊള്ളുന്നത്. തൗഹീദിലേക്ക് ക്ഷണിക്കുകയും, അതില്‍ നബി -ﷺ- യുടെ മാര്‍ഗം പിന്‍പറ്റുകയും, ക്ഷമയോടെ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നവരെ കണ്ടാല്‍ അവനില്‍ നീ പ്രതീക്ഷ വെക്കുക; നബി -ﷺ- അറിയിച്ച സത്യത്തിന്റെ കക്ഷികളില്‍ അവന് ഉള്‍പ്പെടാന്‍ വളരെ സാധ്യതയുണ്ട്!