അഖീദയുടെ അർത്ഥവും പ്രാധാന്യവും

റുബൂബിയ്യത്ത് മാത്രം അംഗീകരിച്ചാൽ ഒരാൾ മുസ്‌ലിമാവുകയില്ല

സൃഷ്ടിപ്പും പരിപാലനവും അല്ലാഹുവിനാണെന്ന് സമ്മതിച്ചതുകൊണ്ട് മാത്രം ഒരാൾ ‘മുവഹ്ഹിദ്’ (ഏകദൈവവിശ്വാസി) ആകുകയില്ല; മറിച്ച്, അവൻ തൗഹീദുൽ ഉലൂഹിയ്യഃ പൂർണ്ണമായി അംഗീകരിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യേണ്ടതുണ്ട്. കാരണം മനുഷ്യരെയും ജിന്നുകളെയും അല്ലാഹു സൃഷ്ടിച്ചതിന്റെ പരമമായ ലക്ഷ്യം തന്നെ ഉലൂഹിയ്യത്തിന്റെ സാക്ഷാത്കാരമാണ്. അല്ലാഹു പറയുന്നു:

وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ

“എന്നെ മാത്രം ഇബാദത്ത് ചെയ്യാൻ വേണ്ടിയല്ലാതെ ഞാൻ ജിന്നുകളെയും മനുഷ്യരെയും സൃഷ്ടിച്ചിട്ടില്ല.” (ദാരിയാത്: 56)

ഇവിടെ ‘എന്നെ ആരാധിക്കുവാൻ’ (يعبدون) എന്നതിന്റെ ഉദ്ദേശ്യം, ആരാധനയിൽ എന്നെ മാത്രം ഏകനാക്കുവാൻ (يُفردوني بالعبادة) എന്നാണ്. മക്കാ മുശ്‌രിക്കുകൾ പോലും അല്ലാഹു സ്രഷ്ടാവും അന്നദാതാവുമാണെന്ന് സമ്മതിച്ചിരുന്നവരാണ്. എന്നിട്ടും അവർ മുസ്‌ലിമായില്ല. അവർക്ക് അല്ലാഹുവാണ് സ്രഷ്ടാവ് എന്ന വിശ്വാസമുണ്ടായിരുന്നിട്ടും അല്ലാഹുവിന്റെ റസൂൽ -ﷺ- അവരോട് പോരാടുകയാണ് ചെയ്തത്. അവരുടെ ഈ വിശ്വാസത്തെക്കുറിച്ച് ഖുർആൻ വ്യക്തമാക്കുന്നു:

وَلَئِنْ سَأَلْتَهُمْ مَنْ خَلَقَهُمْ لَيَقُولُنَّ اللَّهُ

“ആരാണ് അവരെ സൃഷ്ടിച്ചതെന്ന് നീ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും: അല്ലാഹുവാണെന്ന്.» (സുഖ്റുഫ്: 87)

قُلْ مَنْ يَرْزُقُكُمْ مِنَ السَّمَاءِ وَالْأَرْضِ أَمَّنْ يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَنْ يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَنْ يُدَبِّرُ الْأَمْرَ فَسَيَقُولُونَ اللَّهُ

“ചോദിക്കുക: ആകാശത്തുനിന്നും ഭൂമിയിൽനിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയുടെയും കാഴ്ചകളുടെയും ഉടമസ്ഥൻ ആരാണ്? നിർജ്ജീവമായതിൽ നിന്ന് ജീവനുള്ളതിനെയും ജീവനുള്ളതിൽ നിന്ന് നിർജ്ജീവമായതിനെയും പുറപ്പെടുവിക്കുന്നത് ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ്? അവർ പറയും: അല്ലാഹുവാണെന്ന്.” (യൂനുസ്: 31)

അതുകൊണ്ട് തൗഹീദ് എന്നാൽ വെറും അല്ലാഹുവിന്റെ അസ്തിത്വം അംഗീകരിക്കലോ, അല്ലെങ്കിൽ അവൻ മാത്രമാണ് പ്രപഞ്ചസ്രഷ്ടാവ് എന്ന് സാക്ഷ്യപ്പെടുത്തലോ മാത്രമാണെന്ന് ആരെങ്കിലും വാദിച്ചാൽ, അവൻ നബിമാർ പ്രബോധനം ചെയ്ത യഥാർത്ഥ തൗഹീദിനെ മനസ്സിലാക്കിയിട്ടില്ല.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: