പ്രപഞ്ചത്തിലെ സൃഷ്ടികളെല്ലാം അതിന് നിശ്ചയിക്കപ്പെട്ട ധർമ്മത്തിൽ നിന്ന് വ്യതിചലിക്കാതെ പ്രകൃത്യാ കീഴ്പെട്ടു പ്രവർത്തിക്കുന്നു. ഫിർഔൻ മൂസാ നബി -عَلَيْهِ السَّلَامُ- യോട് ചോദിച്ച ചോദ്യത്തിന് അദ്ദേഹം നൽകിയ മറുപടിയിൽ ഇക്കാര്യം വിവരിക്കപ്പെട്ടിട്ടുണ്ട്; അല്ലാഹു പറയുന്നു
“ഫിർഔൻ ചോദിച്ചു: മൂസാ, അപ്പോൾ നിങ്ങളുടെ രക്ഷിതാവ് ആരാണ്? മൂസാ പറഞ്ഞു: ഓരോ വസ്തുവിനും അതിന് അനുയോജ്യമായ ഘടന നൽകുകയും, തുടർന്ന് അതിന് മാർഗ്ഗദർശനം നൽകുകയും ചെയ്തവനാരോ അവനാണ് ഞങ്ങളുടെ രക്ഷിതാവ്.” (ത്വാഹാ: 49-50).
ഓരോ ജീവിക്കും അതിന്റെ വലിപ്പത്തിനും ജീവധർമ്മത്തിനും ഇണങ്ങുന്ന ഉചിതമായ രൂപവും അവയവങ്ങളും നൽകുകയും ജീവസന്ധാരണത്തിനുള്ള മാർഗ്ഗങ്ങൾ പഠിപ്പിച്ചു നൽകുകയും ചെയ്തവൻ അല്ലാഹുവാണ്. മിണ്ടാപ്രാണികളായ ജീവികൾക്ക് പോലും തങ്ങൾക്ക് ഉപകാരപ്പെടുന്നത് കണ്ടെത്താനും ഉപദ്രവങ്ങളിൽ നിന്ന് രക്ഷപ്പെടാനും ആവശ്യമായ വിവേചനബോധം നൽകപ്പെട്ടിരിക്കുന്നു.
ഇപ്രകാരം സർവ്വ സൃഷ്ടികളെയും കൃത്യമായ ലക്ഷ്യത്തോടെ സൃഷ്ടിച്ച് പരിപാലിക്കുന്നവൻ മാത്രമാണ് യഥാർത്ഥ റബ്ബ് (പരിപാലകൻ). അവനെ നിഷേധിക്കുന്നത് ഏറ്റവും കടുത്ത സത്യനിഷേധവും അഹങ്കാരവുമാണ്.
ഇപ്രകാരം അല്ലാഹു മാത്രമാണ് സർവ്വതിനെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവൻ എന്നും അവന് ഇക്കാര്യങ്ങളിലൊന്നും പങ്കുകാരില്ലെന്നുമുള്ള വിശ്വാസമാണ് തൗഹീദിന്റെ ആരംഭ പാഠങ്ങളിലൊന്ന്. ഇതിനാണ് തൗഹീദുർ റുബൂബിയ്യഃ എന്നു പറയുന്നത്.
എന്നാൽ ഈ വിഷയം -സൃഷ്ടിപ്പിലും നിയന്ത്രണത്തിലും അല്ലാഹു മാത്രമാണ് ഏകൻ എന്ന കാര്യം- പൊതുവെ മനുഷ്യരിൽ ബഹുഭൂരിപക്ഷവും അംഗീകരിക്കുന്ന കാര്യമാണ്. അല്ലാഹു മാത്രമാണ് ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് എന്ന ഈ പ്രാഥമിക സത്യം തെളിയിക്കുന്നതിന്റെ പിന്നിൽ നമുക്കുള്ള പരമപ്രധാനമായ ലക്ഷ്യം, ആരാധനകൾ മുഴുവൻ അവന് മാത്രമായി സമർപ്പിക്കപ്പെടണം എന്നും, അവനല്ലാതെ മറ്റൊരു ആരാധ്യനില്ല എന്നും സ്ഥാപിക്കലാണ്.
ഒരാൾ അല്ലാഹുവിനെ സ്രഷ്ടാവും രക്ഷിതാവുമായി അംഗീകരിച്ചാലും, അവന് മാത്രം ഇബാദത്തുകൾ അർപ്പിക്കുക എന്ന ഈ രണ്ടാമത്തെ അടിസ്ഥാനം പാലിക്കുന്നില്ലെങ്കിൽ അവൻ ഒരിക്കലും മുസ്ലിമോ മുഅ്മിനോ മുവഹ്ഹിദോ ആകുകയില്ല; മറിച്ച്, അല്ലാഹുവാണ് സർവ്വതിന്റെയും സ്രഷ്ടാവ് എന്ന് സംശയമേതുമില്ലാതെ അംഗീകരിക്കുന്നുവെങ്കിലും ഒരാൾ അല്ലാഹുവല്ലാത്തവർക്ക് ഇബാദത്തുകൾ സമർപ്പിക്കുകയും അല്ലാഹുവല്ലാത്തവരോട് പ്രാർത്ഥനകൾ നിർവ്വഹിക്കുകയും ചെയ്യുന്നുവെങ്കിൽ അവൻ തനിച്ച കാഫിറും മുശ്രിക്കുമാണ്. അവനെ ഒരിക്കലും മുസ്ലിമായി ഗണിക്കുക സാധ്യമല്ല.
