പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും നിയന്താവും അല്ലാഹു മാത്രമാണെന്ന് ഒരാൾ അംഗീകരിച്ചുകഴിഞ്ഞാൽ, സർവ്വവിധ ആരാധനകൾക്കും ഇബാദത്തുകൾക്കും അർഹൻ അവൻ മാത്രമാണെന്ന കാര്യം കൂടെ അതിനോടൊപ്പം അംഗീകരിക്കാതെ അവന് മുൻപിൽ മറ്റൊരു വഴിയില്ല. കാരണം, സൃഷ്ടികർത്താവും പരിപാലകനുമായ രക്ഷിതാവ് മാത്രമേ ആരാധിക്കപ്പെടുവാൻ അർഹനാകൂ; തൗഹീദുർ റുബൂബിയ്യഃ എന്നത് തൗഹീദുൽ ഉലൂഹിയ്യത്തിലേക്കുള്ള ഏറ്റവും വലിയ തെളിവും മാർഗ്ഗവുമാണ്.
അതിനാൽ, അല്ലാഹുവല്ലാതെ മറ്റൊരു സ്രഷ്ടാവോ ഉപജീവനം നൽകുന്നവനോ പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവനോ ഇല്ലെന്ന് സമ്മതിക്കുന്ന ഏതൊരാളും പ്രാർത്ഥനയും സഹായാഭ്യർത്ഥനയും ഭരമേല്പിക്കലും ബലിയർപ്പിക്കലും നേർച്ചകൾ നേരലും അടക്കമുള്ള എല്ലാ ഇബാദത്തുകളും അല്ലാഹുവല്ലാത്തവർക്ക് സമർപ്പിക്കാൻ പാടില്ലെന്ന് നിർബന്ധമായും അംഗീകരിക്കേണ്ടതുണ്ട്. ‘ഇലാഹ്’ (الإله) എന്ന അല്ലാഹുവിന്റെ നാമത്തിന്റെ അർത്ഥം തന്നെ യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ എന്നാകുന്നു. അതിനാൽ റുബൂബിയ്യത്ത് അംഗീകരിക്കുന്നവൻ ഉലൂഹിയ്യത്തും പൂർണ്ണമായി പാലിക്കാൻ ബാധ്യസ്ഥനാണ്.
ഇതു കൊണ്ടാണ്, അല്ലാഹുവിന് മാത്രം ഇബാദത്തുകൾ സമർപ്പിക്കാൻ വിസമ്മതിച്ചിരുന്ന മക്കയിലെ മുശ്രിക്കുകൾക്കെതിരെ അല്ലാഹു ഖുർആനിൽ നിരന്തരം തെളിവുദ്ധരിച്ചത് അവർ തന്നെ സമ്മതിച്ചിരുന്ന തൗഹീദുർ റുബൂബിയ്യത്തിനെ മുൻനിർത്തിക്കൊണ്ടാണ്. അല്ലാഹു അരുളിച്ചെയ്യുന്നു:
“ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ മാത്രം നിങ്ങൾ ആരാധിക്കുക; നിങ്ങൾ ദോഷബാധയെ ഭയപ്പെട്ട് ജീവിക്കുവാൻ വേണ്ടിയത്രെ ഇത്. നിങ്ങൾക്ക് അവൻ ഭൂമിയെ ഒരു വിരിപ്പും ആകാശത്തെ ഒരു മേൽക്കൂരയുമാക്കിത്തന്നു. ആകാശത്തുനിന്ന് അവൻ വെള്ളം ചൊരിഞ്ഞുതരികയും, അത് മുഖേന നിങ്ങൾക്ക് ഉപജീവനത്തിനായി കായ്കനികൾ ഉൽപാദിപ്പിച്ചു തരികയും ചെയ്തു. അതിനാൽ അറിഞ്ഞുകൊണ്ട് നിങ്ങൾ അല്ലാഹുവിന് സമന്മാരെ ഉണ്ടാക്കരുത്.” (ബഖറഃ: 21-22)
ഇവിടെ “നിങ്ങൾ ആരാധിക്കുവിൻ” എന്ന കൽപ്പനയിലൂടെ അല്ലാഹു ആവശ്യപ്പെടുന്നത് തൗഹീദുൽ ഉലൂഹിയ്യത്താണ്. അതിന് തെളിവായി അവൻ എടുത്തുപറഞ്ഞത് മനുഷ്യരെ സർവ്വരെയും സൃഷ്ടിച്ചതും ആകാശഭൂമികൾ നിർമ്മിച്ചതും മഴ പെയ്യിക്കുന്നതും, സസ്യലതാദികൾ മുളപ്പിക്കുന്നതുമെല്ലാം അല്ലാഹുവാണ് എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടാണ്; അവയെല്ലാം തൗഹീദുർ റുബൂബിയ്യത്തിന്റെ ഭാഗമായ കാര്യങ്ങളാണ്. അതിനാൽ ഈ പറഞ്ഞ കാര്യങ്ങളൊന്നും ചെയ്യാൻ കഴിവില്ലാത്ത ഒന്നിനെയും അല്ലാഹുവിന് പങ്കാളികളാക്കാൻ പാടില്ലെന്ന് മനുഷ്യരെ അല്ലാഹു ബോധ്യപ്പെടുത്തുന്നു.
മനുഷ്യന്റെ പ്രകൃതവും ഈ പറഞ്ഞ കാര്യം അംഗീകരിക്കുന്നുണ്ട്; അവന്റെ പ്രകൃതം ആദ്യം ബന്ധപ്പെടുന്നത് തന്നെ സൃഷ്ടിച്ചവനിലേക്കാണ്. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന ആ രക്ഷിതാവിലേക്ക് അടുക്കുവാനും അവന്റെ പ്രീതി സമ്പാദിക്കുവാനുമുള്ള വഴികൾ തേടുന്ന നിലയിലാണ് അവന്റെ മനസ്സും ഹൃദയവും സംവിധാനിക്കപ്പെട്ടിട്ടുള്ളത്.
അതിനാൽ റുബൂബിയ്യത്ത് എന്നത് ഉലൂഹിയ്യത്തിലേക്കുള്ള കവാടമാണ്. മക്കയിലെ മുശ്രിക്കുകളോട് ഈ ക്രമത്തിൽ പ്രബോധനം നടത്താൻ അല്ലാഹു നബി -ﷺ- യോട് കൽപ്പിച്ചത് ഇതിനാലാണ്. അവരെ പടച്ചവൻ അല്ലാഹുവാണെന്ന് അവർ അംഗീകരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക; ശേഷം എന്തു കൊണ്ട് അവനെ മാത്രം നിങ്ങൾ ആരാധിക്കുന്നില്ലെന്ന് അവരോട് ചോദ്യമുന്നയിക്കുക. അല്ലാഹു പറഞ്ഞത് നോക്കൂ:
“(നബിയേ,) ചോദിക്കുക: ഭൂമിയും അതിലുള്ളവരും ആരുടേതാണ്? നിങ്ങൾക്കറിയാമെങ്കിൽ പറയൂ! അവർ പറയും: അല്ലാഹുവിന്റേതാണ്. പറയുക: എന്നാൽ നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുന്നില്ലേ? ചോദിക്കുക: ഏഴു മാനങ്ങളുടെ രക്ഷിതാവും മഹത്തായ സിംഹാസനത്തിന്റെ നാഥനും ആരാണ്? അവർ പറയും: അല്ലാഹുവിനാണ് (ആ അധീശത്വം). പറയുക: എന്നാൽ നിങ്ങൾ ഭയപ്പെടുന്നില്ലേ? ചോദിക്കുക: സർവ്വ വസ്തുക്കളുടെയും ആധിപത്യം ആരുടെ കയ്യിലാണ്? അവൻ അഭയം നൽകുന്നു, അവനെതിരായി ആർക്കും അഭയം നൽകപ്പെടുകയുമില്ല. നിങ്ങൾക്കറിയാമെങ്കിൽ പറയൂ! അവർ പറയും: അല്ലാഹുവിനാണ്. പറയുക: എന്നിട്ടും നിങ്ങൾ എങ്ങനെയാണ് വഞ്ചിക്കപ്പെടുന്നത്?” (മുഅ്മിനൂൻ: 84-89)
മറ്റൊരു വചനത്തിൽ അല്ലാഹു പറയുന്നു:
“അവനത്രെ നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ യാതൊരു ആരാധ്യനുമില്ല. മുഴുവൻ വസ്തുക്കളുടെയും സ്രഷ്ടാവാണവൻ. അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുവിൻ.” (അൻആം: 102)
താൻ മാത്രമാണ് സർവ്വതിന്റെയും സ്രഷ്ടാവ് എന്ന റുബൂബിയ്യത്തിലെ ഏകത്വം മുൻനിർത്തി കൊണ്ട്, ആരാധനകളും ഇബാദത്തുകളും തനിക്ക് മാത്രമായി സമർപ്പിക്കണമെന്ന ഉലൂഹിയ്യത്തിലേക്ക് അല്ലാഹു ക്ഷണിക്കുന്നതാണ് ഈ ആയത്തിലുമുള്ളത്.
