ആമുഖങ്ങൾ

പ്രബോധനവും സൽസ്വഭാവവും

അല്ലാഹുവിലേക്കുള്ള പ്രബോധനം സ്വീകരിക്കപ്പെടാനുള്ള ഏറ്റവും ഫലപ്രദവും ശക്തവുമായ മാർഗം പ്രബോധകനിൽ ഉദാത്തമായ സൽസ്വഭാവം ഉണ്ടായിരിക്കുക എന്നതാണ്. കേവല വാദപ്രതിവാദങ്ങൾ കൊണ്ടോ തർക്കങ്ങളിലൂടെയോ മാത്രമാണ് ജനങ്ങൾ ഇസ്‌ലാമിലേക്ക് കടന്നുവരുന്നത് എന്ന് ധരിക്കുന്നത് വലിയ അബദ്ധമാണ്. ജനങ്ങളിൽ ഭൂരിഭാഗവും ഈ ദീനിലേക്ക് കടന്നുവന്നത് മുസ്‌ലിമീങ്ങൾ പുലർത്തിയ ഉന്നതമായ സദാചാരമൂല്യങ്ങളും, പ്രബോധകന്മാരുടെ സ്വഭാവഗുണങ്ങളും നേരിൽ കണ്ടറിഞ്ഞപ്പോഴാണ്.

അല്ലാഹുവിന്റെ സന്ദേശം വന്നെത്തുന്നതിന് മുൻപ് തന്നെ നബി -ﷺ- യുടെ സ്വഭാവമഹിമ ഖുറൈശികളെ വിസ്മയിപ്പിച്ചിരുന്നു എന്നതിന് അവിടുത്തെ ചരിത്രം തന്നെ ഏറ്റവും വലിയ സാക്ഷ്യമാണ്. സത്യസന്ധനും വിശ്വസ്തനുമായ ‘അൽ-അമീൻ’ എന്നായിരുന്നു അവർ അവിടുത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. ഇസ്‌ലാമിക പ്രബോധനത്തിന്റെ ആരംഭഘട്ടത്തിൽ അവിടുത്തെ സ്വഭാവഗുണമാണ് നബി -ﷺ- യുടെ സത്യസന്ധതയ്ക്കുള്ള അടിത്തറയായി മാറിയത്.

عَنِ ابْنِ عَبَّاسٍ رَضِيَ اللَّهُ عَنْهُمَا قَالَ: «لَمَّا نَزَلَتْ هَذِهِ الآيَةُ: {وَأَنذِرْ عَشِيرَتَكَ الأَقْرَبِينَ} قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَرَأَيْتَكُمْ لَوْ أَخْبَرْتُكُمْ أَنَّ خَيْلًا تَخْرُجُ بِسَفْحِ هَذَا الجَبَلِ أَكُنْتُمْ مُصَدِّقِيَّ؟ قَالُوا: مَا جَرَّبْنَا عَلَيْكَ كَذِبًا. قَالَ: فَإِنِّي نَذِيرٌ لَكُمْ بَيْنَ يَدَيْ عَذَابٍ شَدِيدٍ»

ഇബ്‌നു അബ്ബാസ് (റമാ) നിവേദനം : “’താങ്കളുടെ ഏറ്റവും അടുത്ത കുടുംബാംഗങ്ങൾക്ക് താക്കീത് നൽകുക’ (ശുഅറാഅ്: 214) എന്ന ആയത്ത് അവതരിച്ചപ്പോൾ അല്ലാഹുവിന്റെ റസൂൽ -ﷺ- സ്വഫാ മലമുകളിൽ കയറി (ജനങ്ങളെ വിളിച്ച് കൂട്ടിയ ശേഷം) ചോദിച്ചു: “ഈ മലയുടെ താഴ്‌വാരത്ത് ഒരു കുതിരപ്പട നിങ്ങളെ ആക്രമിക്കാൻ ഒരുങ്ങിനിൽക്കുന്നു എന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ എന്നെ വിശ്വസിക്കുമോ?” അവർ മറുപടി പറഞ്ഞു: ‘അതെ, താങ്കളിൽ നിന്ന് ഇതുവരെയും ഒരു കളവും ഞങ്ങൾ കേട്ടിട്ടില്ല.’ അപ്പോൾ നബി -ﷺ- പറഞ്ഞു: “എന്നാൽ അറിയുക: അതികഠിനമായ ശിക്ഷ വന്നെത്തുന്നതിന് തൊട്ടുമുമ്പ് നിങ്ങളിലേക്ക് നിയോഗിക്കപ്പെട്ട താക്കീതുകാരനാണ് ഞാൻ.” (ബുഖാരി: 4971, മുസ്‌ലിം: 208)

നബി -ﷺ- യുടെ ശത്രുക്കൾക്ക് പോലും അവിടുത്തെ സ്വഭാവശുദ്ധിയിൽ ഒരു പുഴുക്കുത്തും ആരോപിക്കാനുണ്ടായിരുന്നില്ല. ഏതൊരു ആദർശത്തിലേക്ക് ക്ഷണിക്കുന്ന വ്യക്തിയുടെ വാക്കുകളും സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കണമെങ്കിൽ, ആദ്യം അദ്ദേഹത്തിന്റെ സ്വഭാവവും പെരുമാറ്റവും സത്യസന്ധവും കളങ്കരഹിതവുമായിരിക്കണം എന്ന വലിയ പാഠം ഈ പറഞ്ഞതിലുണ്ട്.

ഇസ്‌ലാമിക ചരിത്രത്തിലുടനീളം മുസ്‌ലിംകളുടെ സ്വഭാവമേന്മകൾ കൊണ്ടുണ്ടായ ഈ ഫലം ദർശിക്കാൻ സാധിക്കും. ഇസ്‌ലാമിക സൈന്യങ്ങൾ ഒരിക്കൽ പോലും കടന്നുചെല്ലാത്ത വിദൂര നാടുകളിൽ ഈ പരിശുദ്ധ ദീൻ അതിവേഗം പടർന്നുപന്തലിച്ചത് അവിടങ്ങളിലെത്തിയ സച്ചരിതരായ മുസ്‌ലിം വ്യാപാരികളുടെയും യാത്രികരുടെയും സൽസ്വഭാവവും മാതൃകാപരമായ ജീവിതരീതിയും ജനങ്ങൾ കണ്ടുമനസ്സിലാക്കിയത് കൊണ്ടായിരുന്നു. എത്രയോ ജനസമൂഹങ്ങൾ ഒന്നടങ്കം തന്നെ ഇക്കാരണത്താൽ ഇസ്‌ലാമിലേക്ക് കൂട്ടമായി കടന്നുവന്നിട്ടുണ്ട്.

പ്രഭാഷണങ്ങളെക്കാൾ മഹത്തായ സ്വാധീനമാണ് ഒരു മുസ്‌ലിമിന്റെ പക്കൽ നിന്ന് സൽസ്വഭാവത്തിലൂന്നിയ ഒരു സൽപ്രവർത്തനം ജനങ്ങൾ കാണുമ്പോൾ സംഭവിക്കുക. കാരണം, ഒരു ആദർശത്തിലേക്ക് വാക്ക് കൊണ്ട് ക്ഷണിക്കുന്നവർക്ക് പലപ്പോഴും സ്ഥാപിത താല്പര്യങ്ങളും സ്വാർത്ഥ ലക്ഷ്യങ്ങളുമുണ്ടാകാൻ സാധ്യതയുണ്ട് എന്ന് ജനങ്ങൾ ധരിക്കാൻ സാധ്യതയുണ്ട്; അക്കാരണത്താൽ അവർ വാക്കുകളിൽ നിന്ന് അകന്നുപോയേക്കാം. എന്നാൽ ഉന്നതമായ സ്വഭാവഗുണങ്ങൾ മുറുകെപ്പിടിക്കുന്ന ഒരു വ്യക്തിയെ ജനങ്ങൾ ആത്മാർത്ഥമായി സ്നേഹിക്കും; അതിലൂടെ അവർ അവനെ വിലയിരുത്തുകയും അവൻ പ്രതിനിധീകരിക്കുന്ന ദീനിനെ അടുത്തറിയാൻ ആഗ്രഹിക്കുകയും ചെയ്യും.

അതിനാൽ, അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിക്കുന്ന ഓരോ പ്രബോധകനും തന്റെ വാക്ചാതുര്യം നന്നാക്കുന്നതിനേക്കാൾ കൂടുതൽ ശ്രദ്ധിക്കേണ്ടത് സ്വന്തം ഹൃദയശുദ്ധിയിലും സൽസ്വഭാവത്തിലുമാണ്. സഹജീവികളോടുള്ള കാരുണ്യവും വിട്ടുവീഴ്ചയും സത്യസന്ധതയും അമാനത്തുമെല്ലാം ഇസ്‌ലാമിക പ്രബോധനം സ്വീകരിക്കപ്പെടാനുള്ള സുപ്രധാനമായ കാരണങ്ങളാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: