ആമുഖങ്ങൾ

സൽസ്വഭാവങ്ങൾ സമൂഹങ്ങളെ നിലനിർത്തുന്ന ആണിക്കല്ല്

സൽസ്വഭാവങ്ങൾ പാലിക്കപ്പെടുന്നില്ലെങ്കിൽ മനുഷ്യസമൂഹത്തിന് നിലനിൽപ്പ് തന്നെയില്ല. വ്യക്തികൾക്കിടയിൽ സഹകരണവും സന്തോഷവും വളർത്തുന്ന സദാചാര മൂല്യങ്ങളില്ലാതെ ഒരു സമൂഹത്തിനും നിലനിൽക്കാനാവില്ല. കേവലം ഭൗതിക നേട്ടങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം നിലനിൽക്കുന്ന, -പാരത്രികമായ പ്രതിഫലങ്ങളെ കുറിച്ചൊന്നും വിശ്വസിക്കാത്ത ഒരു സമൂഹത്തിന് പോലും-, അതിന് നിലനിൽക്കാൻ കഴിയണമെങ്കിൽ പരസ്പരവിശ്വാസവും വിശ്വസ്തതയും പാലിച്ചേതീരൂ.

അതിനാൽ ഉത്തമ സ്വഭാവങ്ങൾ എന്നത് ഒരു സമൂഹത്തിനും ഒരിക്കലും ഒഴിവാക്കാനാവാത്ത അനിവാര്യതയാണ്. മനുഷ്യനെ മറ്റൊരു മനുഷ്യനുമായി ഇണക്കിച്ചേർക്കുന്ന ഈ ധാർമ്മിക കണ്ണികൾ നഷ്ടപ്പെട്ടാൽ, സമൂഹം ഭിന്നിക്കുകയും പരസ്പരം കലഹിക്കുകയും കൊള്ളയും കൊള്ളിവെപ്പും അവർക്കിടയിൽ വ്യാപകമാവുകയും ജീവിതം ദുസ്സഹമായിത്തീരുകയും ചെയ്യും.

പൂർണ്ണമായും സൽസ്വഭാവങ്ങൾ അവസാനിച്ചു പോയ ഒരു സമൂഹത്തിന്റെ അവസ്ഥയെക്കുറിച്ച് ചിന്തിച്ചു നോക്കൂ:

  • സത്യസന്ധത ഇല്ലായെങ്കിൽ: ആർക്ക് ആരെയാണ് വിശ്വസിക്കാനാവുക? എങ്ങനെയാണ് ഗുരുനാഥന്മാരുടെ വാക്കുകൾ സ്വീകരിക്കാൻ കഴിയുക; എങ്ങനെയാണ് അറിവുകൾ കൈമാറ്റം ചെയ്യപ്പെടുക?! ജനങ്ങളുടെ അവകാശങ്ങൾ എങ്ങനെയാണ് സംരക്ഷിക്കപ്പെടുക? ആരു പറയുന്നതാണ് വിശ്വസിക്കുക? ആരു പറയുന്നതാണ് തള്ളുകയും നിരസിക്കുകയും ചെയ്യുക?
  • വിശ്വസ്തത ഇല്ലായിരുന്നുവെങ്കിൽ: മനുഷ്യർ തമ്മിലുള്ള സഹവർത്തിത്വം എങ്ങനെ സാധ്യമാകും? ഒരു പൊതു തൊഴിലിടത്തിൽ ജനങ്ങൾക്ക് പരസ്പരം സഹകരിച്ചു പ്രവർത്തിക്കാൻ എങ്ങനെ കഴിയും? എങ്ങനെ പണം കൈമാറാൻ കഴിയും? എങ്ങനെ സമ്പത്ത് ഒരാളുടെ പക്കൽ വിശ്വസിച്ചേൽപ്പിക്കാൻ സാധിക്കും?
  • ധീരതയും നീതിയും കാരുണ്യവും ഇല്ലായിരുന്നുവെങ്കിൽ: അതിക്രമങ്ങളെയും അക്രമങ്ങളെയും ചെറുക്കാനുള്ള ധീരതയില്ലെങ്കിൽ.., നീതിയും കാരുണ്യവും തിന്മയെ നന്മ കൊണ്ട് തടുക്കാനുള്ള സന്നദ്ധതയും ഇല്ലെങ്കിൽ.., എങ്ങനെ മനുഷ്യർ ജീവിക്കും? ദുർബലരെ ആരു സംരക്ഷിക്കും? ശക്തരും ദുഷ്ടരുമായ കൂട്ടങ്ങളെ ആരു തടയും? 
  • സ്വാർത്ഥത വ്യാപകമായാൽ: സ്വാർത്ഥത മനുഷ്യരെ കീഴടക്കുകയും ത്യാഗവും ദാനധർമ്മങ്ങളും അവസാനിക്കുകയും ചെയ്താൽ എങ്ങനെ മനുഷ്യർ ജീവിക്കും? ദരിദ്രർ വഴിയോരങ്ങളിൽ പിടഞ്ഞു മരിക്കും. ദുർബലർ പിടിച്ചുയർത്താൻ കൈകൾ ലഭിക്കാതെ വീണുതന്നെ കിടക്കും.

മേൽ പറഞ്ഞ ഈ കാര്യം ചരിത്രപരമായ വസ്തുതയുമാണ്. ഒരു സമൂഹത്തിന്റെ കരുത്ത് അവരിലെ ഉന്നത സ്വഭാവങ്ങളുടെയും സംസ്കാരത്തിന്റെയും വളർച്ചയ്ക്കൊപ്പമാണ്. ഒരു ജനതയിൽ ധാർമ്മികതയുടെ തകർച്ച സംഭവിച്ചാൽ അവർ ഏറെ വൈകാതെ തകർന്നടിയുന്നതാണ്.

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: