ആമുഖങ്ങൾ

ഈമാനിന്റെ സ്വഭാവം!

ഇസ്‌ലാമിലെ സൽസ്വഭാവങ്ങൾ ഈമാനില്‍ നിന്നും ഇബാദത്തുകളില്‍ നിന്നും വേർപെട്ടുനിൽക്കുന്ന കേവലമായ അലങ്കാരമോ ബാഹ്യപ്രകടനമോ അല്ല; മറിച്ച്, പരിശുദ്ധമായ അഖീദയുടെയും ശരീഅത്തിന്റെയും വിശ്വാസത്തിന്റെയും കര്‍‌മ്മത്തിന്റെയും) ആത്മാവാണത്. ഇസ്‌ലാമിക അധ്യാപനങ്ങളെ ആഴത്തിൽ പരിശോധിക്കുന്ന ഏതൊരാൾക്കും സ്വഭാവഗുണങ്ങളും ദീനും തമ്മിലുള്ള ദൃഢവും ആഴമേറിയതുമായ ഈ ബന്ധം വ്യക്തമായി കാണാൻ സാധിക്കും.

ഖുർആനിൽ ഉടനീളം സത്യവിശ്വാസത്തെയും സൽകർമ്മങ്ങളെയും അല്ലാഹു പരസ്പരം ബന്ധിപ്പിച്ചു കൊണ്ടാണ് പറഞ്ഞിട്ടുള്ളത്. സൽസ്വഭാവമില്ലാത്ത അഖീദ എന്നത് തണലോ കായ്കനികളോ ഇല്ലാത്ത ഒരു വരണ്ട വൃക്ഷം പോലെയാണ്. ഹൃദയത്തിൽ ദൃഢമായ വിശ്വാസം വേരൂന്നിയ ഒരാളിൽ നിന്ന് സ്വാഭാവികമായും സദാചാരമൂല്യങ്ങളും സ്വഭാവശുദ്ധിയും സൽകർമ്മങ്ങളായി പുറത്തേക്ക് പ്രകടമാകും; കാരണം സത്യവിശ്വാസത്തിന്റെ സാക്ഷാത്കാരവും പ്രതീകവുമാണ് വിശിഷ്ടമായ സ്വഭാവഗുണങ്ങൾ.

ഇസ്‌ലാമിക ശരീഅത്തിനെ പൊതുവെ ആരാധനകൾ (ഇബാദാത്തുകൾ), ഇടപാടുകൾ (മുആമലാത്തുകൾ) എന്നിങ്ങനെ രണ്ടായി തിരിക്കാം. ഇവ രണ്ടും ഉന്നതമായ സ്വഭാവഗുണങ്ങളുമായി അത്യധികം ഇഴചേർന്നു കിടക്കുന്നു:

1. ഇബാദാത്തുകളുമായുള്ള ബന്ധം (ആരാധനാ കർമ്മങ്ങൾ)

ഒരു മുസ്‌ലിം അല്ലാഹു കൽപ്പിച്ച ആരാധനകളെ അതിന്റെ പരിപൂർണ്ണമായ രൂപത്തിൽ നിർവ്വഹിക്കുകയാണെങ്കിൽ, അത് അവനെ സൽസ്വഭാവങ്ങളിലേക്ക് നയിക്കുക തന്നെ ചെയ്യും. ഇസ്‌ലാമിലെ ഓരോ നിർബന്ധ കർമ്മങ്ങളും മനുഷ്യന്റെ മനസ്സിനെയും സ്വഭാവത്തെയും സംസ്കരിക്കുന്നതിനുള്ള മഹത്തായ പരിശീലനക്കളരികളാണ്.

ഉദാഹരണത്തിന് നിസ്കാരം; തിന്മകളിൽ നിന്നും മ്ലേച്ഛതകളിൽ നിന്നും തടയുക എന്നത് അതിന്റെ പ്രധാനപ്പെട്ട ഫലങ്ങളിലൊന്നാണ്. അല്ലാഹു പറയുന്നു:

وَأَقِمِ الصَّلَاةَ إِنَّ الصَّلَاةَ تَنْهَى عَنِ الْفَحْشَاءِ وَالْمُنْكَرِ

“നീ നിസ്കാരം നേരാവിധത്തിൽ നിലനിർത്തുക. തീർച്ചയായും നമസ്കാരം നീചവൃത്തിയിൽ നിന്നും നിഷിദ്ധമായ കാര്യങ്ങളിൽ നിന്നും തടയുന്നു.” (അൻകബൂത്ത്: 45)

കൃത്യമായ ഭക്തിയോടും നിഷ്കർഷയോടും കൂടി നിസ്കാരം നിലനിർത്തുന്നവർക്ക് തിന്മകളിൽ നിന്നും വിട്ടുനിൽക്കാനുള്ള ആത്മീയമായ കരുത്ത് ലഭിക്കുന്നു. നിസ്കാരം നിർവ്വഹിച്ചു കൊണ്ടിരിക്കുന്ന ഒരാളിൽ സ്വഭാവദൂഷ്യങ്ങൾ നിലനിൽക്കുന്നുവെങ്കിൽ അവന്റെ നിസ്കാരം അപൂർണ്ണമാണെന്നതിന്റെ സൂചനയാണത്.

മറ്റൊരു ഉദാഹരണമാണ് സകാത്ത്; മനസ്സിനെ ലുബ്ധതയിൽ നിന്നും സ്വാർത്ഥതയിൽ നിന്നും പിശുക്കിൽ നിന്നുമെല്ലാം ശുദ്ധീകരിക്കുകയും, ഹൃദയത്തിൽ കാരുണ്യം നിറയ്ക്കുകയും ചെയ്യുന്ന ഇബാദത്താണത്. അല്ലാഹു പറയുന്നു:

خُذْ مِنْ أَمْوَالِهِمْ صَدَقَةً تُطَهِّرُهُمْ وَتُزَكِّيهِمْ بِهَا

“(നബിയേ,) അവരുടെ സമ്പത്തിൽ നിന്ന് താങ്കൾ ദാനം സ്വീകരിക്കുക; അതവരെ അവരെ ശുദ്ധീകരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു.” (തൗബ: 103)

സകാത്ത് എന്നത് സാമ്പത്തികമായ വെറുമൊരു ബാധ്യത മാത്രമല്ല, മറിച്ച് ധനികന്റെ ഹൃദയത്തെ പിശുക്കിൽ നിന്നും ദുരഭിമാനത്തിൽ നിന്നും ശുദ്ധീകരിക്കുകയും സഹജീവികളോടുള്ള ദയയും ഗുണകാംക്ഷയും വളർത്തുകയും ചെയ്യുന്ന മഹത്തായ ആത്മീയ സംസ്കരണമാണ്.

നോമ്പിന്റെ കാര്യം നോക്കുക; ആത്മനിയന്ത്രണവും തഖ്‌വയും പരിശീലിപ്പിക്കുന്ന മഹത്തരമായ ഇബാദത്താണത്. അല്ലാഹു നോമ്പ് നിർബന്ധമാക്കിയതിനോടൊപ്പം പറഞ്ഞ അതിന്റെ ഗുണഫലം നോക്കൂ:

كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِنْ قَبْلِكُمْ لَعَلَّكُمْ تَتَّقُونَ

“നിങ്ങൾക്ക് മുൻപുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടതുപോലെ നിങ്ങൾക്കും നോമ്പ് നിർബന്ധമാക്കപ്പെട്ടിരിക്കുന്നു; നിങ്ങൾ തഖ്‌വയുള്ളവരാകുന്നതിന് വേണ്ടി.” (ബഖറ: 183)

നോമ്പിന്റെ യഥാർത്ഥ സത്ത സൽസ്വഭാവവും മര്യാദ നിറഞ്ഞ പെരുമാറ്റവുമാണെന്ന് നബി -ﷺ- യും വ്യക്തമാക്കിയിട്ടുണ്ട്; അവിടുന്ന് പറഞ്ഞു:

«مَن لَم يَدَعْ قَوْلَ الزُّورِ والعَمَلَ بِهِ فَلَيْسَ لِلَّهِ حَاجَةٌ فِي أَنْ يَدَعَ طَعَامَهُ وَشَرَابَهُ»

“ആരെങ്കിലും വ്യാജമായ വാക്കും അതനുസരിച്ചുള്ള പ്രവർത്തനവും ഉപേക്ഷിക്കുന്നില്ലെങ്കിൽ, അവൻ തന്റെ ഭക്ഷണവും പാനീയവും ഉപേക്ഷിക്കുന്നതിൽ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല.” (ബുഖാരി: 1903)

സാധാരണ ഗതിയിൽ അനുവദനീയമായ ഭക്ഷണവും വെള്ളവും പോലും നോമ്പിന്റെ പേരിൽ ഉപേക്ഷിക്കാൻ കഴിയുന്നവർക്ക്, നാവുകൊണ്ട് കളവും ചതിയും ഏഷണിയും പറയുന്നതിൽ നിന്നും, അവയവങ്ങൾ കൊണ്ട് അധർമ്മങ്ങൾ പ്രവർത്തിക്കുന്നതിൽ നിന്നും വിട്ടുനിൽക്കാൻ സാധിക്കേണ്ടതാണ്. ഈ സ്വഭാവസംസ്കരണം നേടിത്തരാത്ത പട്ടിണി നോമ്പിന്റെ ലക്ഷ്യം നേടിയിട്ടില്ല എന്നർത്ഥം.

ഇസ്‌ലാം കാര്യങ്ങളിലെ അഞ്ചാമത്തെ സ്തംഭമാണല്ലോ ഹജ്ജ്; ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും ഉന്നതമായ പരിശീലനമാണ് അതിലുമുള്ളത്. അല്ലാഹു പറയുന്നു:

الْحَجُّ أَشْهُرٌ مَعْلُومَاتٌ فَمَنْ فَرَضَ فِيهِنَّ الْحَجَّ فَلَا رَفَثَ وَلَا فُسُوقَ وَلَا جِدَالَ فِي الْحَجِّ وَمَا تَفْعَلُوا مِنْ خَيْرٍ يَعْلَمْهُ اللَّهُ وَتَزَوَّدُوا فَإِنَّ خَيْرَ الزَّادِ التَّقْوَى وَاتَّقُونِ يَا أُولِي الْأَلْبَابِ

“ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളാകുന്നു. ആ മാസങ്ങളില്‍ ആരെങ്കിലും ഹജ്ജ് കര്‍മ്മത്തില്‍ പ്രവേശിച്ചാല്‍ പിന്നീട് സ്ത്രീ-പുരുഷ സംസര്‍ഗമോ ദുര്‍വൃത്തിയോ വഴക്കോ ഹജ്ജിനിടയില്‍ പാടുള്ളതല്ല. നിങ്ങള്‍ ഏതൊരു സല്‍പ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്‌. (ഹജ്ജിനു പോകുമ്പോള്‍) നിങ്ങള്‍ യാത്രയ്ക്കുവേണ്ട വിഭവങ്ങള്‍ ഒരുക്കിപ്പോകുക. എന്നാല്‍ യാത്രയ്ക്കു വേണ്ട വിഭവങ്ങളില്‍ ഏറ്റവും ഉത്തമമായത് സൂക്ഷ്മതയാകുന്നു. ബുദ്ധിശാലികളേ, നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക.” (ബഖറ: 197)

ലക്ഷക്കണക്കിന് ആളുകൾ ഒത്തുകൂടുന്ന ഹജ്ജിന്റെ സന്ദർഭത്തിൽ പോലും അനാവശ്യ തർക്കങ്ങളിൽ നിന്നും മോശമായ സംസാരങ്ങളിൽ നിന്നും പിന്തിരിഞ്ഞ് പരസ്പര സഹിഷ്ണുതയോടെയും ഔദാര്യത്തോടെയും വർത്തിക്കാനാണ് ഇസ്‌ലാം കൽപ്പിക്കുന്നത്.

2. മുആമലാത്തുകളുമായുള്ള ബന്ധം (ഇടപാടുകൾ)

ഇസ്‌ലാമിക വിധിവിലക്കുകളിൽ, പരസ്പരമുള്ള സകലവിധ ഇടപാടുകളും നിലനിൽക്കുന്നത് വാക്കുകളിലും കർമ്മങ്ങളിലുമുള്ള നല്ല മര്യാദകൾക്ക് മേലാണ്. ക്രയവിക്രയങ്ങളും, കുടുംബജീവിതവും, അയൽപക്കബന്ധങ്ങളും, കരാറുകൾ പാലിക്കലും, വിശ്വസ്തത കാത്തുസൂക്ഷിക്കലും, സത്യസന്ധത പുലർത്തലും മറ്റു സകലവിധ സാമൂഹിക ഇടപാടുകളും ഇസ്‌ലാമിക നിയമങ്ങളിൽ പടുത്തുയർത്തപ്പെട്ടിരിക്കുന്നത് ഉത്തമ സ്വഭാവങ്ങളിൽ പൊതിഞ്ഞു കൊണ്ടാണ്. ഈ വിഷയത്തിലെ ഇസ്‌ലാമിക അധ്യാപനങ്ങളെ നിരീക്ഷിക്കുന്ന ഏതൊരാൾക്കും ഈ യാഥാർത്ഥ്യം അതീവ സ്പഷ്ടമായി ബോധ്യപ്പെടുന്നതാണ്.

അല്ലാഹു നാമേവരേയും ഉത്തമ സ്വഭാവഗുണങ്ങളുള്ളവരായി മാറ്റട്ടെ. (ആമീൻ)

നന്മ അറിയിക്കുന്നവന് പിന്‍പറ്റിയവരുടെ പ്രതിഫലവുമുണ്ട് - ഷെയര്‍ ചെയ്യുക: